യുദ്ധഭീതിയിൽ വീണ്ടും പശ്ചിമേഷ്യ; ഇടക്കാല കരാർ തകർന്നതിന് പിന്നിൽ അമേരിക്കയെന്ന് ഇറാൻ
text_fieldsതെഹ്റാൻ: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഉണ്ടാക്കിയ ഇടക്കാല കരാർ തകർന്നതിന് പിന്നിൽ വാഷിങ്ടണിന്റെ വീഴ്ചയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. അതേസമയം, ഇരുവിഭാഗവും കരാറിലേക്ക് തിരികെ വന്ന് അത് പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനിയൻ പ്രസ് ടിവിയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നത്.
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന് ‘എപ്പിക് ഫ്യൂറി’ എന്നാണ് അമേരിക്കൻ കോഡ് നാമം നൽകിയിട്ടുള്ളത്. ഈ വാരാന്ത്യത്തിൽ തന്നെ സൈനിക നടപടികൾ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് വെള്ളിയാഴ്ച യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുന്നത്.
ഇത്തരം ചെറിയ ആക്രമണങ്ങൾ ഉണ്ടായാലും അതിനേക്കാൾ പലമടങ്ങ് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസിനോട് വ്യക്തമാക്കി. ഏത് സാഹചര്യത്തിലും എന്തു വിലകൊടുത്തും യു.എസ് സൈന്യത്തെ ഗൾഫിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് അലി അബ്ദുല്ലയും ശനിയാഴ്ച മുന്നറിയിപ്പ് നൽകി.
ഇറാൻ സർക്കാരിനെ അട്ടിമറിക്കുന്നതിൽ പ്രതിജ്ഞാബദ്ധനാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ട് ഭരണാധികാരികളും രാഷ്ട്രീയമായി നിർണായകമായ തിരഞ്ഞെടുപ്പുകളെയാണ് അഭിമുഖീകരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ഇസ്രയേലിൽ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുന്നത്. നവംബർ മൂന്നിന് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി യു.എസിൽ നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പുകളെയും നേരിടുന്നുണ്ട്. ഇതിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം പിടിച്ചെടുത്താൽ അത് ട്രംപിന് വലിയ തിരിച്ചടിയാകും.
സ്വയം പ്രതിരോധിക്കാൻ ആരുടെയും അനുമതിക്കായി കാത്തുനിൽക്കില്ലെന്ന് ഇറാൻ സർക്കാർ വക്താവ് ഫാത്തിമ മഹാജറാനി ശനിയാഴ്ച വ്യക്തമാക്കി. രാജ്യം സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും ഏതൊരു ആക്രമണത്തിനും ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അവർ കൂട്ടിച്ചേർത്തു. ‘സമാധാനത്തിനായി ചർച്ച നടത്തുന്നതിൽ നിന്ന് ഞങ്ങൾ ഒളിച്ചോടില്ല, അതുപോലെ രാജ്യം സംരക്ഷിക്കുന്നതിൽ ഒട്ടും മടിക്കുകയുമില്ല. ഇറാനെ തകർക്കാമെന്ന വ്യാമോഹം വെച്ചുപുലർത്തുന്നവർ അവരുടെ കണക്കുകൂട്ടലുകൾ തിരുത്തണം’- മൊഹാജറാനി കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, ഇറാൻ ജുഡീഷ്യറി മേധാവി ഗുലാംഹുസൈൻ മുഹ്സെനി ഇജെഇ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുമായി കൂടിക്കാഴ്ച നടത്തി. യു.എസ്-ഇസ്രയേൽ യുദ്ധത്തിൽ ദുരിതമനുഭവിച്ച ഇറാനികൾക്കുള്ള നഷ്ടപരിഹാരം, അഴിമതി തടയൽ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഫെബ്രുവരി 28ലെ യുദ്ധത്തിന്റെ തുടക്കത്തിൽ വധിക്കപ്പെട്ട തന്റെ പിതാവിന് ശേഷമാണ് മുജ്തബ പരമോന്നത നേതാവായി ചുമതലയേറ്റത്. മാർച്ച് ആദ്യം സ്ഥാനമേറ്റെടുത്തതിനുശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചാകാരനുമായ മുഹമ്മദ് ബാഗർ ഘാലിബഫും ഈ ആഴ്ച ആദ്യം ഖാംനഈയെ സന്ദർശിച്ചിരുന്നു.


