ലാവോസിൽ ഗുഹക്കുള്ളിൽ 7 പേർ കുടുങ്ങിയിട്ട് അഞ്ച് ദിവസം; രക്ഷാപ്രവർത്തനത്തിനായി 'താം ലുവാങ്' ദുരന്തത്തിലെ തായ് മുങ്ങൽവിദഗ്ധരും
text_fieldsവിയന്റിയൻ: കനത്ത മഴയെയും ഉരുൾപൊട്ടലിനെയും തുടർന്ന് ലാവോസിലെ ഉൾക്കാട്ടിലുള്ള ഗുഹക്കുള്ളിൽ ഏഴ് പേർ കുടുങ്ങിയിട്ട് അഞ്ച് ദിവസം പിന്നിടുന്നു. മധ്യ ലാവോസിലെ സെയ്‌സോംബൂൺ പ്രവിശ്യയിലുള്ള ഈ ഗുഹക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനായി 2018ൽ തായ്‌ലൻഡിലെ ചിറ്റഗോങ് താം ലുങ് ഗുഹയിൽ കുടുങ്ങിയ 12 യുവ ഫുട്ബാൾ താരങ്ങളെയും അവരുടെ കോച്ചിനെയും രണ്ടാഴ്ചത്തെ പ്രയത്നത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപ്പെടുത്തിയ അതേ അന്താരാഷ്ട്ര ഡൈവിങ് സംഘമാണ് ഇപ്പോൾ ലാവോസിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഏഴംഗ സംഘം വന്യമൃഗങ്ങളെ വേട്ടയാടുന്നതിനും സ്വർണ്ണവും തിരയുന്നതിനുമായി ഗുഹക്കുള്ളിൽ പ്രവേശിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, പ്രദേശത്തുണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഗുഹയുടെ പ്രവേശന കവാടം പൂർണമായും അടഞ്ഞുപോവുകയായിരുന്നു.
തായ്‌ലൻഡിൽ നിന്നുള്ള സന്നദ്ധ രക്ഷാപ്രവർത്തക സംഘങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങൾ പ്രകാരം, ചെളിനിറഞ്ഞ വെള്ളം നിറഞ്ഞുകിടക്കുന്ന കടുത്ത ഇരുട്ടുള്ളതും ഇടുങ്ങിയതുമായ ഗുഹാപാതകളിലൂടെ ഇഴഞ്ഞാണ് രക്ഷാപ്രവർത്തകർ മുന്നോട്ട് നീങ്ങുന്നത്. ഗുഹക്കുള്ളിലേക്ക് നയിക്കുന്ന പ്രധാന തുരങ്കത്തിന് വെറും 60 സെന്റിമീറ്റർ മാത്രമാണ് ഉയരമുള്ളത്.
സ്ഥലത്തെത്തിയ വിദഗ്ധ സംഘം ഗുഹക്കുള്ളിലെ വെള്ളം പമ്പുകൾ ഉപയോഗിച്ച് പുറത്തേക്ക് കളയാനുള്ള ശ്രമത്തിലാണ്. പാതകൾ സങ്കീർണമല്ലെങ്കിലും ഗുഹക്കുള്ളിലെ സ്ഥലം വളരെ പരിമിതമാണെന്നും പാറകൾക്ക് കടുത്ത മൂർച്ചയുള്ളതാണെന്നും തായ് രക്ഷാപ്രവർത്തക സംഘമായ 'മെത്താ ധാം' ഓപ്പറേഷൻസ് തലവൻ കെങ്‌കാർഡ് ബോങ്കാവോങ് പറഞ്ഞു.
ഗുഹക്കുള്ളിൽ നിന്ന് ഇതുവരെ ജീവന്റെ ലക്ഷണങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും അകപ്പെട്ടവർ ജീവനോടെയിരിപ്പുണ്ടെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. അപകടസമയത്ത് ഗുഹയിൽ നിന്ന് രക്ഷപ്പെട്ട ഒരാളാണ് മറ്റുള്ളവർ വെള്ളം കയറാത്ത സുരക്ഷിതമായ ഉൾഭാഗത്താണ് ഉള്ളതെന്ന വിവരം നൽകിയത്. ഗുഹക്കുള്ളിൽ ആവശ്യത്തിന് വായു ഉള്ളതിനാൽ അവർ അതിജീവിക്കുമെന്നാണ് പ്രതീക്ഷ.
ഞായറാഴ്ച രാത്രിയോടെ സംഘം ഉണ്ടെന്ന് കരുതുന്ന സ്ഥലത്തിന് 40 മീറ്റർ അടുത്തെത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരുന്നു. എന്നാൽ, കനത്ത മഴയെ തുടർന്ന് ഒഴുക്കിൽപ്പെട്ടെത്തിയ ചെളിയും മണ്ണും പാത പൂർണമായും തടസ്സപ്പെടുത്തിയതിനെ തുടർന്ന് താൽക്കാലികമായി പിൻവാങ്ങേണ്ടി വന്നു. 50 സെന്റിമീറ്റർ മാത്രം വീതിയുള്ള ഈ വഴിയിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
2018ലെ തായ്‌ലൻഡ് ഗുഹാ ദുരന്തത്തിൽ നിർണായക പങ്കുവഹിച്ച ഫിൻലൻഡ് സ്വദേശിയായ മിഖോ പാസി, തായ് മുങ്ങൽവിദഗ്ധൻ നൊറാസെഡ് പലാസിങ് എന്നിവരും തിങ്കളാഴ്ച ലാവോസിലെ രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്നിട്ടുണ്ട്. കനത്ത പർവതനിരകളിലൂടെ 5 കിലോമീറ്ററോളം നടന്നുമാത്രമേ ഈ ഗുഹാ സമുച്ചയത്തിൽ എത്താൻ സാധിക്കൂ എന്നതിനാൽ രക്ഷാപ്രവർത്തകർ കാട്ടിനുള്ളിൽ തന്നെയാണ് ക്യാമ്പ് ചെയ്യുന്നത്. മഴ കനത്താൽ ഗുഹയിലെ ജലനിരപ്പ് ഉയരുന്നത് ദൗത്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.


