ക്രിമിയ റഷ്യക്ക് വിട്ടുകൊടുക്കാൻ വിസമ്മതിച്ചതിന് സെലെൻസ്‌കിക്കെതിരെ ട്രംപ്
text_fieldsവാഷിങ്ടൺ: ‘സമാധാന പദ്ധതി’യുടെ ഭാഗമായി ക്രിമിയയെ റഷ്യക്ക് വിട്ടുകൊടുക്കുന്നതിൽനിന്ന് യുക്രേനിയൻ മേധാവി വ്ളാദിമിർ സെലൻസ്കി പിന്മാറിയതിനു പിന്നാലെ കടുത്ത വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെലൻസ്കി ‘കൊലപാതകം’ നീട്ടിക്കൊണ്ടുപോകുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
യു.എസ്, യൂറോപ്യൻ, യുക്രേനിയൻ ഉദ്യോഗസ്ഥർക്കിടയിൽ ലണ്ടനിൽ നടക്കുന്ന ഉന്നതതല ചർച്ചകൾക്ക് മുമ്പ്, ഏതെങ്കിലും കരാറിന്റെ ഭാഗമായി യുക്രെയ്ൻ റഷ്യക്ക് പ്രദേശം വിട്ടുകൊടുക്കുന്ന ആശയം സെലെൻസ്‌കി തള്ളിക്കളഞ്ഞിരുന്നു. ‘സംസാരിക്കാൻ ഒന്നുമില്ല. ഇത് നമ്മുടെ നാടാണ്. യുക്രേനിയൻ ജനതയുടെ നാടാണ്’ എന്നായിരുന്നു സെലെൻസ്‌കിയുടെ വാക്കുകൾ.
എന്നാൽ, സമാധാന ചർച്ചകൾക്ക് ഈ പ്രസ്താവന വളരെ ദോഷകരമാണ്. മാത്രമല്ല ഇത് ഒരു ചർച്ചാ വിഷയവുമല്ല എന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യലിൽ’ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച പാരീസിൽ നടന്ന ചർച്ചകളിൽ ഒരു കരാറിന്റെ ഭാഗമായി അധിനിവേശ യുക്രേനിയൻ പ്രദേശത്തിന്റെ നിയന്ത്രണം റഷ്യക്ക് നിലനിർത്താൻ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നിർദേശം യു.എസ് ഉദ്യോഗസ്ഥർ അവതരിപ്പിച്ചിരുന്നു.
‘ക്രിമിയയെ റഷ്യൻ പ്രദേശമായി അംഗീകരിക്കാൻ ആരും സെലെൻസ്‌കിയോട് ആവശ്യപ്പെടുന്നില്ല. പക്ഷേ, അദ്ദേഹത്തിന് ക്രിമിയ വേണമെന്നാണെങ്കിൽ പതിനൊന്ന് വർഷം മുമ്പ് ഒരു വെടിയുമുതിർക്കാതെ റഷ്യക്ക് കൈമാറിയപ്പോൾ അവർ എന്തുകൊണ്ട് അതിനായി പോരാടിയില്ല?’ എന്നും ഇതിനോട് ട്രംപ് പ്രതികരിച്ചു. ബറാക് ഒബാമ യു.എസ് പ്രസിഡന്റായിരിക്കെയാണ് യുക്രെയ്ന് ക്രിമിയ നഷ്ടപ്പെട്ടത്.