ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പ്: പ്രചാരണത്തിന് തുടക്കം
text_fieldsധാക്ക: ദീർഘകാല പ്രധാനമന്ത്രി ശൈഖ് ഹസീനയെ 2024ൽ പുറത്താക്കിയശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിന് പ്രചാരണ പ്രവർത്തനങ്ങൾക്ക് വ്യാഴാഴ്ച തുടക്കം. ഫെബ്രുവരി 12നാണ് തെരഞ്ഞെടുപ്പ്. 12 കക്ഷികളാണ് ഔദ്യോഗികമായി മത്സരരംഗത്തുള്ളത്. തലസ്ഥാന നഗരമായ ധാക്കയിലും മറ്റു പട്ടണങ്ങളിലും രാഷ്ട്രീയ കക്ഷികൾ പ്രചാരണ റാലികൾ നടത്തി.
രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല ഭരണമേധാവി മുഹമ്മദ് യൂനുസ് അറിയിച്ചിരുന്നു. എന്നാൽ, ശൈഖ് ഹസീനയുടെ കക്ഷിയായ അവാമി ലീഗിന് വിലക്ക് നിലനിൽക്കുന്നത് ആശങ്കകൾ ഉയർത്തുന്നുണ്ട്.
ദീർഘകാലമായി ബംഗ്ലാദേശ് ഭരണം നിയന്ത്രിക്കുന്നത് അവാമി ലീഗും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി)യുമാണ്. വിദ്യാർഥികൾ നയിക്കുന്ന നാഷനൽ സിറ്റിസൺ പാർട്ടി, ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമി നേതൃത്വം നൽകുന്ന 10 കക്ഷികളുടെ മുന്നണി എന്നിവയും മത്സരരംഗത്തുണ്ട്.


