Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹമാസ് പ്രഖ്യാപനത്തെ...

ഹമാസ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ട്രംപ്, ഇസ്രായേൽ ആക്രമണം നിർത്തണമെന്ന് നിർദേശം; ആദ്യഘട്ട നടപടികൾ ആരംഭിച്ചതായി ഇസ്രായേൽ

text_fields
bookmark_border
Donald Trump
cancel
camera_alt

ഡോണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇസ്രായേലി ബന്ദികളെ വിട്ടയക്കാൻ തയാറാണെന്ന ഹമാസിന്‍റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ഹമാസ് ദീർഘകാലം നിലനിൽക്കുന്ന സമാധാനം ആഗ്രഹിക്കുന്നതായി വിഡിയോ സന്ദേശത്തിൽ ട്രംപ് വ്യക്തമാക്കി. ഹമാസ് അനുകൂലമായി പ്രതികരിച്ച സാഹചര്യത്തിൽ ഇസ്രായേൽ ആക്രമണം നിർത്തിവെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

'ഖത്തർ, തുർക്കിയ, സൗദി അറേബ്യ, ഈജിപ്ത്, ജോർഡാൻ അടക്കം തനിക്ക് സഹായം നൽകിയ എല്ലാ രാജ്യങ്ങളോടും നന്ദി അറിയിക്കുന്നു. നിരവധി പേർ കഠിനധ്വാനം ചെയ്തു. ബന്ദികൾ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുക എന്നത് വളരെ പ്രധാനമാണ്. യുവാവോ യുവതിയോ ജീവിച്ചിരിക്കണമെന്ന് അവരുടെ മാതാപിതാക്കൾ ആഗ്രഹിക്കുന്നു.

വളരെ സവിശേഷമായ ഒരു ദിവസമാണെന്ന പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് വളരെ വലിയ സഹായം ലഭിച്ചു. ഈ യുദ്ധം അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിൽ സമാധാനം പുലരണമെന്നും എല്ലാവരും ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നു. ഞങ്ങൾ അത് നേടിയെടുക്കുന്നതിന്‍റെ അരികിലാണ്. എല്ലാവരോടും നീതിപൂർവം പൊരുമാറും' -ട്രംപ് വ്യക്തമാക്കി.

ട്രംപിന്‍റെ നിർദേശങ്ങൾ പാലിച്ച് ആദ്യഘട്ട സമാധാനനീക്കങ്ങളിലേക്ക് കടക്കുന്നതായി ഇസ്രായേൽ അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് നിർദേശം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്‍റെ ഓഫിസ് നൽകി. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്‍റെയും സംഘത്തിന്‍റെയും നീക്കങ്ങൾക്ക് നൽകുന്ന എല്ലാ സഹകരണവും തുടരുമെന്നും ഇസ്രായേൽ പ്രസ്താവനയിൽ വ്യക്തമാക്കി.

ഗസ്സയിലെ ആക്രമണം കുറക്കാൻ സേനക്ക് ഇസ്രായേൽ ഭരണകൂടം നിർദേശം നൽകിയതായി സൈനിക റോഡിയോ വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനം മാത്രം നടത്തിയാൽ മതിയെന്ന് നിർദേശിച്ചതായും ഗസ്സ നഗരം കീഴടക്കാനുള്ള നീക്കം നിർത്തിവെച്ചതായും സൈനിക ലേഖകൻ ഡോറോൺ കദോഷ് എക്സിൽ കുറിച്ചു.

തങ്ങളുടെ പക്കലുള്ള മുഴുവൻ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാൻ തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയത്. ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗസ്സ സമാധാന പദ്ധതിയിലെ മിക്ക കാര്യങ്ങളും അംഗീകരിക്കുന്നുവെന്നും എന്നാൽ ചില വ്യവസ്ഥകളിൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് മധ്യസ്ഥരെ അറിയിച്ചു.

ഗസ്സയുടെ ഭരണം സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഒരു ഫലസ്തീൻ സമിതിക്ക് കൈമാറാനും ഹമാസ് സന്നദ്ധത അറിയിച്ചു. ഫലസ്തീൻ സമവായത്തോടെയും അറബ്, ഇസ്‍ലാമിക പിന്തുണയോടെയും ആയിരിക്കും ഇത്.

48 ബന്ദികളാണ് ഹമാസിന്‍റെ പക്കലുള്ളതെന്നാണ് റിപ്പോർട്ട്. ഇതിൽ ജീവനോടെയുള്ള 20 പേരെ ഹമാസ് വിട്ടയക്കും. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ ഇസ്രായേലിന് കൈമാറുമെന്നാണ് വിവരം.

ഞായറാഴ്ച വൈകിട്ട് ആറ് മണിക്കകം ഗസ്സ സമാധാന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാ​ലെയാണ് ഹമാസിന്‍റെ പ്രതികരണം. പദ്ധതി അംഗീകരിച്ചി​ല്ലെങ്കിൽ ഹമാസിന് നേരിടേണ്ടിവരിക നരകമായിരിക്കുമെന്നും വെള്ളിയാഴ്ച സാമൂഹിക മാധ്യമത്തിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

ഹമാസിന് നൽകുന്ന അവസാന അവസരമാണ് ഇതെന്നും പദ്ധതി അംഗീകരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ ഇതുവരെ കാണാത്ത വിനാശമായിരിക്കും ഉണ്ടാവുകയെന്നും ട്രംപ് പറഞ്ഞു. ഏത് രീതിയിലായാലും മിഡിലീസ്റ്റിൽ സമാധാനമുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

മൂന്നോ നാലോ ദിവസത്തിനകം പദ്ധതി അംഗീകരിക്കണമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു. ഹമാസി​ന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള പദ്ധതി അംഗീകരിക്കാൻ അറബ്, തുർക്കിയ നേതാക്കൾ ​ഹമാസിൽ സമ്മർദം ചെലുത്തുന്നതായും വിവരമുണ്ട്.

Show Full Article
TAGS:Donald Trump GAZA plan hamas Israel Attack Latest News 
News Summary - Donald Trump welcome Hamas response to Gaza plan
Next Story