ഡിക് ചെനി: കളമൊഴിയുന്നത് അമേരിക്കയുടെ ‘ഭീകരവിരുദ്ധ യുദ്ധ’ത്തിന്റെ ശിൽപി
text_fieldsഅധിനിവേശത്തിന്റെയും യുദ്ധോൽസുകമായ ചരിത്രത്തിന്റെയും പല ഏടുകൾ ബാക്കിവെച്ചാണ് മുൻ യു.എസ് വൈസ് പ്രസിഡന്റ് ഡിക് ചെനി 84ാം വയസ്സിൽ അന്തരിച്ചത്. യു.എസിന്റെ ഇറാഖ് അധിനിവേശം ഉൾപ്പെടെ കഴിഞ്ഞ ശതകത്തിന്റെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും ലോകത്തെ അധീശത്വപരമായി മാറ്റിമറിച്ച ഇടപെടലുകളുടെ പ്രധാന ശിൽപികളിൽ ഒരാളായിരുന്നു ഡിക് ചെനി.
റിപ്പബ്ലിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ വലംകയ്യായി 2001 മുതൽ 2009 വരെ സേവനമനുഷ്ഠിച്ച ചെനി, 2003 മാർച്ചിൽ യു.എസിന്റെ ഇറാഖ് അധിനിവേശം ഉൾപ്പെടെ ബുഷിന്റെ ‘ഭീകരതക്കെതിരായ യുദ്ധത്തിൽ’ പ്രധാന പങ്കു വഹിച്ചു. അധിനിവേശത്തിനു മുമ്പ് സദ്ദാം ഹുസൈൻ ഭരണകൂടത്തിന്റെ കൈവശം കൂട്ട നശീകരണ ആയുധങ്ങൾ ഉണ്ടെന്ന് ചെനി പ്രഖ്യാപിച്ചു. എന്നാൽ, സൈനിക നീക്കത്തിനിടെ അത്തരം ആയുധങ്ങൾ ഒരിക്കൽപോലും കണ്ടെത്തിയില്ല. ഇക്കാര്യം പിന്നീട് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി െബ്ലയറും തുറന്നു സമ്മതിക്കുകയുണ്ടായി.
സെപ്റ്റംബർ 11 ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഉസാമ ബിൻ ലാദന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ അൽ ഖാഇദയും ഇറാഖും തമ്മിൽ ബന്ധമുണ്ടെന്ന് ചെനി ആവർത്തിച്ച് അവകാശപ്പെട്ടു. ആക്രമണകാരികൾ അമേരിക്കൻ സൈനിക ശക്തിയുടെ കടുത്ത കോപത്തിനിരയാവുമെന്നും ചെനി മുന്നറിയിപ്പു നൽകി. ശേഷം നടത്തിയ യുദ്ധങ്ങളിൽ ഇറാഖിലും അഫ്ഗാനിലും ലക്ഷങ്ങൾക്കു ജീവൻ നഷ്ടമായി. ഒടുവിൽ സദ്ദാം ഹുസൈന്റെയും ബിൻ ലാദന്റെയും പതനങ്ങൾക്കും വഴിയൊരുക്കി.
റിച്ചാർഡ് ബ്രൂസ് ചെനി എന്ന ഡിക് ചെനി 1941 ജനുവരി 30ന് നെബ്രാസ്കയിലെ ലിങ്കണിലാണ് ജനിച്ചത്. കൃഷി വകുപ്പിലെ ജോലിക്കാരനായിരുന്നു പിതാവ്. അമ്മ 1930കളിലെ അറിയപ്പെടുന്ന സോഫ്റ്റ്ബോൾ കളിക്കാരിയായിരുന്നു. 13 വയസ്സുള്ളപ്പോൾ, ചെനിയുടെ കുടുംബം വ്യോമിംഗിലെ പട്ടണമായ കാസ്പറിലേക്ക് താമസം മാറി. 1959ൽ, ചെനി ‘യേലി’ൽ സ്കോളർഷിപ്പോടെ പഠനത്തിനായി ചേർന്നെങ്കിലും ബിരുദം നേടുന്നതിൽ പരാജയപ്പെട്ടു.
ഇരുപതുകളുടെ തുടക്കത്തിൽ, മദ്യപിച്ച് വാഹനമോടിച്ചതിന് ചെനി രണ്ടുതവണ ശിക്ഷിക്കപ്പെട്ടു. 1959ൽ, സൈനിക സേവനത്തിനുള്ള കരടുപട്ടികയിൽ യോഗ്യത നേടിയെങ്കിലും നിരവധി മാറ്റിവെക്കലുകൾ നേരിടേണ്ടി വന്നു.
1968ൽ വിസ്കോൺസിനിൽ നിന്നുള്ള ഒരു യുവ റിപ്പബ്ലിക്കൻ പ്രതിനിധിയായ വില്യം സ്റ്റീഗറിനു വേണ്ടി ജോലി ചെയ്താണ് രാഷ്ട്രീയത്തിലേക്കുള്ള തുടക്കം. പതിറ്റാണ്ടുകളോളം റിപ്പബ്ലിക്കൻ സർക്കിളുകളിൽ പിന്നണിയിൽ പ്രവർത്തിച്ചു. 1970 കളിൽ പ്രസിഡന്റ് ജെറാൾഡ് ഫോർഡിന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായും 1980 കളിൽ വ്യോമിംഗിൽ നിന്നുള്ള കോൺഗ്രസിലെ സ്വാധീനമുള്ള അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ജോർജ് ബുഷിന്റെ പ്രതിരോധ സെക്രട്ടറി എന്ന നിലയിലും 10 വർഷത്തിനുശേഷം ബുഷിന്റെ വൈസ് പ്രസിഡന്റായി ഗൾഫ് യുദ്ധത്തിന്റെ ശിൽപി എന്ന നിലയിലുമാണ് ചെനിയുടെ ശ്രദ്ധേയമായ വേഷങ്ങൾ. ഇവ രണ്ടുമാണ് ചരിത്രത്തിൽ ചെനിയുടെ സ്ഥാനം ഉറപ്പിച്ചത്. സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ എന്നിവക്കെതിരായ ആക്രമണങ്ങളെത്തുടർന്ന് അമേരിക്കൻ വിദേശനയത്തിലും ദേശീയ സുരക്ഷയിലും മേൽനോട്ടം വഹിച്ചു.
അവസാന വർഷങ്ങളിൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിച്ഛായയിൽ പുന:ർനിർമിക്കപ്പെട്ട സ്വന്തം പാർട്ടിയിൽ ചെനി ഒരു വ്യക്തിത്വമില്ലാത്തയാളായി മാറി. റിപ്പബ്ലിക്കൻ പാർട്ടിയുടെ കടുത്ത വിമർശകനായി. അദ്ദേഹത്തെ പിന്തുടർന്ന് കോൺഗ്രസിലേക്ക് വന്ന മകളെ ട്രംപിനെ വിമർശിച്ചതിന്റെ പേരിൽ സ്ഥാനഭ്രഷ്ടയാക്കി.
വിചിത്രമായ ഒരു അന്തിമ വഴിത്തിരിവും ഉണ്ടായി. ട്രംപിനു നേർക്കുള്ള വിമർശനത്തിന്റെയും 2024ൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചതിന്റെയും പേരിൽ, പതിറ്റാണ്ടുകൾക്ക് മുമ്പ് ചെനിയെ അപലപിച്ച ഇടതുപക്ഷത്തുള്ള ചിലർ അദ്ദേഹത്തെ പ്രശംസിക്കുന്നതിനും അമേരിക്കൻ രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. എങ്കിലും, അധിനിവേശങ്ങളുടെ മായാത്ത ചോരക്കറയുമായാണ് ഡിക് ചെനിയുടെ മടക്കം.


