അമേരിക്കയിലേക്ക് പൊള്ളലേറ്റ രോഗിയുമായി വന്ന വിമാനം തകർന്നു വീണു
text_fieldsടെക്‌സസ്: പൊള്ളലേറ്റ രോഗിയുമായുമായി വന്ന വിമാനം അമേരിക്കൻ തകർന്നു വീണു. മെക്‌സിക്കയിൽ നിന്ന് പൊള്ളലേറ്റ രോഗിയേയും കൊണ്ട് ടെക്‌സസിലേക്ക് വന്ന മെക്‌സിക്കൻ നാവിക സേനയുടെ വിമാനമാണ് തകർന്നത്. രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്‌സസിലെ ഗാൽവെസ്റ്റൺ ബേയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വിമാനത്തിൽ ആകെ എട്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേരെ ജീവനോടെ കണ്ടെത്തി രക്ഷപ്പെടുത്താനായി. ഒരാൾക്കായി തീവ്രമായ തിരച്ചിൽ തുടരുകയാണ്. വിമാനത്തിലുണ്ടായിരുന്നത് നാല് നാവിക സേന ജീവനക്കാരും നാല് സാധാരണ പൗരന്മാരുമായിരുന്നു എന്ന് മെക്‌സിക്കൻ നാവിക സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. പൊള്ളലേറ്റ രോഗികളെ ചികിത്സക്കായി എത്തിച്ച മെഡിക്കൽ മിഷന്‍റെ ഭാഗമായിരുന്നു വിമാനം എന്നാണ് ലഭ്യമായ വിവരം.
അപകടം സംഭവിച്ചത് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:17 ഓടെയാണ്. മെക്‌സിക്കയിലെ യുകാറ്റനിലെ മെറിഡയിൽ നിന്ന് പറന്നുയർന്ന ഇരട്ട ടർബോ വിമാനം ഗാൽവെസ്റ്റൺ സ്കോൾസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാൻഡിങ്ങിന് തൊട്ടുമുമ്പാണ് കടലിൽ പതിച്ചത്. മെക്സിക്കൻ സന്നദ്ധ സംഘടനയായ 'മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷണ' മെഡിക്കൽ മിഷന്‍റെ ഭാഗമായി പൊള്ളലേറ്റവരെ ചികിത്സക്കായി ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്ക് രോഗിയുമായി വരുകയായിരുന്നു. ഇതിനിടെയിലാണ് അപകടം ഉണ്ടായത്. വിമാനം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നുവെങ്കിലും, സമീപവാസികളും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ രണ്ടുപേരെ രക്ഷിക്കാൻ കഴിഞ്ഞു. അപകടം നടന്ന സമയത്ത് പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. അപകടത്തിന്‍റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


