ആയിഷ ഹാപ്പിയാ...ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ മറുപടിയിൽ
text_fieldsന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ സന്ദേശം, ആയിഷ ഷമീർ
പട്ടാമ്പി: ആയിഷ ഹാപ്പിയാ... ഹാപ്പി എന്നുപറഞ്ഞാൽ പോരാ. അതുക്കും മേലേയാ.. ഒരു വിദേശഭരണാധികാരിയിൽനിന്ന് ലഭിച്ച ഇ-മെയിൽ സന്ദേശം ആയിഷ ഷെമീർ എന്ന പട്ടാമ്പിക്കാരിയെ അത്രമേൽ ആനന്ദത്തിലാഴ്ത്തി. അയച്ചത് ന്യൂസിലാൻഡ് പ്രധാനമന്ത്രിയും ലേബർ പാർട്ടി ലീഡറുമായ ജസീന്ത ആർഡേൻ. സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ ആയിഷ എഴുതിയ കത്താണ് ജസീന്തയെ ആകർഷിച്ചത്. കത്തിൽ പരാമർശിച്ച കാര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ അവർ സമയം കണ്ടെത്തിയതാണ് ആയിഷയെ അദ്ഭുതപ്പെടുത്തിയത്.
'ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശക്തമായ നടപടി സ്വയം സ്നേഹിക്കുകയാണെന്ന് കത്തിൽ പറഞ്ഞു. എല്ലാവരും കാലാകാലങ്ങളിൽ സ്വയം സംശയിക്കുന്നു, ചില ആളുകൾ മറ്റുള്ളവരെക്കാൾ കൂടുതൽ. എനിക്കറിയാം, ചിലപ്പോൾ നിങ്ങൾ വേണ്ടത്ര നന്നല്ല, അല്ലെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും നേടാൻ കഴിയില്ലെന്ന് പറയുന്ന ശബ്ദം ഏറ്റവും ഉച്ചത്തിലുള്ളതും അതിരുകടന്നതുമാണ്. ആ ശബ്ദം പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞേക്കില്ല. എന്നാൽ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് അവഗണിക്കാൻ പഠിക്കുക എന്നതാണ്. ഞങ്ങൾക്ക് ചില അധിക വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം (പക്ഷേ, അത് മറ്റുള്ളവരുടെ ധാരണകളും പെരുമാറ്റവും മൂലമാണ്, ഞങ്ങളുടെ കഴിവുകൾ കാരണമല്ല), പക്ഷേ, നമ്മളെയും പരസ്പരം ബഹുമാനിക്കുകയും ഒപ്പം വരാനിടയുള്ള തടസ്സങ്ങളെയും പ്രതിബന്ധങ്ങളെയും മറികടക്കാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്താൽ, സ്ത്രീകൾക്ക് എന്തുംചെയ്യാൻ കഴിയും'' തുടങ്ങിയ വരികളാണ് കത്തിലുള്ളത്.
കത്ത് നിധിപോലെ സൂക്ഷിച്ച് സന്തോഷവും അഭിമാനവും പങ്കുവെക്കുകയാണ് ആയിഷ. പട്ടാമ്പി കൊടലൂർ കൊട്ടാരത്തിൽ ആയിഷക്ക് അഭിനന്ദനവുമായി നാട്ടുകാരുമെത്തി. പ്ലസ് ടുവിനുശേഷം സ്വയം പഠനത്തിലൂടെ ബിരുദം നേടിയ ആയിഷ ബിരുദാനന്തര ബിരുദവും സ്വകാര്യ പഠനത്തിലൂടെ നേടാനുള്ള ശ്രമത്തിലാണ്.