ഇസ്രായേലിലെ ഹോട്ടലിന് നേരെ ഹൂതികളുടെ ആക്രമണം; സ്ഥാപനത്തിന് കേടുപാടുകൾ
text_fieldsതെൽ അവീവ്: ഇസ്രായേലിലെ ഈലാത്ത് നഗരത്തിലെ ഹോട്ടലിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം. ഹോട്ടലിന്റെ കവാടം ആക്രമണത്തിൽ തകർന്നു. യമനിലെ ഹുദൈദ തുറമുഖത്തിൽ ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെ തന്നെ ഹൂതികൾ തിരിച്ചടി ആരംഭിച്ചിരുന്നു.
ഹോട്ടൽ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹൂതികൾ ഒരു മിസൈൽ കൂടി അയച്ചു. എന്നാൽ, ഇസ്രായേൽ പ്രതിരോധസേന ഡ്രോൺ വെടിവെച്ചിട്ടു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ഡ്രോൺ ആക്രമണമുണ്ടായത്. എന്നാൽ, ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. സ്ഫോടനം നടന്ന ഹോട്ടലിൽ ഇസ്രായേൽ പൊലീസ് പരിശോധന നടത്തി. സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ ഹോട്ടലിൽ നിന്നും നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇസ്രായേൽ പൊലീസ് വ്യക്തമാക്കി.
അതേസമയം, ഹോട്ടലിൽ ഡ്രോൺ പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിലേക്ക് ഡ്രോൺ വന്ന് പതിക്കുന്നതും തീപിടിത്തമുണ്ടാവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വ്യാഴാഴ്ച മിസൈൽ ആക്രമണത്തെ തുടർന്ന് തെൽ അവീവ്, ഹെർസിലിയ, ഹോളൻ, മോദിൻ, റിസ്ഹോൺ ലെസിയോൺ, ബെയ്ത് ഷീമെഷ്, ജറുസലേം എന്നീ നഗരങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി.
മിസൈൽ, ഡ്രോണാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ രംഗത്തെത്തി. ഇസ്രായേൽ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയെന്നാണ് ഹൂതികൾ അവകാശപ്പെടുന്നത്. കഴിഞ്ഞ ഏതാനം ആഴ്ചകളായി എലിയാത്തിനെ ലക്ഷ്യമിട്ട് ഹൂതികൾ വ്യാപകമായ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടാവുന്നത്.
ഗസ്സയിൽ നാല് ഇസ്രായേൽ സൈനികരെ ഹമാസ് വധിച്ചു; മൂന്ന് സൈനികർക്ക് പരിക്ക്
ഗസ്സ: തെക്കൻ ഗസ്സയിലെ റഫയിൽ ഹമാസിന്റെ പ്രത്യാക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
മേജർ ഒമ്രി ചായ് ബെൻ മോഷെ (26), ലെഫ്റ്റനന്റ് എറാൻ ഷെലെം (23), ലെഫ്റ്റനന്റ് ഈതൻ അവ്‌നർ ബെൻ ഇറ്റ്‌ഷാക്ക് (22), ലെഫ്റ്റനന്റ് റോൺ ഏരിയലി (20) എന്നിവരെയാണ് വധിച്ചത്. ബെൻ മോഷെ കമ്പനി കമാൻഡറും മറ്റ് മൂന്ന് പേർ കേഡറ്റുകളുമായിരുന്നു. രാവിലെ 9:30 ന് ഇവർ സഞ്ചരിച്ച സൈനിക വാഹനം ഹമാസ് പോരാളികൾ ആക്രമിക്കുകയായിരുന്നു.