പറന്നുയരാനൊരുങ്ങിയ വിമാനത്തിൽ തീയും പുകയും; യാത്രക്കാരെ ഒഴിപ്പിച്ചു
text_fieldsമിയാമി: അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തി നിന്നും പറന്നുയരാനൊരുങ്ങിയ വിമാനത്തിൽ തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. കൊളറാഡോയിലെ ഡെൻവറിൽ നിന്നും മിയാമിയിലേക്ക് പുറപ്പെടാനൊരുങ്ങിയ അമേരിക്കൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിലാണ് ടേക്ക് ഓഫിന് മുമ്പ് ലാൻഡിങ് ഗിയറിൽ തീയും പുകയും ഉയർന്നത്. 173 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിൽ കയറിയ ശേഷം, പറന്നുയരാനുള്ള തയ്യാറെടുപ്പിനിടെയാണ് പുക ഉയരുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ യാത്രക്കാരോട് എമർജൻസി വാതിൽ വഴി പുറത്തിറങ്ങാൻ നിർദേശിക്കുകയായിരുന്നു. അടിയന്തര ഘട്ടങ്ങളിൽ രക്ഷപ്രവർത്തനത്തിനായി ഉപയോഗിക്കുന്ന ൈസ്ലഡ് വഴി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ഊർന്നിറങ്ങി ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചു. വിമാനത്തിന്റെ മുൻഭാഗത്ത് ഇടതു വശത്തു നിന്നാണ് പുക ഉയർന്നത്. ലാൻഡിങ് ഗിയറിൽ തീ ഉയരുകയും ചെയ്തു. പ്രദേശമാകെ പുക വ്യാപിച്ചതും വീഡിയോയിൽ കാണാം. സംഭവത്തിനിടെ ഒരു യാത്രക്കാരന് പൊള്ളലേറ്റാതായി വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു.
എമർജൻസി വാതിൽ തുറന്നതിനു പിന്നാലെ, കുട്ടികളെയും കൈയിലെടുത്ത് യാത്രക്കാർ പ്രാണ രക്ഷാർത്ഥം ഓടിയകലുന്നതായി വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ രക്ഷാ സംഘം എത്തി പരിഹാരം കണ്ടു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും, ബദൽ യാത്രാ സൗകര്യം ഒരുക്കുമെന്നും അമേരിക്കൻ എയർലൈൻസ് അറിയിച്ചു.