14,000 ജീവനക്കാരെ കൂടി പിരിച്ചുവിടാൻ ആമസോൺ; കോർപറേറ്റ് വിഭാഗത്തിലെ വലിയ പിരിച്ചുവിടൽ
text_fieldsപ്രതീകാത്മക ചിത്രം
സാൻഫ്രാൻസിസ്കോ: നിർമിത ബുദ്ധിയുടെ (എ.ഐ) വ്യാപനവും ക്ഷമതയും ചൂണ്ടി കോർപറേറ്റ് വിഭാഗത്തിലെ 14,000 ജീവനക്കാരെ കൂടി പിരിച്ചുവിടാൻ ആമസോൺ. നിർമിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി കമ്പനിയിലെ ജീവനക്കാരുടെ ബാഹുല്യം കുറക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി ബ്ളോഗ് പോസ്റ്റിൽ പറഞ്ഞു.
അതേസമയം, പ്രധാന ഒഴിവുകളിലേക്ക് നിയമനങ്ങൾ തുടരുമെന്നും നിലവിൽ ജോലി നഷ്ടമായവർക്ക് മുൻഗണന നൽകുമെന്നും ആമസോൺ വ്യക്തമാക്കി. കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന നൽകുന്നതായിരുന്നു കമ്പനിയുടെ പ്രതികരണം. ലേ ഓഫ് നടപടികൾ പൂർത്തിയായിട്ടില്ലെന്ന് കമ്പനി കുറിപ്പിൽ പറഞ്ഞു.
‘ലോകം വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് നമ്മൾ ഓർമ്മിക്കേണ്ടത്. ഇന്റർനെറ്റിന് ശേഷം നമ്മൾ കണ്ടതിൽ വച്ച് ഏറ്റവും പരിവർത്തനാത്മകമായ സാങ്കേതികവിദ്യയാണ് നിർമിത ബുദ്ധി (എ.ഐ), നിലവിലുള്ള വിപണികളിലും പുതിയവയിലും നവീകരണങ്ങൾ നടപ്പിലാക്കാൻ ഇത് കമ്പനികളെ പ്രാപ്തരാക്കുന്നു,’ ആമസോൺ സീനിയർ വൈസ് പ്രസിഡന്റ് ബെത്ത് ഗാലെറ്റി പോസ്റ്റിൽ എഴുതി.
നിലവിലെ സാഹചര്യത്തിൽ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം കുറക്കേണ്ടതുണ്ടെന്നും ഗാലെറ്റി കൂട്ടിച്ചേർത്തു. 2026 വരെ തിരഞ്ഞെടുത്ത മേഖലകളിൽ നിയമനം തുടരുമെന്നും അതേസമയം മറ്റുള്ളവയിൽ കുറവ് വരുത്തുമെന്നും ആമസോൺ പറഞ്ഞു.
ആമസോണിന്റെ ചരിത്രത്തിൽ കോർപറേറ്റ് മേഖലയിലെ ഏറ്റവും വലിയ പിരിച്ചുവിടലാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം 30,000 വരെ എത്തിയേക്കുമെന്ന് റോയിട്ടേഴ്‌സ് , സി.എൻ.ബി.സി , ദി വാഷിംഗ്ടൺ പോസ്റ്റ് എന്നിവർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
യു.എസിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴിൽദാതാവാണ് ആമസോൺ. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തിൽ കമ്പനിക്ക് ആഗോളതലത്തിൽ 1.54 ദശലക്ഷത്തിലധികം ജീവനക്കാരുണ്ടെന്നാണ് കണക്കുകൾ. ഇതിൽ ഭൂരിഭാഗവും വെയർഹൗസ് ജീവനക്കാരാണ്. ഇവർക്ക് പുറമെ കമ്പനിയിൽ 350,000-ത്തിലധികം കോർപ്പറേറ്റ് ജീവനക്കാരുണ്ടെന്നാണ് കണക്ക്. നിലവിൽ ഇവരിൽ നാലുശതമാനത്തെയാണ് പിരിച്ചുവിടുന്നത്.
ചൊവ്വാഴ്ച ആരംഭിച്ച നടപടികൾ ഇന്ത്യയുൾപ്പെടെ നിരവധി വിപണികളെ ബാധിച്ചു. തൊഴിൽ നഷ്ടമായ ജീവനക്കാർക്ക് ഇതര വിഭാഗങ്ങളിൽ തൊഴിൽ തേടാൻ 90 ദിവസത്തെ സമയം നൽകും, ഇത്തരത്തിൽ തൊഴിൽ നേടാനാവാത്തവർ ആനുകൂല്യങ്ങൾ കൈപ്പറ്റി കമ്പനി വിടേണ്ടി വരും.
കൃത്രിമബുദ്ധിയുടെ മികവ് കമ്പനിയെ കുറഞ്ഞ ആളുകളുമായി പ്രവർത്തിക്കാൻ പര്യാപ്തമാക്കുമെന്ന് സി.ഇ.ഒ ആൻഡി ജാസ്സി ജൂണിൽ ബ്ളോഗ് പോസ്റ്റിൽ കുറിച്ചിരുന്നു. 2021ൽ ആമസോണിന്റെ സി.ഇ.ഒ ആയി സ്ഥാനമേറ്റ ജാസി കഴിഞ്ഞ ഏതാനും വർഷങ്ങളായി കമ്പനിയിലുടനീളം ചെലവുചുരുക്കലിനുള്ള ശ്രമം ത്വരിതപ്പെടുത്തി വരികയാണ്. 2022നും 2023നും ഇടയിൽ ആമസോൺ 27,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.


