യൂറോപ്പിൽ വിമാനത്താവളങ്ങളെ സ്തംഭിപ്പിച്ച് സൈബറാക്രമണം, മണിക്കൂറുകൾ വൈകി വിമാനങ്ങൾ, പരിഹരിക്കാൻ ശ്രമമെന്ന് സേവനദാതാക്കൾ
text_fieldsസൈബർ ആക്രണമത്തിൽ പ്രവർത്തനം തടസപ്പെട്ട ബ്രസ്സൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ പുറപ്പെടൽ വിഭാഗത്തിൽ ചെക്കിൻ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുന്ന യാത്രക്കാർ (ഫോട്ടോ:എ.പി)
ന്യൂഡൽഹി: യൂറോപ്പിലെ തിരക്കേറിയ ലണ്ടൻ ഹീത്രുവടക്കം വിമാനത്താവളങ്ങളെ സ്തംഭിപ്പിച്ച് സൈബർ ആക്രമണം. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. നിരവധി യൂറോപ്യൻ വിമാനത്താവളങ്ങൾ ആക്രണമത്തിൽ നിശ്ചലമായി. നിർണായക വിമാനസർവീസുകളടക്കം മണിക്കൂറുകൾ മുടങ്ങിയതോടെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി.
യാത്രക്കാരുടെ ചെക്ക് ഇൻ അടക്കം ബോർഡിംഗ് നടപടിക്രമങ്ങൾ സജ്ജീകരിക്കുന്ന സംവിധാനങ്ങളാണ് ആക്രമണത്തിൽ പണിമുടക്കിയത്. ഇതോടെ, എഴുതിയും ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചുമൊക്കെ മുന്നോട്ടുപോവേണ്ടി വന്നതോടെ പല വിമാനത്താവളങ്ങളിലും ശനിയാഴ്ച മണിക്കൂറുകൾ നീണ്ട വരികൾ പ്രത്യക്ഷമായി.
ആക്രമണം ഗൗരവതരത്തിലുള്ളതാണെന്നും സോഫ്റ്റ്വെയർ അധിഷ്ഠിത ചെക്ക് ഇൻ അസാധ്യമായതോടെ വിമാനസർവീസുകളെ സാരമായി ബാധിച്ചതായും ബ്രസൽസ് എയർപോർട്ട് പ്രസ്താവനയിൽ അറിയിച്ചു.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്നതിന് മുമ്പ് സമയാസമയങ്ങളിൽ നൽകുന്ന അറിയിപ്പുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് വിമാനത്താവളങ്ങൾ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വിമാന സർവീസുകളിൽ വലിയ തോതിൽ തടസം നേരിടുന്നതായി ബെർലിനിലെ ബ്രാൻഡൻബർഗ് എയർപോർട്ട് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. നിരവധി അന്താരാഷ്ട്ര സർവീസുകൾ ആക്രമണത്തെ തുടർന്ന് മണിക്കൂറുകളോളം വൈകുന്നതായി യൂറോപ്പിലെ തിരക്കേറിയ വിമാനത്താവളമായി ലണ്ടൺ ഹീത്രുവും പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, പാരീസിലെ റോയിസ്സി, ഒർലി, ലേ ബൗർഗറ്റ് എന്നീ വിമാനത്താവളങ്ങളെ ആക്രമണം ബാധിച്ചില്ല. ഇവയുടെ പ്രവർത്തനം സുഗമമാണെന്ന് അധികൃതർ അറിയിച്ചു.
ഇതേ സോഫ്റ്റ്വെയറാണ് ഡൽഹി വിമാനത്താവളത്തിലും ഉപയോഗിക്കുന്നത്. എന്നാൽ, എയർപോർട്ടിൻറെ പ്രവർത്തനം സാധാരണഗതിയിലാണെന്നും സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്നും ഐ.ടി മന്ത്രാലയം അറിയിച്ചു. ഗോവ, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂർ, മംഗളൂരു, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ വ്യത്യസ്ഥ സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നതെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത നിർദേശങ്ങൾ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ പ്രതിരോധ സാങ്കേതികവിദ്യ കമ്പനിയായ കോളിൻസ് എയറോസ്പേസ് ആണ് യൂറോപ്പിലെ ഭൂരിഭാഗം എയർപോർട്ടുകൾക്കും ചെക്ക് ഇൻ സംവിധാനങ്ങൾ ക്രമീകരിക്കുന്ന സോഫ്റ്റ് വെയർ സേവനം നൽകുന്നത്. എയർപോർട്ടുകളിൽ യാത്രക്കാരുടെ ചെക്കിൻ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്ന തങ്ങളുടെ ‘മ്യൂസ്’ എന്ന സോഫ്റ്റ്വെയറിൽ സൈബർ ആക്രമണമുണ്ടായതായി കോളിൻസ് എയറോസ്പേസ് സ്ഥിരീകരിച്ചു. ഇലക്ട്രോണിക് ചെക്കിൻ നടപടികളെയും ബാഗേജ് കൈമാറ്റത്തെയും ഇത് ബാധിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി.