Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയിൽനിന്നൊരു...

ഇന്ത്യയിൽനിന്നൊരു ഇറാൻ ട്വീറ്റ്; വെട്ടിലായി അമേരിക്കയും ഇറാനും

text_fields
bookmark_border
ഇന്ത്യയിൽനിന്നൊരു ഇറാൻ ട്വീറ്റ്; വെട്ടിലായി അമേരിക്കയും ഇറാനും
cancel

വാഷിങ്ടൺ/തെൽ അവീവ്: യുദ്ധ മുഖത്ത് പലപ്പോഴും വ്യാജ വാർത്തകൾ ‘ആയുധ’മാകാറുണ്ട്. എതിരാളികളുടെമേൽ മാനസികമായി കരുത്തുനേടാനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കാറുള്ളത്. ഇറാൻ, ഗസ്സ യുദ്ധ മുഖത്ത് ഇസ്രായേൽ ഇങ്ങനെയുള്ള കുതന്ത്രങ്ങൾ പ്രയോഗിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇങ്ങനെയുള്ള ഒരു വ്യാജവാർത്ത ഇപ്പോൾ സാക്ഷാൽ അമേരിക്കയേയും ഇ​സ്രായേലിനെയും വെട്ടിലാക്കിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള വ്യാജവാർത്ത എങ്ങനെ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറി എന്നത് സംബന്ധിച്ച് ‘ന്യൂയോർക്ക് ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. ഒരു ചെറിയ കോണിൽനിന്ന് തുടങ്ങിയ ഈ അസംബന്ധം മണിക്കൂറുകൾക്കകം ഇസ്രായേലിലെയും യു.എസിലെയും മുൻനിര മാധ്യമങ്ങളുടെയും ഭരണാധികാരികളുടെയും മുന്നിലെത്തുകയായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിലും ട്രംപ് ഭരണകൂടത്തിന്റെ യു.എൻ അംബാസഡർ മൈക്ക് വാൾട്സിന്റെ പോസ്റ്റിലും വരെ ഇത് ഇടംപിടിച്ചു.

ആഗസ്റ്റ് അഞ്ചിന് രാവിലെയാണ് സംഭവം ആരംഭിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള ഒരു അജ്ഞാത എക്സ് അക്കൗണ്ടിലാണ് വ്യാജ വാർത്ത പ്രത്യക്ഷപ്പെടുന്നത്. ഇസ്‍ലമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐ.ആർ.ജി.സി) കമാൻഡർ ബ്രിഗേഡിയർ ജനറൽ അഹ്മദ് വഹിദി, അമേരിക്കയുടെയും ഇസ്രായേലിന്റെയും കൈവശം ആണവായുധങ്ങൾ ഉള്ളിടത്തോളം കാലം തങ്ങളും അത് ഉപേക്ഷിക്കില്ല എന്ന് പ്രഖ്യാപിച്ചു എന്നായിരുന്നു അവകാശവാദം.

കമാൻഡർ അത്തരമൊരു പ്രസ്താവന നടത്തിയെന്നതിനോ ഇറാൻ ആണവായുധം നിർമിച്ചെന്നതിനോ യാതൊരു തെളിവുമില്ലായിരുന്നു. എന്നാൽ, ഇത് സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുന്നതിൽനിന്ന് ആരെയും തടഞ്ഞില്ല.

ഇസ്രായേലി അക്കൗണ്ടുകൾ ഈ ഉദ്ധരണി ഏറ്റെടുക്കുകയും തുടർന്ന് വാർത്തയാക്കുകയും ചെയ്തു. ബോംബ് നിർമിക്കുകയാണെന്ന ഇറാന്റെ ആദ്യ തുറന്ന സമ്മതമായാണ് ചാനൽ ഇതിനെ വിശേഷിപ്പിച്ചത്. അന്ന് വൈകുന്നേരമായപ്പോഴേക്കും ജറുസലേമിലെ മൗണ്ട് ഹെർസൽ ദേശീയ ശ്മശാനത്തിൽ നടന്ന ചടങ്ങിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രസംഗത്തിലും ഇത് ഇടംപിടിച്ചു. ഇറാന്റെ യഥാർത്ഥ ലക്ഷ്യങ്ങളുടെ തെളിവായിട്ടാണ് അദ്ദേഹം ഇതിനെ പരാമർശിച്ചത്.

വാഷിങ്ടണിൽ, ട്രംപ് ഭരണകൂടത്തിന്റെ യു.എൻ അംബാസഡർ മൈക്ക് വാൾട്സ് ഈ വ്യാജ അവകാശവാദം ഓൺലൈനിൽ പങ്കുവെച്ചു. ഫോക്സ് ന്യൂസും ഈ വാർത്ത കവർ ചെയ്തു.

ഈ പോസ്റ്റിന്റെ ഉറവിടത്തെയും യാത്രയെയും ‘ന്യൂയോർക്ക് ടൈംസ്’ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

-1,75,000-ലധികം ഫോളോവേഴ്സ് ഉള്ള ഒരു ഇന്ത്യൻ എക്സ് അക്കൗണ്ടിൽ നിന്നാണ് ഇതിന്റെ തുടക്കം.

-രണ്ട് മണിക്കൂറിനുള്ളിൽ 82,000 ഫോളോവേഴ്സ് ഉള്ള മറ്റൊരു ഇന്ത്യൻ അക്കൗണ്ട് ഇതിന്റെ ഹിന്ദി പരിഭാഷ പങ്കുവെച്ചു.

-തുടർന്ന്, ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ പേരിൽ അറിയപ്പെടുന്നതും എന്നാൽ ഔദ്യോഗിക ബന്ധമില്ലാത്തതുമായ ‘മൊസാദ് കമന്ററി’ എന്ന അക്കൗണ്ട് ഈ അവകാശവാദം കൂടുതൽ പ്രചരിപ്പിച്ചു.

-അരമണിക്കൂറിന് ശേഷം ഇസ്രായേലിന്റെ ചാനൽ 14 ഈ ഉദ്ധരണി ഇംഗ്ലീഷിൽ സംപ്രേക്ഷണം ചെയ്തു.

-പ്രധാനമന്ത്രിയുടെ മകനും രാഷ്ട്രീയ നിരീക്ഷകനുമായ യായർ നെതന്യാഹു ഏതാനും മിനിറ്റുകൾക്കകം ഈ പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിച്ചു.

-ഇതിന് ശേഷം മൂന്ന് മണിക്കൂറിൽ താഴെയുള്ള സമയത്തിനുള്ളിലാണ് ഈ വ്യാജവാർത്ത പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ എത്തിയത്

വൈറൽ പോസ്റ്റ് തികഞ്ഞ നുണയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘായി വ്യക്തമാക്കി. ഇസ്‍ലാമിക് റിപ്പബ്ലിക്കിനെതിരെ നടക്കുന്ന നുണകളുടെ പ്രളയമാണിതെന്നും ഇതിന് പിന്നിൽ ഇസ്രായേലാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതിന് തെളിവുകളൊന്നും നൽകിയില്ല. ഇറാനെതിരെ സൈനിക നടപടി ന്യായീകരിക്കാൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇത്തരം ആരോപണങ്ങൾ ഉപയോഗിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
TAGS:Fake News Iran Israel US 
News Summary - Fake Iran nuke claim from India X account reached Netanyahu and Trump
Next Story