ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ മെഹുൽ ചോക്സി ബെൽജിയം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: 13,000 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തി നാടുവിട്ട കേസിൽ വിചാരണക്കായി ഇന്ത്യയിലേക്ക് നാടുകടത്താൻ അനുവദിച്ചതിനെതിരെ മെഹുൽ ചോക്സി ബെൽജിയം സുപ്രീം കോടതിയിൽ. ആന്റ് വെർപ് അപ്പീൽ കോടതിയാണ് ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് ചോക്സിയെ നാടുകടത്താൻ അനുമതി നൽകിയത്. ഇതിനെതിരെ ഒക്ടോബർ 30നാണ് ചോക്സി പരമോന്നത കോടതിയെ സമീപിച്ചത്.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടിയുടെ തട്ടിപ്പ് രാജ്യം തിരിച്ചറിയുന്നതിന് തലേന്ന് 2018 ജനുവരിയിലാണ് ചോക്സി ആന്റിഗ്വയിലേക്ക് നാടുവിട്ടത്. മെഹുൽ ചോക്സിയും അനന്തരവൻ നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിനെ വഞ്ചിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ഇന്ത്യയുടെ ആരോപണം. മെഹുലിനെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് ഇ.ഡി മുംബൈയിലെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ വാദിച്ചിരുന്നു. ഇന്‍റർ പോൾ മെഹുലിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പിന്നീട് ഇയാളെ ബെൽജിയത്തിലാണ് കണ്ടെത്തിയത്. സി.ബി.ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് 65കാരനായ മെഹുലിനെ ആന്റ് വെർപ് പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി ജയിലിൽ കഴിയുന്ന മെഹുൽ ബെൽജിയത്തിലെ വിവിധ കോടതികൾ വഴി ജാമ്യത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് 2024ൽ ഇന്ത്യ ഇയാളെ വിട്ടുകിട്ടാൻ അപേക്ഷ നൽകുകയായിരുന്നു. ക്രിമിൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വഞ്ചന, അക്കൗണ്ടുകളിൽ കൃത്രിമം കാണിക്കൽ, കൈക്കൂലി എന്നിങ്ങനെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചോക്സിയുടെ കൊമാറ്റത്തിന് ഇന്ത്യ ബെൽജിയത്തെ സമീപിച്ചത്. ചോക്സിയെ കൈമാറുകയാണെങ്കിൽ മുബൈയിലെ ആർതർ ജയിലിൽ പാർപ്പിക്കുമെന്നും ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും മെഡിക്കൽ സൗകര്യങ്ങളും, പത്രം,ടി വി എന്നിവയൊക്കെ ജയിലിൽ ലഭ്യമാക്കുമെന്ന് ഇന്ത്യ കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
മുംബൈ പ്രത്യേക കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് അനുസരിച്ച് ചോക്സിയെ നാടുകടത്താമെന്ന് കഴിഞ്ഞ വർഷം നവംബർ 29നാണ് ഉത്തരവുണ്ടായത്. തന്നെ നാടുകടത്തുന്നതിനെതിരെ ചോക്സി സമർപ്പിച്ച അപ്പീൽ നേരത്തെ ബെൽജിയം കോടതി തള്ളിയിരുന്നു. ഇന്ത്യയിലേക്ക് നാടുകടത്തിയാൽ നീതിപൂർവമായ വിചാരണ നിഷേധിക്കപ്പെടാനോ പീഡനത്തിന് വിധേയനാകാനോ സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് ബെൽജിയം കോടതി അപേക്ഷ തള്ളിയിരുന്നത്. തുടർന്നാണ് ചോക്സി ബെൽജിയം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.


