ആദ്യം ശിക്ഷ, പിന്നീട് തെളിവ്
text_fields
മുൻകാലങ്ങളിൽ, ചില നിയമങ്ങൾക്കുള്ളിലാണ് യുദ്ധങ്ങൾ നടന്നിരുന്നത്. യുദ്ധത്തിലെ ശരി തെറ്റുകളെക്കുറിച്ചും വ്യക്തമായ ചില തത്ത്വങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും ലംഘിക്കപ്പെട്ടിരുന്നുവെങ്കിലും, അവ എല്ലായ്പോഴും വിലമതിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന്, യുദ്ധം മാറി. ഇപ്പോൾ, അധികാരമാണ് പ്രധാനം. ആരാണ് ശക്തർ, ആരാണ് ദുർബലർ - ഇതാണ് വിജയിയെ തീരുമാനിക്കുന്നത്. തത്ത്വങ്ങളും നിയമങ്ങളും പരിഗണിക്കപ്പെടുന്നതേയില്ല.ഏതാനും ദിവസങ്ങൾക്കുള്ളിൽ വിജയം വരിക്കാനാവും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മുൻകാലങ്ങളിൽ, ചില നിയമങ്ങൾക്കുള്ളിലാണ് യുദ്ധങ്ങൾ നടന്നിരുന്നത്. യുദ്ധത്തിലെ ശരി തെറ്റുകളെക്കുറിച്ചും വ്യക്തമായ ചില തത്ത്വങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും ലംഘിക്കപ്പെട്ടിരുന്നുവെങ്കിലും, അവ എല്ലായ്പോഴും വിലമതിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന്, യുദ്ധം മാറി. ഇപ്പോൾ, അധികാരമാണ് പ്രധാനം. ആരാണ് ശക്തർ, ആരാണ് ദുർബലർ - ഇതാണ് വിജയിയെ തീരുമാനിക്കുന്നത്. തത്ത്വങ്ങളും നിയമങ്ങളും പരിഗണിക്കപ്പെടുന്നതേയില്ല.
ഏതാനും ദിവസങ്ങൾക്കുള്ളിൽ വിജയം വരിക്കാനാവും എന്ന ആത്മവിശ്വാസവുമായാണ് മൂന്നുവർഷം മുമ്പ് റഷ്യ യുക്രെയ്നെതിരായ ആക്രമണം ആരംഭിച്ചത്. എന്നാൽ, യുദ്ധം ഇപ്പോഴും തുടരുന്നു, ഒരു ലക്ഷത്തിലധികം റഷ്യൻ സൈനികർ ഇതിനകം കൊല്ലപ്പെട്ടു. യുദ്ധം എന്ന്, എവിടെച്ചെന്നവസാനിക്കുമെന്ന് ആർക്കുമില്ല നിശ്ചയം.
ഇന്ത്യയിൽ, പഹൽഗാമിൽ ഒരുകൂട്ടം ഭീകരർ 26 വിനോദസഞ്ചാരികളെ നിഷ്ഠുരമായി ആക്രമിച്ച് കൊലപ്പെടുത്തി. നാലുദിവസത്തെ ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിച്ച് നാൽപത് ദിവസങ്ങൾക്കുശേഷം, ഭീകരർ പാകിസ്താനിൽ നിന്നുള്ളവരാണെന്നതിന് തെളിവ് കണ്ടെത്തിയതായി സർക്കാർ പറഞ്ഞു. എന്നിരുന്നാലും, നിയന്ത്രണം വിട്ടുപോകാവുന്ന ഒരു സൈനിക പ്രതികരണം സംഭവിച്ചിരുന്നു. അതോടെ, ചരിത്രത്തിൽ ഒരിക്കലും ഒരു വിദേശ രാജ്യത്തെ ആക്രമിച്ചിട്ടില്ലെന്ന വാദം ഇന്ത്യക്ക് നഷ്ടപ്പെട്ടു.
ആണവ ശക്തിയായ ഇസ്രായേൽ എന്താണ് ചെയ്തതെന്ന് നോക്കൂ. ഇറാൻ ആണവ ബോംബുകൾ നിർമിക്കാൻ പോവുകയാണെന്നാരോപിച്ച് ജൂൺ 13ന് തലസ്ഥാനമായ തെഹ്റാനിൽ ബോംബുകൾ വർഷിച്ചു. ഇറാൻ ബോംബുണ്ടാക്കുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന് ആരാണ് വിവരം നൽകിയത്? അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അമേരിക്ക പറയുന്നതിനെയെല്ലാം പിന്തുണച്ചു പോരുന്ന IAEA ഇക്കുറി നിശ്ശബ്ദരായിരുന്നു.
അമേരിക്കയുടെ ഉറച്ച പിന്തുണയുണ്ടെന്ന ബലത്തിലാണ് ഇസ്രായേൽ ഇറാനെതിരെ മാരകമായ മിസൈലുകൾ തൊടുത്തുവിട്ടത്. ഇസ്രായേൽ സ്വന്തം ഇഷ്ടത്തിൽ പ്രവർത്തിച്ചതാണെന്ന അമേരിക്കൻ വാദം വിശ്വസിക്കാൻ പ്രയാസമാണ്. മറ്റ് പ്രസിഡന്റുമാർ തെറ്റുകൾ വരുത്തിയെന്നും ഫലശൂന്യമായ യുദ്ധങ്ങളിൽ പങ്കുചേരില്ലെന്നും വാഗ്ദാനം നൽകിയാണ് ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായത്. ആളുകൾ അദ്ദേഹത്തെ വിശ്വസിച്ചു.
എന്നാൽ, ഇസ്രായേൽ ഇറാനെ ആക്രമിച്ചതിനുശേഷം ട്രംപ് വന്യമായ പ്രസ്താവനകൾ നടത്താൻ തുടങ്ങി. മുമ്പ് ഒരു അമേരിക്കൻ പ്രസിഡന്റും പറയാത്ത വിധത്തിൽ, ഇറാന്റെ ഉന്നത നേതാവിനെ കൊല്ലുമെന്നുപോലും ഭീഷണിപ്പെടുത്തി. വാഷിങ്ടണിൽ അടിയന്തര ജോലിയുണ്ടെന്നു പറഞ്ഞ് ട്രംപ് കാനഡയിൽ നടന്ന G-7 യോഗത്തിൽനിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോയി. സത്യത്തിൽ, അദ്ദേഹം ഇറാനെ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ 15 ദിവസം വേണമെന്ന് അദ്ദേഹം പറഞ്ഞു. അതൊരു തന്ത്രം മാത്രമായിരുന്നു.
പിന്നെ, ഇരുട്ടിന്റെ മറവിൽ, അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറാനിലേക്ക് പറന്നു. അവർ 30,000 പൗണ്ട് ഭാരമുള്ള ബോംബുകൾ വർഷിച്ചു. ഇറാൻ ആണവ വസ്തുക്കൾ നിർമിക്കുന്നുവെന്ന് കരുതപ്പെടുന്ന ഭൂഗർഭ സ്ഥലങ്ങൾ നശിപ്പിക്കുന്നതിനായിരുന്നു ഇവ. പക്ഷേ ആക്രമണം വിജയിച്ചോ? ആർക്കും ഉറപ്പിച്ചു പറയാൻ കഴിയില്ല.
അമേരിക്ക തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു, പക്ഷേ ഇറാന്റെ ആണവ പദ്ധതികളെ അത് പരാജയപ്പെടുത്തിയോ എന്ന് വ്യക്തമല്ല. ആക്രമണം ഇറാന് തിരിച്ചടിക്കാനുള്ള ധാർമിക അവകാശം നൽകി. ഖത്തറിലെ യു.എസ് താവളത്തിനു നേരെ അവർ മിസൈലുകളയച്ചു. ഒരു കാര്യം ശ്രദ്ധേയമാണ്, യു.എസ് താവളം ആക്രമിക്കുമ്പോൾ പോലും, തങ്ങളെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേലിൽനിന്ന് വ്യത്യസ്തമായി അവർ സംയമനം പാലിച്ചു.
ഇപ്പോൾ ഇറാൻ ദുർബലമാണ്. സിറിയക്ക് അവരെ സഹായിക്കാൻ കഴിയില്ല. ഹമാസും ഹിസ്ബുല്ലയും ദുർബലമാണ്. റഷ്യ പിന്തുണ വാക്കുകളിലൊതുക്കിയിരിക്കുകയാണ്. എന്നിരുന്നാലും, ഇസ്രായേൽ അജയ്യമാണെന്ന വിശ്വാസം പൊള്ളയാണെന്ന് തെളിയിക്കാൻ ഇറാന് സാധിച്ചു.
അമേരിക്കക്ക് ഈ യുദ്ധം അവസാനിച്ചിട്ടില്ല. വാസ്തവത്തിൽ, യുദ്ധം തുടങ്ങിയിട്ടേയുള്ളൂ. ഹോർമുസ് കടലിടുക്ക് അടക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോക വ്യാപാരത്തിന് ഈ കടൽപാത വളരെ പ്രധാനമാണ്. ഇത് തടഞ്ഞാൽ ലോകം മുഴുവൻ കഷ്ടപ്പെടും. ഇന്ത്യക്കും എണ്ണ ലഭിക്കുന്നതിൽ പ്രശ്നമുണ്ടാകും.
ഇറാൻ ഒരു ബോംബ് നിർമിക്കുന്നതിന്റെ വക്കിലാണെന്ന് സ്വന്തം ഉദ്യോഗസ്ഥരെ പോലും ബോധ്യപ്പെടുത്താൻ ട്രംപിന് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സ്വന്തം നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് അങ്ങനെ വിശ്വസിച്ചിരുന്നില്ല. ഇറാഖിന്റെ കൈവശം കൂട്ട നശീകരണ ആയുധങ്ങൾ ഉണ്ടെന്ന് അമേരിക്ക ഒരിക്കൽ പറഞ്ഞിരുന്നു. ഇറാഖ് യുദ്ധത്തിന് കാരണവും അതായിരുന്നു. എന്നാൽ, പിന്നീട് അത് തെറ്റാണെന്ന് തെളിഞ്ഞു. അതേ ന്യായീകരണം ഇപ്പോൾ ഇറാനെതിരെയും ഉപയോഗിക്കുന്നു.
ഈ ആക്രമണം കാരണം, ഇറാൻ ആണവ നിർവ്യാപന കരാറിൽനിന്ന് പിന്മാറിയേക്കാം. അതായത്, അവർ ഒരു ബോംബ് നിർമിക്കാൻ തീരുമാനിച്ചേക്കാം. ഒരു ഇറാനിയൻ നേതാവ് പറഞ്ഞതുപോലെ, ‘‘നിങ്ങൾക്ക് കെട്ടിടങ്ങളിൽ ബോംബ് വെക്കാം, പക്ഷേ ഭൗതികശാസ്ത്രത്തിൽ ബോംബ് വെക്കാൻ കഴിയില്ല.’’ അപകടകരമായ പ്രത്യാഘാതങ്ങൾ വേറെയുമുണ്ട്. ഇറാനിലെ തീവ്രവാദികൾ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇസ്രായേലി ആക്രമണങ്ങൾ ഇറാനികളെ ഒന്നിപ്പിച്ചു. ഭരണകൂടം മാറിയേക്കാം, പക്ഷേ ഈ മാറ്റം ലോകത്തിന് സ്വാഗതാർഹമായ വാർത്തയായിരിക്കില്ല.
ഒന്ന് ചിന്തിച്ചുനോക്കൂ: ഇറാനിൽ ഇതിനകം ആണവ ബോംബുകൾ ഉണ്ടായിരുന്നെങ്കിൽ ആരെങ്കിലും അവരെ ആക്രമിക്കുമായിരുന്നോ? ആരും ഉത്തരകൊറിയയെ ഭീഷണിപ്പെടുത്തുന്നില്ല. എന്തുകൊണ്ട്? കാരണം, അവരുടെ കൈവശം ആണവായുധങ്ങളുടെ ഒരു ശേഖരമുണ്ട് എന്നതാണ്. ഐക്യരാഷ്ട്രസഭ പല്ലില്ലാത്ത ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന്, മലയാളം പഴഞ്ചൊല്ല് പോലെ, കൈയൂക്കുള്ളവൻ കാര്യക്കാരൻ ആണ്. എന്തൊരു ദുരന്തം!