യുദ്ധമുണ്ടായാൽ കൊൽക്കത്ത വരെ എത്തും; പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്
text_fieldsഇസ്ലാമാബാദ്: ഇന്ത‍്യക്കുള്ള പകിസ്താന്‍റെ മുന്നറിയിപ്പുകളുടെ പട്ടികയിൽ പുതുതായി ഇടം പിടിച്ച് കൊൽക്കത്തയും. മുമ്പത്തെപ്പോലെ തന്നെ തെളിവുകളില്ലാത്ത വെറും അവകാശവാദങ്ങളിൽ പൊതിഞ്ഞതാണ് ഇത്തവണയും ഭീഷണി. ശനിയാഴ്ച സിയാൽക്കോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത‍്യക്ക് മുന്നറിയിപ്പുമായി എത്തി. ഇന്ത്യ വീണ്ടും വ്യാജ പ്രചാരണം നടത്തി പാകിസ്താനെ ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് സൂചനകൾ ലഭിച്ചുവെന്നും ഖ്വാജ ആസിഫ് അവകാശപ്പെട്ടു.
ഭാവിയിൽ ഒരു സംഘർഷമുണ്ടായാൽ അത് അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്നും ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലേക്ക് നീളുമെന്നുമാണ് പാകിസ്താന്‍ പ്രതിരോധമന്ത്രിയുടെ വാദം. ഇതിനിടയിലാണ് കൊൽക്കത്തയെ ലക്ഷ‍്യമാക്കി അദ്ദേഹം പ്രസ്താവന നടത്തിയത്. `ഇന്ത്യ ഇത്തവണ ഏതെങ്കിലും തരത്തിലുള്ള വ്യാജ ഓപ്പറേഷനുകൾ നടത്താൻ ശ്രമിച്ചാൽ ഞങ്ങൾ അത് കൊൽക്കത്ത വരെ എത്തിക്കും' വാർത്താസമ്മേളനത്തിനിടെ അദ്ദേഹം കൂട്ടി ചേർത്തു. ഇനി സംഘർഷമുണ്ടാവുകയാണെങ്കിൽ ഇതിനപ്പുറത്തേക്ക് പോകുമെന്നും അദ്ദേഹം ആവർത്തിച്ചു. `അവർ വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുകയാണെങ്കിൽ കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനമായിരിക്കും കാത്തിരിക്കുന്നത്. ഇത്തവണ സംഘർഷം 200 മുതൽ 250 കിലോമീറ്റർ ചുറ്റളവിൽ ഒതുങ്ങില്ല. ഞങ്ങൾ അവരുടെ പ്രദേശത്ത് പ്രവേശിക്കുകയും അവരുടെ വീടുകൾക്കുള്ളിൽ കയറി അവരെ അടിക്കുകയും ചെയ്യും'. ഇന്ത‍്യക്കെതിരെ എന്തെങ്കിലും ദുസ്സാഹസത്തിന് മുതിരുകയാണെങ്കിൽ സമാനതകളില്ലാത്ത മറുപടി ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കർശന മുന്നറിയിപ്പിന് നൽകിയതിന് പിന്നാലെയാണ് ഖ്വാജ ആസിഫിന്‍റെ പ്രതികരണം.


