‘നെതന്യാഹു കൊല്ലാൻ തീരുമാനിച്ചാൽ ഞങ്ങൾക്കെന്ത് ചെയ്യാനാവും’ ബന്ദികൾക്ക് വിട പറഞ്ഞ് പോസ്റ്ററുമായി ഹമാസ്
text_fieldsഹമാസ് പുറത്തുവിട്ട പോസ്റ്റർ
ഗസ്സ സിറ്റി: അവസാനിക്കുന്ന 47 ബന്ദികൾക്ക് വിടപറഞ്ഞ് പോസ്റ്ററുമായി ഹമാസ്. വിടപറയൽ ചിത്രമെന്നാണ് ഹമാസ് പോസ്റ്ററിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 1986ൽ പിടികൂടിയ ഇസ്രായേലി വായുസേനാംഗം റോൺ അരാദിന്റെ പേരാണ് ബന്ദികൾക്കെല്ലാം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്. ഇതിനൊപ്പം ഓരോരുത്തർക്കും തിരിച്ചറിയാനായി അക്കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വെടിനിർത്തൽ-ബന്ദിമോചന കരാർ തള്ളിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങളും പോസ്റ്ററിലുണ്ട്. ഇതിനൊപ്പം, വ്യക്തിപരമായി എതിർപ്പുണ്ടായിട്ടും ഗാസയിലെ അധിനിവേശവുമായി മുന്നോട്ടുപോകുന്ന ഇസ്രായേൽ സൈനിക മേധാവിക്കും രൂക്ഷവിമർശനമുണ്ട്.
‘(പ്രധാനമന്ത്രി ബിന്യമിൻ) നെതന്യാഹുവിൻറെ നിരാസവും (ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ) സമീറിന്റെ വിധേയത്വവും മൂലം, ഗസ്സ സിറ്റിയിലെ സൈനിക നടപടി തുടങ്ങാനിരിക്കെ ഒരു വേർപിരിയൽ ചിത്രം’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
ഇസ്രായേലി പ്രസിദ്ധീകരണമായ വൈനെറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, 47 ബന്ദികളിൽ 20 പേർ മാത്രമേ ജീവിനോടെയുള്ളൂ എന്നാണ് കരുതപ്പെടുന്നത്. ശേഷിക്കുന്ന ബന്ദികളിൽ രണ്ട് പേരുടെ നില ഗുരുതരമാണ്, ബാക്കിയുള്ളവർ ഇതിനകം മരണമടഞ്ഞിട്ടുണ്ട്.
‘നിങ്ങളുടെ ബന്ദികൾ ഗസ്സ സിറ്റിയിലുടനീളം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. നെതന്യാഹു കൊല്ലാൻ തീരുമാനിക്കുന്നിടത്തോളം അവരുടെ ജീവനെ കുറിച്ച് ഞങ്ങൾ ആശങ്കാകുലരല്ല. ഈ ക്രിമിനൽ നടപടിയുടെ തുടക്കവും അതിന്റെ തുടർച്ചയും അർഥമാക്കുന്നത് നിങ്ങൾക്ക് ഒരു ബന്ദിയെപ്പോലും, ജീവനോടെയോ, മൃതദേഹമോ കിട്ടില്ലെന്നാണ്. റോൺ അരാദിനെ പോലെ തന്നെയാവും അവരുടെ വിധിയും.’ അൽ ഖസ്സാം ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞു.
2024 ജനുവരി മുതൽ മാർച്ച് വരെ വെടിനിർത്തൽ നിലവിൽ വന്നതോടെ, 20 ഇസ്രായേലി പൗരന്മാർ, അഞ്ച് സൈനികർ, അഞ്ച് തായ് പൗരന്മാർ എന്നിങ്ങനെ 30 ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട എട്ട് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങളും അവർ വിട്ടുനൽകി. മെയ് മാസത്തിൽ, ഒരു അമേരിക്കൻ-ഇസ്രായേൽ ബന്ദിയെയും ഹമാസ് വിട്ടയച്ചിരുന്നു.
ഇതിന് പകരമായി ഇസ്രായേൽ 2,000 തടവുകാരെയും ബന്ദികളെയും മോചിപ്പിച്ചിരുന്നു. ഗസ്സ സിറ്റിയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെയാണ് ഹമാസ് ബന്ദികളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് വിടപറയൽ പോസ്റ്റർ ഇറക്കുന്നത്.