Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകരാർ നിരസിക്കില്ല,...

കരാർ നിരസിക്കില്ല, കീഴടങ്ങുകയുമില്ല; തന്ത്രപരമായ നീക്കത്തിന് ഹമാസ്, ചർച്ചകൾക്ക് വഴി തുറക്കും

text_fields
bookmark_border
കരാർ നിരസിക്കില്ല, കീഴടങ്ങുകയുമില്ല; തന്ത്രപരമായ നീക്കത്തിന് ഹമാസ്, ചർച്ചകൾക്ക് വഴി തുറക്കും
cancel

യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന കരാർ ഹമാസ് പൂർണമായും അംഗീകരിക്കുമോ? ഗസ്സയിലെ ഇസ്രയേലിന്‍റെ വംശഹത്യോന്മുഖ യുദ്ധം അവസാനിപ്പിക്കുന്നതിന് വഴിയൊരുക്കാനുള്ള ഉപാധിയെന്ന നിലയിൽ തന്ത്രപരമായ സമീപനമാകും ഇക്കാര്യത്തിൽ ഹമാസ് സ്വീകരിക്കുകയെന്നാണ് സൂചന. നിലവിൽ ട്രംപിന്റെ പദ്ധതി ഭാഗികമായി മാത്രം അംഗീകരിച്ച് തുടർ ചർച്ചകൾക്ക് വഴി തുറക്കുകയാണ് ഹമാസ് ചെയ്തിരിക്കുന്നത്. ഹമാസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് തിരിച്ചടി നൽകുന്ന നിരവധി ഘടകങ്ങളാണ് 20 ഇന കരാറിൽ ഉള്ളത്. എങ്കിലും കരാർ ഒറ്റയടിക്ക് നിരസിക്കുക വഴി ലോകത്തിന്റെ അപ്രീതി പിടിച്ചുപറ്റാൻ ഹമാസ് ആഗ്രഹിക്കുന്നില്ല. തൽകാലം ആക്രമണം അവസാനിപ്പിക്കാനും ചർച്ചകൾക്ക് കൂടുതൽ ഇടവും സമയവും തേടാനും ഇതുവഴി കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

ഫലസ്തീൻ രാഷ്ട്രമെന്ന ലക്ഷ്യത്തിന് പൊതുവായും ഹമാസിന് സവിശേഷമായും ഹാനി ഉണ്ടാകുന്ന നിരവധി ഘടകങ്ങളാണ് ട്രംപിന്റെ 20 ഇന പദ്ധതിയിലുള്ളത്. ഗസ്സ ഭരണത്തിന് വിദേശ ശക്തികളെ നിയോഗിക്കാനുള്ള നീക്കം, നിരായുധീകരണം തുടങ്ങിയ പോയന്‍റുകളിൽ ഹമാസിന് കടുത്ത വിയോജിപ്പുണ്ട്. അതേസമയം, ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്ന നിർദേശത്തോട് വിയോജിക്കുന്നുമില്ല. യുദ്ധം അവസാനിക്കുകയും ഫലസ്തീനുകൂടി സ്വീകാര്യമായ നിലയിൽ കരാർ വരികയും ചെയ്താൽ ബന്ദികളെ പിന്നെയും തടവിൽ വെക്കുന്നതിൽ അർഥമില്ല. ഇസ്രായേൽ സൈന്യത്തിന്‍റെ പിൻമാറ്റം സംബന്ധിച്ച വ്യവസ്ഥകളിലും വ്യക്തത വരേണ്ടതു​ണ്ടെന്ന് ഹമാസ് കരുതുന്നു. ചുരുക്കത്തിൽ ലളിതമെന്ന് കടലാസിൽ തോന്നിക്കുന്ന കരാർ അതിസങ്കീർണവും ശ്രമകരവുമായ ചർച്ചാവേദികളിലേക്ക് നീങ്ങുകയാണെന്ന് സാരം. ഖത്തറും ഈജിപ്തുമൊക്കെ മധ്യസ്ഥതയിലേക്ക് വീണ്ടും വരികയും ചെയ്യും.

വെസ്റ്റ് ബാങ്കിനെയും ഗസ്സയെയും വേർതിരിച്ച് ഗസ്സക്ക് മാത്രമായി അന്താരാഷ്ട്ര ഭരണ സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിലാണ് പ്രധാനമായും ഹമാസ് വിയോജിക്കുന്നത്. ഏകീകൃത രാഷ്ട്രമെന്ന സങ്കൽപത്തെ തൽക്കാലത്തേക്കാണെങ്കിലും അപ്രസക്തമാക്കുന്ന ഈ പദ്ധതിയോട് മറ്റു ഫലസ്തീൻ ഘടകങ്ങളും യോജിക്കാനിടയില്ല. അറബ്, ഇസ്‍ലാമിക രാഷ്ട്രങ്ങളുടെ പിന്തുണയോടെ, ഫലസ്തീൻ അഭിപ്രായൈക്യത്തോടെയുള്ള സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ സംവിധാനത്തിന് ഭരണം കൈമാറാമെന്നാണ് ഹമാസിന്‍റെ പക്ഷം. ഫലസ്തീന്‍റെ കാര്യത്തിൽ, താൽകാലികമായി വരുന്ന സംവിധാനങ്ങൾ പിന്നീട് കീഴ്വഴക്കവും നിയമവുമൊക്കെയായി മാറി, രാഷ്ട്ര സ്ഥാപനത്തെ കൂടുതൽ അകറ്റുന്നതാണ് പതിവ്. അതിനാൽ, സംശയത്തോടെ മാത്രമേ ഈ ആലോചനയെയും ഹമാസിന് പരിഗണിക്കാനാകൂ. ഇടക്കാലത്തേക്ക് പോലും വിദേശ ഭരണം അംഗീകരിക്കില്ലെന്ന് ദോഹയിലുള്ള ഹമാസ് നേതാവ് ഉസാമ ഹംദാൻ വിശദീകരിച്ചിട്ടുമുണ്ട്.

ഇസ്രയേൽ സേനയുടെ പിൻവാങ്ങലിനുള്ള സമയപരിധിയിൽ കരാറിൽ കൃത്യതയില്ലാതെ പോയതിൽ ഹമാസിന് എതിരഭിപ്രായമുണ്ട്. ട്രംപിന്‍റെ കരാറിൽ പിൻവാങ്ങലിന് കൃത്യമായ സമയക്രമം പറയുന്നില്ല. അന്തിമമായി പിൻവാങ്ങിയാലും ഗസ്സക്ക് ഉള്ളിലെ ‘ബഫർ സോണി’ൽ സൈന്യം ഉണ്ടാകുമെന്നാണ് സൂചന. അതിന് ഹമാസ് എത്രത്തോളം വഴങ്ങുമെന്നത് വ്യക്തമല്ല. ഒപ്പം, കരാർ അംഗീകരിച്ച് ബന്ദികളെ മോചിപ്പിച്ചു കഴിഞ്ഞാൽ ചിത്രത്തിൽ നിന്ന് ഹമാസിനെ മായ്ച്ചുകളയുന്ന മട്ടിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ആ ആലോചനയെ അപ്രസക്തമാക്കുന്ന തരത്തിലുള്ള ഇടപെടലിനാണ് ഹമാസ് ഒരുങ്ങുന്നതെന്നാണ് സൂചന.

ഇസ്രയേലി അധിനിവേശം അവസാനിപ്പിക്കാതെ നിരായുധീകരണത്തിന് വഴങ്ങില്ലെന്നാണ് ഹമാസിന്‍റെ പണ്ടേയുള്ള നിലപാട്. ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമാകാതെ നിരായുധീകരിക്കപ്പെടുകയെന്നാൽ രാഷ്ട്രീയമായി ഹമാസിന്‍റെ പ്രസക്തി നഷ്ടപ്പെടുകയാണെന്ന് അർഥം. അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ ഹമാസ് നേതാവ് മൂസ അബു മർസൂഖ് ഇതേ നിലപാട് ആവർത്തിച്ചിട്ടുണ്ട്. പക്ഷേ, അതിൽ ചെറിയൊരു അവ്യക്തത പുതിയ സാഹചര്യത്തിൽ ബാക്കിയിരിപ്പുണ്ട്. ഗസ്സയിലെ നിലവിലുള്ള അധിനിവേശത്തെയാണോ 1948 മുതൽ ഫലസ്തീൻ മണ്ണിൽ തുടരുന്ന വിശാലാർഥത്തിലുള്ള അധിനിവേശത്തെയാണോ പരിഗണിക്കുന്നതെന്ന് അബു മർസൂഖ് വ്യക്തമാക്കിയിട്ടില്ല. ഹമാസിന്‍റെ സ്ഥാപക ചാർട്ടർ പ്രകാരം രണ്ടാമത്തേതാണ് പ്രസക്തം

Show Full Article
TAGS:hamas Gaza Genocide Donald Trump GAZA plan Israel Attack 
News Summary - Hamas will not reject the deal, will not surrender; strategic move, will open the way for negotiations
Next Story