മംദാനിയെ തീർത്തുകളയുമെന്ന ഭീഷണിയുമായി വീണ്ടും ട്രംപ്
text_fieldsന്യൂയോർക്: ജന്മനാട്ടിൽ തന്റെ സ്ഥാനാർഥിയെ വെട്ടി ജനം എതിരാളിക്ക് വോട്ട് നൽകിയതിന്റെ കലിപ്പടങ്ങാതെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഇയാളുടെ പേര് എന്തുതന്നെയായാലും വനിത സ്പോർട്സിൽ ആണുങ്ങൾ കളിക്കാൻ ഇറങ്ങുംപോലെയാണിതെ’ന്ന് സൊഹ്റാൻ മംദാനിയെ പരിഹസിച്ച് ട്രംപ് പറഞ്ഞു. കമ്യൂണിസവും സാമാന്യബോധവും തമ്മിലെ കടുത്ത തെരഞ്ഞെടുപ്പാണ് അമേരിക്കക്കാർക്ക് മുന്നിലുള്ളത്. നവംബർ അഞ്ചിന് താൻ ജയിച്ചപ്പോൾ പരമാധികാരം ജയിച്ച അമേരിക്കൻ ജനതക്ക് ചൊവ്വാഴ്ച മേയർ തെരഞ്ഞെടുപ്പോടെ അത് ഭാഗികമായി നഷ്ടമായി. അത് നാം കൈകാര്യംചെയ്യും. ന്യൂയോർക്കിൽ ഇനി നിങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ. അത്രയും സംഭവിക്കാതിരിക്കട്ടെയെന്നായിരുന്നു. പക്ഷേ, നിങ്ങളത് കാണാൻ പോകുകയാണ്. ന്യൂയോർക് സിറ്റിക്ക് സമ്പൂർണ സാമ്പത്തിക, സാമൂഹിക ദുരന്തമാണ് മുന്നിൽ’ -ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം മംദാനി വിജയത്തിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ രാഷ്ട്രീയ വംശാധിപത്യത്തിന്റെ അവസാനമാണ് കുറിച്ചതെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രംപിനാൽ വഞ്ചിക്കപ്പെട്ട ഒരു രാജ്യത്ത് എങ്ങനെ അയാളെ കീഴടക്കാമെന്ന് ആർക്കെങ്കിലും തെളിയിക്കാനുണ്ടെങ്കിൽ അത് ന്യൂയോർക് സിറ്റി കാണിച്ചുതന്നിരിക്കുന്നു. ഒരു ഏകാധിപതിയെ ഭയപ്പെടുത്താൻ മാർഗമുണ്ടെങ്കിൽ അത് അയാൾക്ക് അധികാരമുറപ്പിച്ച സാഹചര്യങ്ങൾ ഇല്ലാതാക്കിയാണ്. ഇത് ട്രംപിനെ മാത്രമല്ല, വരും തലമുറ ട്രംപുമാരെയും പിടിച്ചുകെട്ടലാണ്. ന്യൂയോർക് സിറ്റി ഇനിയും കുടിയേറ്റക്കാരുടെ പട്ടണമായി തുടരും. കുടിയേറ്റക്കാർ പണിത, അവർ കരുത്ത് നൽകിയ, ഇന്ന് മുതൽ ഒരു കുടിയേറ്റക്കാരൻ നയിക്കുന്ന പട്ടണമാണിത്’- മംദാനിയുടെ വാക്കുകൾ.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ നിരന്തര ആക്രമണമാണ് ട്രംപ് മംദാനിക്കെതിരെ അഴിച്ചുവിട്ടിരുന്നത്. കമ്യൂണിസ്റ്റാണെന്ന വിമർശനത്തിന് പുറമെ ജൂത വിരുദ്ധനാണെന്നും ഒരു ജൂതനും വോട്ട് ചെയ്യരുതെന്നും ആവശ്യപ്പെട്ടിരുന്നു. ട്രംപിന് പുറമെ റിപ്പബ്ലിക്കൻമാർ, സ്വന്തം കക്ഷിയായ ഡെമോക്രാറ്റുകൾ എന്നിവരിൽനിന്നൊക്കെയും കടുത്ത ഇസ്ലാംഭീതി നിറഞ്ഞ ആക്രമണങ്ങളും മംദാനിക്കെതിരെ ഉയർന്നു. േഫ്ലാറിഡ കോൺഗ്രസ് അംഗം റാൻഡി ഫൈൻ, ടെന്നസിയിൽനിന്നുള്ള പ്രതിനിധി ആൻഡി ഓഗ്ൾസ് എന്നിവർ മംദാനിയുടെ പൗരത്വം റദ്ദാക്കി നാടുകടത്തണമെന്ന ആവശ്യവും ഉയർത്തി. സമൂഹ മാധ്യമങ്ങൾ വഴി പതിനായിരക്കണക്കിന് പോസ്റ്റുകൾ മംദാനിയുടെ മതത്തിന്റെ പേരു പറഞ്ഞ് പ്രചരിച്ചിരുന്നു.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന്
ന്യൂയോർക്: ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് ഒരു വർഷത്തെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ദക്ഷിണാഫ്രിക്കയിൽ നവംബർ 22, 23 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ആഫ്രിക്ക ആദ്യമായാണ് ജി20 ഉച്ചകോടിക്ക് വേദിയാകുന്നത്. ദക്ഷിണാഫ്രിക്കയിൽ ഉച്ചകോടി നടക്കുന്നതിൽ എതിർപ്പറിയിച്ചാണ് വിട്ടുനിൽക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. അവിടെ നടന്ന കാര്യങ്ങൾ നല്ലതല്ലെന്നും ഗ്രൂപ്പിൽ അവർ ഉണ്ടാകാൻ പാടില്ലെന്നും അമേരിക്ക ബസിനസ് ഫോറത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഈ വർഷം ഡിസംബർ ഒന്നിന് അമേരിക്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. അടുത്ത വർഷത്തെ ഉച്ചകോടി മിയാമിയിലെ തന്റെ ഗോൾഫ്ക്ലബിൽ നടത്തുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.


