സ്വതന്ത്ര വ്യാപാര കരാർ: ചർച്ച ഊർജിതമാക്കാൻ ഇന്ത്യയും ന്യൂസിലൻഡും
text_fieldsന്യൂഡൽഹി: സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ത്വരിതഗതിയിൽ മുന്നോട്ടുനീക്കാൻ ഇന്ത്യയും ന്യൂസിലൻഡും തീരുമാനിച്ചു. ഇതുസംബന്ധിച്ച ചർച്ചകൾക്കായി ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ക്ലെ ഇന്ത്യയിലെത്തി. അദ്ദേഹം വാണിജ്യ മന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി.
വ്യാപാരം സംബന്ധിച്ച നിർണായക കാര്യങ്ങൾ ചർച്ചയായെന്ന് പീയുഷ് ഗോയൽ സമൂഹമാധ്യമത്തിൽ അറിയിച്ചു. ഈ വർഷം മാർച്ചിൽ ആരംഭിച്ച സ്വതന്ത്ര വ്യാപാര ചർച്ച ഇതിനകം നാലു റൗണ്ട് പൂർത്തിയാക്കി. 2024-25 വർഷത്തിൽ ഇന്ത്യയിൽനിന്ന് ന്യൂസിലൻഡിലേക്ക് 130 കോടി യു.എസ് ഡോളറിന്റെ കയറ്റുമതി നടന്നിട്ടുണ്ട്.
പോയവർഷത്തേക്കാൾ 49 ശതമാനം അധികമാണിത്. 2.3 ശതമാനമാണ് ന്യൂസിലൻഡിന്റെ ശരാശരി ഇറക്കുമതി തീരുവ. വസ്ത്രം, തുണിത്തരങ്ങൾ, മരുന്ന്, ശുദ്ധീകൃത പെട്രോൾ, കാർഷിക ഉപകരണങ്ങൾ, ട്രാക്ടറുകൾ, ജലസേചന ഉപകരണങ്ങൾ, വാഹനങ്ങൾ, ഇരുമ്പ്, ഉരുക്ക്, പേപ്പർ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, ചെമ്മീൻ, വജ്രം, ബസ്മതി അരി തുടങ്ങിയവയാണ് ഇന്ത്യ ന്യൂസിലൻഡിലേക്ക് കയറ്റി അയക്കുന്നത്.


