ഗസ്സയിൽ ദീർഘകാല കരാറിന് ശ്രമം ഊർജിതം; ഏഴു വർഷം വരെ നീളുന്ന വെടിനിർത്തലാണ് ലക്ഷ്യം
text_fieldsആക്രമണത്തിൽ തകർന്ന സ്കൂൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നവർ
ഗസ്സ സിറ്റി: ഗസ്സയിൽ ദീർഘകാല വെടിനിർത്തലിന് ശ്രമം ഊർജിതമാക്കി അറബ് രാഷ്ട്രങ്ങൾ. അഞ്ചു മുതൽ ഏഴു വരെ വർഷം നീളുന്ന വെടിനിർത്തലാണ് ഈജിപ്തിെന്റയും ഖത്തറിെന്റയും നേതൃത്വത്തിലുള്ള ദൗത്യം ലക്ഷ്യമിടുന്നത്. ഹമാസ് ബന്ദികളാക്കിയവരിൽ ശേഷിക്കുന്നവരെ മുഴുവൻ വിട്ടയക്കാനും കരാറിൽ വ്യവസ്ഥയുണ്ടാകും.
ഗസ്സ മുനമ്പിൽനിന്ന് ഘട്ടംഘട്ടമായി ഇസ്രായേൽ സേനയുടെ പിന്മാറ്റം, ഫലസ്തീൻ തടവുകാരുടെ മോചനം എന്നിവയും ദീർഘകാല വെടിനിർത്തലിെന്റ ലക്ഷ്യങ്ങളാണെന്ന് ഈജിപ്തിെന്റയും ഹമാസിെന്റയും പേര് വെളിപ്പെടുത്താത്ത പ്രതിനിധികൾ പറഞ്ഞു. ഹമാസുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ച് കഴിഞ്ഞമാസമാണ് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചത്.
അന്താരാഷ്ട്ര ഗാരന്റിയോടുകൂടിയ ദീർഘകാല വെടിനിർത്തൽ കാലയളവിൽ രാഷ്ട്രീയ നിഷ്പക്ഷരായ സാങ്കേതിക വിദഗ്ധരുടെ കമ്മിറ്റിയായിരിക്കും ഗസ്സയിൽ ഭരണം നടത്തുക. ഈ വ്യവസ്ഥ ഹമാസ് അംഗീകരിച്ചതായാണ് സൂചന. ഇസ്രായേൽ സേനയുടെ സമ്പൂർണ പിൻവാങ്ങലും റഷ്യ, ചൈന, തുർക്കിയ, യു.എൻ രക്ഷാസമിതി തുടങ്ങിയവയുടെ ഉറപ്പും അടങ്ങുന്ന ദീർഘകാല കരാറിനോട് തുറന്ന സമീപനമാണുള്ളതെന്ന് ഹമാസ് പ്രതിനിധി പ്രതികരിച്ചു.
ദീർഘകാല വെടിനിർത്തൽ കരാറിനെക്കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. അതേസമയം, ഹമാസിന് ഗസ്സയിൽ സ്വാധീനം നിലനിർത്താനും വീണ്ടും കരുത്താർജിക്കാനും ഇടയാക്കുന്ന ഒത്തുതീർപ്പുകൾക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിെന്റ നിലപാടിനെ പിന്തുണക്കുന്നുവെന്ന് അമേരിക്കയും പറഞ്ഞിട്ടുണ്ട്.
ഗസ്സയിൽ 39 പേർ കൂടി കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 39 പേർ കൂടി കൊല്ലപ്പെട്ടു. 105 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ഗസ്സയിൽ അഭയാർഥി ക്യാമ്പായി മാറ്റിയ സ്കൂളിനുനേരെയും ഇസ്രായേൽ ആക്രമണമുണ്ടായി. 10 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
നിരവധി പേരെ ഇസ്രായേൽ സേന തടവിലാക്കിയതായും റിപ്പോർട്ടുണ്ട്. സ്ത്രീകളും കുട്ടികളും നേരത്തെ വിട്ടയച്ച തടവുകാരും ഉൾപ്പെടെ 50ഓളം പേരെയാണ് 24 മണിക്കൂറിനിടെ തടവിലാക്കിയത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം ആരംഭിച്ചശേഷം 51,305 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 117,096 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, ഗസ്സയിലേക്ക് മാനുഷിക സഹായം തടസ്സമില്ലാതെ എത്തുന്നത് അനുവദിച്ച് അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ജർമനിയും ഫ്രാൻസും യു.കെയും സംയുക്തമായി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
ഡയാലിസിസ് ഇല്ല; രോഗികളുടെ മരണം 400 കടന്നു
ദൈർ അൽബലഹ്: യുദ്ധം നരക ഭൂമിയാക്കിയ ഗസ്സയിൽ ഡയാലിസിസ് മുടങ്ങിയതോടെ മരിച്ച വൃക്കരോഗികളുടെ എണ്ണം 400 കടന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഭക്ഷണം, മെഡിക്കൽ സാധനങ്ങൾ, ഇന്ധനം തുടങ്ങി ഫലസ്തീനിലേക്കുള്ള എല്ലാ ഇറക്കുമതികളും ഇസ്രായേൽ തടഞ്ഞിരിക്കുകയാണ്.
വെടിനിർത്തൽ അവസാനിപ്പിച്ചതിനുശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ സമ്മർദത്തിലാക്കാൻ ലക്ഷ്യമിട്ടാണിതെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞു. ഗസ്സയിലെ ഏഴ് ഡയാലിസിസ് കേന്ദ്രങ്ങളിൽ ആറും യുദ്ധത്തിൽ തകർന്നതായി ലോക ആരോഗ്യ സംഘടന അറിയിച്ചു.