ഇറാൻ പ്രക്ഷോഭം: മരണം 5000 കവിഞ്ഞു, കൊല്ലപ്പെട്ടത് 3117 പേരെന്ന് സർക്കാർ കണക്ക്
text_fieldsഇറാനിൽ കഴിഞ്ഞ ആഴ്ചയുണ്ടായ പ്രതിഷേധത്തിനിടെ കത്തിച്ച ബസുകൾ (കഴിഞ്ഞ ദിവസം ഇറാൻ സന്ദർശിച്ച വിദേശമാധ്യമപ്രവർത്തകർ പകർത്തിയ ചിത്രം)
തെഹ്റാൻ: ഇറാനിൽ പ്രക്ഷോഭത്തിനിടെ, കൊല്ലപ്പെട്ടവർ 5000 കവിഞ്ഞതായി അമേരിക്ക ആസ്ഥാനമായ മനുഷ്യാവകാശ സംഘടന റിപ്പോർട്ട്. കൂടുതൽ പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായും രണ്ടാഴ്ചയായി രാജ്യത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതിനാൽ കൂടുതൽ വിവരം പുറത്തുവരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
4716 പ്രക്ഷോഭകരും 203 സർക്കാർ അനുകൂലികളും 43 കുട്ടികളും പ്രക്ഷോഭവുമായി ബന്ധമില്ലാത്ത 40 സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യവ്യാപക റെയ്ഡിൽ 26,800 പേരെ അറസ്റ്റ് ചെയ്തതായും പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം ഇറാൻ ഭരണകൂടം പുറത്തുവിട്ട കണക്ക് പ്രകാരം 3117 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 2427 പേർ സാധാരണക്കാരും സുരക്ഷ ഉദ്യോഗസ്ഥരുമാണെന്നാണ് സർക്കാർ ഭാഷ്യം.


