Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉഷ്ണമേഖലാ...

ഉഷ്ണമേഖലാ വനങ്ങൾക്കുമേൽ നിഴൽവിരിച്ച് കാലാവസ്ഥാ വ്യതിയാനം

text_fields
bookmark_border
ഉഷ്ണമേഖലാ വനങ്ങൾക്കുമേൽ നിഴൽവിരിച്ച്   കാലാവസ്ഥാ വ്യതിയാനം
cancel

ഭൂഗോളത്തി​ന്‍റെ സന്തുലിതത്വം നിലനിർത്തുന്നതിലെ പ്രധാന കണ്ണിയായ ഉഷ്ണമേഖലാ വനങ്ങളിലെ താപനില ഒരു വലിയ കുതിച്ചുചാട്ടത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അവയുടെ സംരക്ഷണത്തിന് എന്തുചെയ്യാൻ കഴിയുമെന്ന ചോദ്യം ഒരു വലിയ ​ചിഹ്നമായി അവശേഷിക്കുന്നതിനിടയിലാണ് പ്രശ്നത്തി​ന്‍റെ തീവ്രത വ്യക്തമാക്കുന്ന പഠനം പുറത്തുവന്നിരിക്കുന്നത്.

കലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഗോളതാപനം ഉഷ്ണമേഖലാ വനങ്ങളിലെ സുപ്രധാന ജൈവവൈവിധ്യ മേഖലകളുടെ (കെ.ബി.എ) മൂന്നിൽ രണ്ട് ഭാഗത്തെയും കാര്യമായി ബാധിച്ചതായി ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. ഇത് ലോകത്തുടനീളമുള്ള ഉഷ്ണമേലാ വനങ്ങളുടെ 66 ശതമാനം വരുമെന്നും കൊളംബിയയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ സമ്മേളനത്തി​ന്‍റെ (COP-16) പശ്ചാത്തലത്തിൽ പ്രസിദ്ധീകരിച്ച പഠനം പുറത്തുവിടു​ന്നു. സ്ഥിതിവിവരക്കണക്കുകളുടെ ഒരു ശേഖരം മാത്രമല്ല, സജീവമായ സംരക്ഷണ ശ്രമങ്ങളിലേക്കും ഊർജ്ജിത കാലാവസ്ഥാ നയ രൂപീകരണത്തിലേക്കും ഉള്ള ഒരു ചവിട്ടുപടി കൂടിയാണിതെന്ന് ‘എർത്ത്.കോമി’ൽ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഭൂഗോളത്തിലെ അതീവ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് കെ.ബി.എകൾ എന്നറിയപ്പെടുന്ന നിർണായക ജൈവ വൈവിധ്യ മേഖലകൾ. അത് ജൈവ സമ്പത്തിനെയും വിവിധ ജീവിവർഗങ്ങളെയും അവയുടെ ആവാസവ്യവസ്ഥക്കൊപ്പം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ കെ.ബി.ഐകളിലെ മൂന്ന് പതിറ്റാണ്ടുകളായുള്ള താപനിലയെ ഈ ഗഹനമായ പഠനം വിശകലനം ചെയ്തു. ആശങ്കയേറ്റുന്ന ഫലമാണ് ഗവേഷകർക്ക് ലഭിച്ചത്. ഉഷ്ണമേഖലാ വനത്തി​ന്‍റെ 66ശതമാനത്തെയും പുതിയ ഉയർന്ന താപനില ബാധിച്ചു തുടങ്ങിയിരിക്കുന്നു.

എന്നാൽ, കാലാവസ്ഥാ മാറ്റം ബാധിക്കാത്ത 34ശതമാനം വനങ്ങളും അവരുടെ പഴയ താപനിലയെ ആസ്വദിക്കുന്നത് തുടരുന്നുവെന്നും ഈ കാടുകൾ ജൈവവൈവിധ്യത്തി​​ന്‍റെ നിർണായക ‘ഒളിത്താവളങ്ങളാ​ണെ’ന്നും ഗവേഷകർ കണ്ടെത്തി. ഉഷ്ണമേഖലാ വനങ്ങളുടെ മേലാപ്പിനു താഴെ വളരെ സുസ്ഥിരമായ കാലാവസ്ഥയിൽ ജൈവവൈവിധ്യത്തി​​ന്‍റെ സമ്പത്ത് ഇപ്പോഴും നിലനിൽക്കുന്നതായി കോൺവാളിലെ എക്സെറ്റേഴ്‌സ് പെന്‍റിൻ കാമ്പസിലെ ‘എൻവിയോൺമെന്‍റ് ആൻഡ് സസ്റ്റൈനബിലിറ്റി’ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡോ. ബ്രിട്ടാനി ട്രൂ പറയുന്നു.

അതോടൊപ്പം, മാറിയ താപനില വ്യവസ്ഥകളിൽ ഉയർന്ന അപകടസാധ്യതകളും നിലനിൽക്കുന്നു. കാരണം അവ കുറഞ്ഞ കാലയളവിൽ തന്നെ വലിലതോതിലുള്ള പരിണാമത്തെ അഭിമുഖീകരിക്കുന്നു. നേരത്തെ അനുഭവിച്ചതിൽനിന്ന് ചെറിയൊരു മാർജിൻ ചൂട് മാത്രമേ ഈ വനങ്ങൾക്ക് സഹിക്കാൻ കഴിയൂ എന്നിരിക്കെയാണിത്.

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി സമർപിച്ചിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക മൂലധനത്തി​ന്‍റെ അളവ് ദയനീയമാംവിധം അപര്യാപ്തമാണെന്ന് മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂനിവേഴ്‌സിറ്റിയിലെ ജൈവവൈവിധ്യ വിദഗ്ധൻ ഡോ. അലക്‌സാണ്ടർ ലീസ് ചൂണ്ടിക്കാട്ടുന്നു. സംരക്ഷിത വനങ്ങളുടെ വേദനാജനകമായ അവസ്ഥയാണ് തങ്ങളുടെ പഠനം കാണിക്കുന്നതെന്നും നമ്മുടെ മുൻഗണനാ ക്രമങ്ങളിൽ മാറ്റം വരുത്തേണ്ട അടിയന്തര സാഹചര്യമാണ് കാലാവസ്ഥാ വ്യതിയാനം ​കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2020നു ശേഷമുള്ള ‘ഗ്ലോബൽ ബയോ ഡൈവേഴ്സിറ്റി ​ഫ്രേംവർക്ക്’ ഈ പ്രശ്നം അംഗീകരിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. നമ്മുടെ വിലയേറിയ കെ.ബി.എകൾക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് 2030ഓടെ ആഗോള ഭൂവിസ്തൃതിയുടെ 30 ശതമാനമെങ്കിലും സംരക്ഷിക്കാൻ ഇത് നിർദേശിക്കുന്നു. സത്യത്തി​ന്‍റെ മറ്റൊരു മുഖവും ഗവേഷകർ തുറന്നിടുന്നുണ്ട്. കെ.ബി.എകൾക്ക് സ്വയമേവ ഔപചാരിക പരിരക്ഷ ലഭിക്കില്ലെന്നും ആ തീരുമാനം അതത് മേഖലകളിലെ ദേശീയ സർക്കാരുകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് അതെന്നുമാണത്.

ഇതുവരെ പുതിയ താപനില വ്യവസ്ഥകൾ ബാധിക്കാത്ത 34ശതമാനം ഉഷ്ണമേഖലാ വനമേഖലയിലെ കെ.ബി.എകളിൽ പകുതിയിലേറെയും സംരക്ഷണത്തി​ന്‍റെ കുറവ് അഭിമുഖീകരിക്കുന്നുവെന്നും ഗവേഷണം വെളിപ്പെടുത്തുന്നു. ഈ അമൂല്യമായ ജൈവ അഭയകേന്ദ്രങ്ങളെ സംരക്ഷിക്കാൻ ‘കാലാവസ്ഥാ-സ്മാർട്ട്’ നയങ്ങളുടെ ആവശ്യകതയെക്കുറിച്ച് ഡോ. ട്രൂ ഊന്നിപ്പറഞ്ഞു.

ഉഷ്ണമേഖലാ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള അടിസ്ഥാന യാഥാർത്ഥ്യം പകർത്താൻ ഗവേഷകർ താപനില അളവുകൾ, ഉപഗ്രഹ ഡേറ്റ, മൈക്രോ​ൈക്ലമറ്റ് മാതൃക തുടങ്ങിയവ ഉപയോഗിച്ചു. ചില പ്രദേശങ്ങളിൽ മറ്റുള്ളവയേക്കാൾ കൂടുതൽ മാറ്റം പ്രകടമായി. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഇത് വളരെ ഉയർന്നതാണ്. യഥാക്രമം 72 ഉം 59ഉം ശതമാനം കെ.ബി.എകളും പുതിയ താപനിലയിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഏഷ്യയും ഓഷ്യാനിയയും താരതമ്യേന താഴ്ന്ന അളവ് കാണിക്കുന്നു. 49ശതമാനം കെ.ബി.എകളാണ് ഇവിടങ്ങളിൽ മാറ്റത്തി​ന്‍റെ പ്രതിസന്ധി അഭിമുഖീകരിക്കുന്നത്.

ലാറ്റിനമേരിക്കയിലെ കെ.ബി.എകളുടെ ഒരു ചെറിയ ശതമാനവും ഏഷ്യയിലെയും ഓഷ്യാനിയയിലെയും ഏതാനും ചിലതും പുതിയ താപനില വ്യവസ്ഥകൾക്ക് പൂർണമായും കീഴ്പ്പെട്ടിട്ടുണ്ട്. ലാറ്റിനമേരിക്കയിൽ ഈ നിർണായക പ്രദേശങ്ങൾ ഇക്വഡോർ, കൊളംബിയ, വെനിസ്വേല, പനാമ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

താപനിലയിലെ മാറ്റം നമ്മുടെ കണ്ണുകൾക്ക് അദൃശ്യമായേക്കാം. എന്നാൽ നമ്മുടെ അതിപ്രധാന ജൈവ മേഖലകളിലും അവ ഉൾക്കൊള്ളുന്ന ജീവിവർഗങ്ങളിലും ഇത് ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. പരിഹാരത്തിനുള്ള ‘പന്ത് ഇപ്പോഴും നമ്മുടെ കോർട്ടിലാണെ’ന്നും ഗവേഷകർ മുന്നറിയിപ്പു തരുന്നു.


പരിഹാര വഴികൾ

സുപ്രധാന ജൈവവൈവിധ്യ മേഖലകളുടെ പരിപാലനത്തിൽ പ്രാദേശിക സമൂഹങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പലപ്പോഴും ഉഷ്ണമേഖലാ വനങ്ങളിലോ സമീപത്തോ താമസിക്കുന്ന ജനസമൂഹങ്ങൾക്ക് ഫലപ്രദമായ ജൈവവൈവിധ്യ സംരക്ഷണത്തിന് സംഭാവന നൽകാൻ കഴിയുന്ന അമൂല്യമായ പരമ്പരാഗത അറിവുകളും സമ്പ്രദായങ്ങളും ഉണ്ട്. സംരക്ഷണ സംരംഭങ്ങളിലെ അവരുടെ പങ്കാളിത്തം സംരക്ഷണ നടപടികൾ സാംസ്കാരികമായി പ്രസക്തവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കുന്നു. കെ.ബി.എകൾ പരിരക്ഷിക്കുന്നതിന് പ്രാദേശിക കമ്യൂണിറ്റികൾ, ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ എന്നിവർ തമ്മിലുള്ള സഹകരണത്തിലൂടെ കൂടുതൽ ഉൾക്കൊള്ളൽ സമീപനം വളർത്തിയെടുക്കാൻ കഴിയും. ഇത് പാരിസ്ഥിതിക മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന താഴെത്തട്ടിലുള്ള ജനതയെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ സജീവക്കാൻ പ്രാപ്തരാക്കും.


ഉയർന്നുവരുന്ന താപനില വ്യവസ്ഥകൾ ഉയർത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുന്നതിലും നൂതനമായ പരിഹാരങ്ങൾ നിർണായകമാണ്. റിമോട്ട് സെൻസിംഗ്, മെഷീൻ ലേണിംഗ് മോഡലുകൾ പോലെയുള്ള സാങ്കേതിക മുന്നേറ്റങ്ങൾക്ക് കെ.ബി.എകളിലെ മാറ്റങ്ങൾ കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കാനും പ്രവചിക്കാനുമുള്ള കഴിവ് വർധിപ്പിക്കാനും സാധിക്കും. മാത്രമല്ല, ആഗോള നെറ്റ്‌വർക്കുകൾക്കും പങ്കാളിത്തത്തിനും അഡാപ്റ്റീവ് മാനേജ്‌മെന്‍റ് രീതികൾ നടപ്പിലാക്കാൻ ആവശ്യമായ അറിവും വിഭവങ്ങളും കൈമാറ്റം ചെയ്യാൻ കഴിയും. അത്യാധുനിക സാങ്കേതികവിദ്യകളും സംയോജിത സംരക്ഷണ സമീപനങ്ങളും സ്വീകരിക്കുന്നതിലൂടെ, സുസ്ഥിരമായ ഭാവിക്ക് സമൂഹത്തി​ന്‍റെ ആവശ്യങ്ങളും പാരിസ്ഥിതിക സംരക്ഷണവും ചേർത്ത് സന്തുലിതമാക്കുന്ന ഫലവത്തായ തന്ത്രങ്ങൾ വികസിപ്പിക്കാനുമാവും.

നമ്മുടെ ഗ്രഹത്തി​ന്‍റെ ആവശ്യങ്ങൾക്ക് നമ്മുടെ സമയവും പ്രവർത്തനങ്ങളും വിനിയോഗിക്കുന്നതിനുള്ള സമയോചിതമായ ഓർമപ്പെടുത്തലാണ് ഈ പഠനം. നാം മുന്നോട്ട് പോകുമ്പോൾ, മനുഷ്യ​ന്‍റെ പുരോഗതിക്കും പ്രകൃതിയുടെ ക്ഷേമത്തിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കുക എന്നതാവണം ലക്ഷ്യം.

Show Full Article
TAGS:biodiversity climate change Tropical forests Key Biodiversity Areas global warming 
News Summary - Climate change Shadows over tropical forests; Researcher's with concerned study
Next Story