Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘അവർ അദ്ദേഹത്തെ...

‘അവർ അദ്ദേഹത്തെ ജയിലിലിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയാണ്’; പാക് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഇമ്രാൻ ഖാന്റെ മക്കൾ

text_fields
bookmark_border
‘അവർ അദ്ദേഹത്തെ ജയിലിലിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയാണ്’; പാക് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഇമ്രാൻ ഖാന്റെ മക്കൾ
cancel
camera_alt

ഇമ്രാൻ ഖാന്റെ മക്കൾ

ലണ്ടൻ: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാനെതിരെ ഭരണകൂടം വധശ്രമം നടത്തുന്നതായി അദ്ദേഹത്തിന്റെ മക്കൾ. ലോർഡ്സിൽ പാകിസ്താൻ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിനിടയിൽ പ്രശസ്ത മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൈക്കൽ ആതർട്ടന് നൽകിയ അഭിമുഖത്തിലാണ് സുലൈമാൻ ഈസ ഖാനും കാസിം ഖാനും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ (പി.സി.ബി) ശക്തമായ എതിർപ്പുകളെയും വിലക്കുകളെയും അവഗണിച്ചാണ് സ്കൈ സ്പോർട്സ് ഈ അഭിമുഖം സംപ്രേഷണം ചെയ്തത്. ഇത് പാക് രാഷ്ട്രീയത്തിലും ക്രിക്കറ്റ് ലോകത്തും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

തടവറയിലെ അതീവ കഠിനമായ സാഹചര്യങ്ങൾ വഴി പാകിസ്താൻ സർക്കാർ തന്റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കാസിം ഖാൻ പറഞ്ഞു. ഇതിനുമുമ്പും നിരവധി രാഷ്ട്രീയ തടവുകാർ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിട്ടുണ്ടെന്നും, സർക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളും സമാനമാണെന്നും അദ്ദേഹം ആരോപിച്ചു. ദിവസത്തിൽ 23 മണിക്കൂറിലധികം വളരെ ചെറിയൊരു സെല്ലിൽ ഒറ്റയ്ക്കാണ് ഇമ്രാൻ ഖാനെ അടച്ചിട്ടിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനില അതിവേഗം വഷളാക്കിയെന്നും, 10 മാസത്തിലധികമായി കുടുംബാംഗങ്ങളെ കാണാൻ പോലും അനുവദിച്ചില്ലെന്നും മക്കൾ വ്യക്തമാക്കി. ഇതിനിടെ തങ്ങൾ വിസക്കായി അപേക്ഷിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പാക് അധികാരികൾ അത് നിഷേധിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

‘അവർക്കിപ്പോൾ യാതൊരുവിധ തന്ത്രങ്ങളുമില്ല, എന്തുചെയ്യുന്നു എന്നത് പോലും വ്യക്തമല്ല. ജയിലിലിട്ട് അദ്ദേഹത്തെ പ്രത്യക്ഷമായി തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണ്. എത്രയും കാലം സാധിക്കുമോ അത്രയും കാലം അകത്തിടുക, ഒപ്പം വായ മൂടിക്കെട്ടുക- അതാണ് ലക്ഷ്യം. അവസാനമായി ബന്ധുക്കളോട് സംസാരിച്ചപ്പോൾ, ജയിലിലെ സാഹചര്യങ്ങൾ വഷളായതായി അദ്ദേഹം പറഞ്ഞിരുന്നു. കണ്ണിന്റെ പ്രശ്നം കാരണം അദ്ദേഹം കണ്ണിന്മേൽ ഉറ ധരിച്ചിരുന്നു, കൂടാതെ അദ്ദേഹത്തെ കാണുമ്പോൾ നല്ല മാനസിക സമ്മർദമുള്ളതായി തോന്നി,’ കാസിം വ്യക്തമാക്കി.

ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധി വന്നപ്പോൾ ജാഗ്രതയോടുകൂടിയ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നതെന്ന് സുലൈമാൻ പറഞ്ഞു. എന്നാൽ ആ ഭയമെല്ലാം സത്യമാണെന്ന് തെളിയിക്കപ്പെടുന്നതാണ് പിന്നീട് കണ്ടത്. അദ്ദേഹത്തെ കൊണ്ടുപോകേണ്ടിയിരുന്ന സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം സർക്കാറിന്റെ മെഡിക്കൽ കേന്ദ്രത്തിലേക്ക് മാത്രം കൊണ്ടുപോയി കുറച്ചു മണിക്കൂറുകൾക്ക് ശേഷം നേരെ ജയിലിലേക്ക് തന്നെ തിരിച്ചയച്ചു.

യഥാർത്ഥത്തിൽ അതൊരു മണിക്കൂർ നീണ്ട സർക്കാർ ഉദ്യോഗസ്ഥരുടെ പരിശോധന മാത്രമായിരുന്നുവെന്നും സുലൈമാൻ പറഞ്ഞു. 'കുഴപ്പമില്ല, അദ്ദേഹം ആരോഗ്യവാനാണ്' എന്ന് അവർ പറഞ്ഞ ശേഷം, സ്വതന്ത്ര ആശുപത്രിയായ 'ഷിഫ'യിലേക്ക് മാറ്റുമെന്ന് അറിയിച്ചു. എന്നാൽ അതനുസരിച്ച് കാത്തുനിന്ന എല്ലാ ഡോക്ടർമാരെയും, ഡോക്ടറായ ഇമ്രാൻ ഖാന്റെ സഹോദരിയെയും മണിക്കൂറുകളോളം കാത്തിരുത്തിയ ശേഷം അവർ അദ്ദേഹത്തെ നേരെ ജയിലിലേക്ക് തന്നെ തിരിച്ചയക്കുകയാണുണ്ടായത്. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് മാനുഷിക പരിഗണന നൽകണമെന്നാവശ്യപ്പെട്ട് മൈക്കൽ ആതർട്ടൻ ഉൾപ്പെടെയുള്ള നിരവധി മുൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ഇതിനകം കത്തുകൾ അയച്ചിട്ടുണ്ട്.

ഈ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സ്കൈ സ്പോർട്സിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. മാത്രമല്ല, അഭിമുഖത്തിൽ പ്രതിഷേധിച്ച് പാക് ക്രിക്കറ്റ് ടീം മത്സരത്തിന്റെ ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ കളത്തിലിറങ്ങാൻ വിസമ്മതിച്ചിരുന്നുവെന്നും പിന്നീട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ (ഇ.സി.ബി) ഇടപെടലിനെത്തുടർന്നാണ് അവർ കളിക്കാൻ തയാറായതെന്നും റിപ്പോർട്ടുകളുണ്ട്.

Show Full Article
TAGS:Imran Khan Pakistan Pakistan former prime minister World News 
News Summary - Imran Khan's Sons' Explosive Interview Rattles Pakistan
Next Story