ഇന്ത്യ ആക്രമിച്ചാൽ രാജ്യം ഐക്യത്തോടെ നിൽക്കണമെന്ന് പാകിസ്താൻ മുൻ മന്ത്രി
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ തിരിച്ചടി പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പാകിസ്താൻ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ. ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത ഫവാദ് ഹുസൈൻ, രാജ്യത്തിന് പ്രതിരോധം തീർക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് നിൽക്കണമെന്ന് എക്സിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ സ്വയം സംരക്ഷിക്കാൻ രാജ്യം ഒരുമിച്ച് നിൽക്കണമെന്ന് ഇംറാൻ ഖാന്‍റെ തെഹ് രീകെ ഇൻസാഫ് പാർട്ടിയുടെ മുതിർന്ന നേതാവ് കൂടിയായ ചൗധരി ഫവാദ് ഹുസൈൻ പറഞ്ഞു. പാകിസ്താൻ മുസ് ലിം ലീഗ് (നവാസ്), പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി), പാകിസ്താൻ തെഹ് രീകെ ഇൻസാഫ് (പി.ടി.ഐ), ജമാഅത്തെ ഉലമ ഇസ് ലാം (ജെ.യു.ഐ) അടക്കമുള്ള വലിയ പാർട്ടികൾ രാഷ്ട്രീയ വിഭാഗീയത മറന്ന് ഒന്നിക്കണം.
മാതൃരാജ്യത്തിന് പ്രതിരോധം തീർക്കാൻ പാക് പതാകയുടെ കീഴൽ ഒന്നിച്ച് റാലി നടത്തണം. മാധ്യമങ്ങൾ വളർത്തുന്ന യുദ്ധഭ്രാന്തിന് വഴങ്ങി അധികാരികൾ ദശലക്ഷക്കണക്കിന് ജീവൻ അപകടത്തിലാക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നും ചൗധരി ഫവാദ് ഹുസൈൻ വ്യക്തമാക്കി.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കർശന നടപടിയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽ നിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.
1960 സെപ്റ്റംബർ 19നാണ് പാകിസ്താനുമായി സിന്ധു നദീജല കരാർ ഒപ്പിട്ടത്. ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് സിന്ധുനദീജല കരാർ ഒപ്പുവെച്ചത്. ലോകബാങ്ക് ഉടമ്പടി പ്രകാരം സിന്ധു നദീജല സംവിധാനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് കരാർ.
1965, 1971, 1999 എന്നീ യുദ്ധ വർഷങ്ങളിൽ പോലും കരാർ തുടർന്നിരുന്നു. കരാർ റദ്ദാക്കുന്നത് പാകിസ്താന് തിരിച്ചടിയാകും. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്നത് ഉപേക്ഷിക്കുന്നതു വരെയാണ് സിന്ധു നദീജല കരാർ റദ്ദാക്കുന്നത്.
തെക്കൻ കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ സഞ്ചാരികൾക്കു നേരെ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്കെങ്കിലും ഭീകരാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.