'ട്രംപിന്റെ അഭിപ്രായത്തെ മാനിക്കുന്നു, പക്ഷേ ഇസ്രായേൽ ഒരു പരമാധികാര രാഷ്ട്രമാണ്'; നെതന്യാഹുവിന് മാപ്പ് നൽകുന്നതിൽ പ്രസിഡന്റ്
text_fieldsതെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മാപ്പ് നൽകണമെന്ന ഡോണൾഡ് ട്രംപിന്റെ ആവശ്യത്തിൽ പ്രതികരിച്ച് പ്രസിഡന്റ് ഇസാക് ഹെർസോഗ്. ഇസ്രായേൽ പരമാധികാര രാഷ്ട്രമാണെന്നും മാപ്പ് നൽകുന്നത് ഇസ്രായേൽ ജനങ്ങളുടെ നന്മ മുൻനിർത്തി മാത്രമേ തീരുമാനമെടുക്കുവെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
ട്രംപിന്റെ അഭിപ്രായത്തെ മാനിക്കുന്നു. എന്നാൽ, ഇസ്രായേൽ ഒരു പരമാധികാര രാഷ്ട്രമാണ്. രാജ്യത്തിന് അതിന്റേതായ നിയമങ്ങളുണ്ട്. തനിക്ക് ഇസ്രായേൽ നീതിന്യായ സംവിധാനത്തിൽ പൂർണമായ വിശ്വാസമുണ്ട്. മുമ്പ് തങ്ങളുടെ അഭയാർഥികളെ തിരിച്ചെത്തിക്കുന്നതിൽ ട്രംപ് വലിയ പങ്കുവഹിച്ചിരുന്നുവെന്ന കാര്യവും അദ്ദേഹം ഓർത്തെടുത്തു.
കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്റിന് മുമ്പാകെ നെതന്യാഹു മാപ്പപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, കുറ്റം ഏറ്റ് പറയാതെയാണ് നെതന്യാഹുവിന്റെ മാപ്പപേക്ഷ. ഇത്തരത്തിൽ ഒരു മാപ്പേപേക്ഷ പ്രസിഡന്റ് അംഗീകരിക്കാൻ കഴിയില്ലെന്ന് വിമർശനം ഉണ്ടായിരുന്നു. അഴിമതി കേസുകളിലാണ് അദ്ദേഹം മാപ്പപേക്ഷ സമർപ്പിച്ചത്.
എന്നാല്‍ നെതന്യാഹുവിന്റെ മാപ്പപേക്ഷ തള്ളണമെന്ന് ഇസ്രയേലിലെ പ്രതിപക്ഷം പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദീര്‍ഘകാലമായുള്ള അഴിമതി വിചാരണ അവസാനിപ്പിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കുമെന്നും, ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തെ അനുവദിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.
'കുറ്റസമ്മതം, ഖേദപ്രകടനം, രാഷ്ട്രീയ ജീവിതത്തില്‍ നിന്നുള്ള ഉടനടി വിരമിക്കല്‍ എന്നിവയില്ലാതെ പ്രസിഡന്റിന് നെതന്യാഹുവിന് മാപ്പ് നല്‍കാന്‍ കഴിയില്ല'-ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് പറഞ്ഞു.


