വൃദ്ധയുടെ കാൽ തൊട്ടുവണങ്ങി വിശ്വാസം നേടി; 13 ലക്ഷത്തിന്റെ സ്വർണവുമായി സ്ത്രീ കടന്നുകളഞ്ഞു
text_fieldsകാനഡയിലെ ബ്രാംപ്ടനിൽ നടക്കാനിറങ്ങിയ 78 കാരിയായ ഇന്ത്യൻ വംശജയുടെ 13 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു. കാറിലെത്തിയ യുവതി വൃദ്ധയുടെ കാൽ തൊട്ട് വണങ്ങുകയും ആലിംഗനം ചെയ്യുകയും ചെയ്ത് വിശ്വാസം നേടിയെടുത്തതിനു ശേഷമാണ് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്.
ജൂലൈ 28-നാണ് സംഭവം നടന്നതെങ്കിലും ടൊറന്റോ പോലീസ് സമാനമായ മറ്റൊരു സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് ഈ വിവരം പുറത്തറിയുന്നത്. വൃദ്ധയായ സ്ത്രീ വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ ഒരു കാർ അവരുടെ അരികിൽ വന്ന് നിർത്തുകയും വാഹനത്തിൽ നിന്നും ഇറങ്ങിവന്ന ഒരു സ്ത്രീ വൃദ്ധയുടെ അരികിലെത്തി കാൽ തൊട്ട് വണങ്ങുകയും പിന്നീട് ആലിംഗനം ചെയ്യുകയും ചെയ്തു.
ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാൻ അറിയാത്ത വൃദ്ധ ആ സ്ത്രീ അയൽവാസിയാണെന്നാണ് ആദ്യം കരുതിയത്. കുറച്ചു സമയം സംസാരിച്ചിരുന്നപ്പോൾ അവർ ആ സ്ത്രീയെ പൂർണ്ണമായി വിശ്വസിച്ചു. തുടർന്ന് സ്വർണമാലയും വളകളും ഊരിയെടുക്കുകയും ഒരു ഗോൾഡ് കവറിങ് ആഭരണം വൃദ്ധയുടെ കഴുത്തിൽ അണിയിക്കുകയും ചെയ്തു. പിന്നാലെ സംഘം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിനുശേഷം അമ്മ കടുത്ത മാനസിക ആഘാതത്തിലാണെന്നും വിറയൽ കാരണം നടക്കാൻ പോലും കഴിഞ്ഞില്ലെന്നും മകൻ രാഘവേന്ദ്ര കുമാർ പറഞ്ഞു. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യത്തെക്കുറിച്ചാണ് താൻ ആദ്യം ആശങ്കപ്പെട്ടതെന്നും സ്വർണ്ണത്തേക്കാൾ അമ്മയുടെ ജീവനാണ് ആ സമയത്ത് പ്രാധാന്യം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 2008-ൽ അന്തരിച്ച അദ്ദേഹത്തിന്റെ പിതാവ് 1971-ൽ വിവാഹസമയത്ത് നൽകിയ സമ്മാനമായിരുന്നു ഈ ആഭരണങ്ങളെന്നും മകൻ കൂട്ടിച്ചേർത്തു.
സംഭവത്തിന് ശേഷം രാഘവേന്ദ്ര കുമാർ സമീപത്തെ വീടുകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസിന് കൈമാറിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. ജൂലൈ 28-ലെ സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും, ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീയെയും വാഹനത്തെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പീൽ റീജിയണൽ പോലീസ് പറയുന്നു.


