അമേരിക്കയിൽ ഇന്ത്യൻ പൗരനെ പൊലീസ് വെടിവെച്ച് കൊന്നു
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ പൗരനെ പൊലീസ് വെടിവെച്ച് കൊന്നു. റൂമിൽ ഒപ്പമുണ്ടായിരുന്നയാളെ കുത്തിയെന്നാരോപിച്ചാണ് ഇയാളെ വെടിവെച്ച് കൊന്നതെന്ന വിവരമാണ് യു.എസ് പൊലീസിൽ നിന്നും ലഭിക്കുന്നതെന്ന് ഇയാളുടെ കുടുംബാംഗങ്ങൾ പറഞ്ഞു. തെലങ്കാനയിലെ മഹാബുബനഗർ ജില്ലയിൽ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീനാണ് കൊല്ലപ്പെട്ടത്.
ഇയാൾ കാലിഫോർണിയയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. സാന്ത ക്ലാര പൊലീസാണ് ഇയാളെ വെടിവെച്ച് കൊന്നതെന്ന് പിതാവ് മുഹമ്മദ് ഹസ്നുദ്ദീൻ പറഞ്ഞു. സെപ്തംബർ മൂന്നിനാണ് സംഭവമുണ്ടായത്. മകന്റെ സുഹൃത്തിന്റെ പിതാവിൽ നിന്നാണ് മരണവിവരം അറിഞ്ഞതെന്നും മുഹമ്മദ് ഹസ്നുദ്ദീൻ കൂട്ടിച്ചേർത്തു.
അതേസമയം, വെടിവെപ്പിന്റെ യഥാർഥ കാരണമെന്തെന്ന് വ്യക്തമല്ല. രാത്രി സംഭവം നടന്ന് രാവിലെയാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതെന്നും പൊലീസ് അറിയിച്ചു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് പിതാവ് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്. മകനെ വെടിവെച്ചതിന്റെ യഥാർഥ കാരണം എനിക്ക് അറിയില്ല. ഇന്ത്യൻ ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഷിങ്ടണിലും സാൻഫ്രാൻസിസ്കോയിലുള്ള ഉദ്യോഗസ്ഥർ ഇടപെടണമെന്നാണ് ആവശ്യം.
തെലങ്കാനയിലെ രാഷ്ട്രീയപാർട്ടിയായ മജ്‍ലിസ് ബച്ചാവോ തഹ്രീക് പാർട്ടി വക്താവ് അംജദ് ഉള്ള ഖാൻ കുടുംബത്തിന്റെ അഭ്യർഥനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. യു.എസിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന് ശേഷം മുഹമ്മദ് നിസാമുദ്ദീൻ സോഫ്റ്റ്വെയർ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.