വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ വസ്ത്രം മെയ്ഡ് ഇൻ ചൈനയെന്ന്!; ചൈന കോപ്പിയടിച്ചതാകുമെന്ന് മറുവാദം
text_fieldsവാഷിങ്ടൺ / ബീജിങ്: ഇറക്കുമതി തീരുവയിൽ തുടങ്ങിയ അമേരിക്ക - ചൈന വ്യാപാരയുദ്ധം സമൂഹമാധ്യമങ്ങളിലും കടുക്കുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ നയങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കാൻ എത്തിയപ്പോൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ധരിച്ച വസ്ത്രം ചൈനീസ് നിർമിതമാണെന്നാണ് ചിലരുടെ കണ്ടെത്തൽ. ചൈനീസ് വെബ്സൈറ്റിൽ സമാന വസ്ത്രം വിൽപനക്കുള്ളതിന്‍റെ ചിത്രമടക്കം പങ്കുവെച്ചാണ് ഇക്കൂട്ടർ അവകാശവാദമുന്നയിക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്‍റെ വാചകമടിയും ദൈനംദിന യാഥാർത്ഥ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്തോനേഷ്യയിൽ ചൈനീസ് കോൺസുൽ ജനറലായ നയതന്ത്ര ഉദ്യോഗസ്ഥൻ ജാങ് ഷിഷെങ് ആണ് പുതിയ വിവാദം ആരംഭിച്ചത്. ചൈനീസ് ലെയ്‌സ് കൊണ്ട് നിർമ്മിച്ച വസ്ത്രം ധരിച്ചതിന് ലീവിറ്റിനെ വിമർശിക്കുകയായിരുന്നു ഷിഷെങ്. ചൈനയെ കുറ്റപ്പെടുത്തുന്നത് അവരുടെ ബിസിനസ്സാണ്. എന്നാൽ, ചൈനയിൽനിന്ന് വാങ്ങുന്നതാണ് അവരുടെ ജീവിതം -ഷിഷെങ് എക്സിൽ കുറിച്ചു.
Accusing China is business.
— Zhang Zhisheng 张志昇 (@salahzhang) April 14, 2025
Buying China is life.
The beautiful lace on the dress was recognized by an employee of a Chinese company as its product. pic.twitter.com/SfPyM4M02Z
ചൈനീസ് വെബ്സൈറ്റിൽനിന്നുള്ള ചിത്രസഹിതമായിരുന്നു എക്സിലെ വിമർശനം. പിന്നാലെ ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ലീവിറ്റിന്‍റെ വസ്ത്രത്തിലെ ലെയ്‌സ് താൻ ജോലി ചെയ്യുന്ന ചൈനയിലെ മാബുവിലുള്ള ഫാക്ടറിയിൽ നിന്നുള്ളതാണെന്ന് ഒരാൾ കമന്‍റ് ചെയ്തു. ചൈനയെ പരസ്യമായി വിമർശിക്കുമ്പോൾ ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങൾ ധരിക്കുന്നത് കാപട്യമാണെന്ന് ചിലർ ആരോപിച്ചു. ഡോണൾഡ് ട്രംപിന്‍റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ)’ എന്ന മുദ്രാവാക്യം പ്രിന്‍റ് ചെയ്ത തൊപ്പി, ടീഷർട്ട് തുടങ്ങിയ ഉൽപന്നങ്ങൾ വരെ എല്ലാം ചൈനീസ് നിർമിതമാണ് വിപണിയിലുള്ളതെന്ന് എന്നും കുറ്റപ്പെടുത്തി ചിലർ രംഗത്തെത്.
അതേസമയം, ഒരു വിഭാഗം നെറ്റിസൺസ് യു.എസ് പ്രസ് സെക്രട്ടറിയെ പിന്തുണച്ചും രംഗത്തെത്തി. ‘ചൈനക്കാർ കോപ്പിയടിക്ക് കുപ്രസിദ്ധരാണ’് ‘ഏതെങ്കിലും ആഡംബര ബ്രാൻഡിന്‍റെ ജാക്കറ്റ് ചൈനീസ് കമ്പനി പകർത്തിയതാകാനാണ് സാധ്യത’ എന്നെല്ലാം ഇക്കൂട്ടർ കമന്‍റ് ചെയ്യുന്നു. ഈ വാദം വ്യാജമാണെന്നും ഫ്രഞ്ച് കമ്പനിയുടെ ഒറിജിനലാണ് അവർ ധരിച്ചിരിക്കുന്നതെന്നും ചൈനയുടേതാണ് കോപ്പിയാണെന്നും ചിലർ കമന്‍റ് ചെയ്തു.