കാനഡയിലെ ആശുപത്രിയിൽ ഡോക്ടറെ കാണാൻ എട്ടുമണിക്കൂർ കാത്തിരുന്ന ഇന്ത്യക്കാരൻ ഹൃദയാഘാതം വന്ന് മരിച്ചു
text_fieldsടൊറന്റോ: കനേഡിയൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സക്കായി എട്ടുമണിക്കൂറിലേറെ സമയം കാത്തിരുന്ന ശേഷം ഇന്ത്യൻ വംശജനായ 44 കാരൻ ഹൃദയാഘാതം സംഭവിച്ച് മരിച്ചതായി റിപ്പോർട്ട്. പ്രശാന്ത് ശ്രീകുമാർ ആണ് മരിച്ചത്. ഡിസംബർ 22ന് ജോലിസ്ഥലത്ത് വെച്ച് നെഞ്ചുവേദനയനുഭവപ്പെട്ട പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തെക്കുകിഴക്കൻ എഡ്മണ്ടണിലെ ഗ്രേ നൺസ് ആശുപത്രിയിലാണ് പ്രശാന്തിനെ കൊണ്ടുവന്നത്. അവിടെ ഒരുപാട് നേരം പ്രശാന്തിന് ഡോക്ടറെ കാണാൻ കാത്തിരിക്കേണ്ടി വന്നു.
മകന്റെ രോഗവിവരമറിഞ്ഞ് പിതാവ് കുമാർ ശ്രീകുമാർ ആശുപത്രിയിലെത്തി. വേദന സഹിക്കാനാകുന്നില്ലെന്ന് പ്രശാന്ത് പറഞ്ഞതായി ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിച്ചുപ്പോൾ അവർ ഇ.സി.ജിയെടുത്തു. വേദന കുറക്കാനായി മരുന്നും കൊടുത്തു. ഡോക്ടറെ കാണാനായി കാത്തിരിക്കാനും ആവശ്യപ്പെട്ടു.
ഇടക്ക് നഴ്സ് വന്ന് പ്രശാന്തിന്റെ രക്തസമ്മർദം പരിശോധിച്ചു. ഒടുവിൽ എട്ടുമണിക്കൂറിന് ശേഷമാണ് പ്രശാന്തിനെ ഡോക്ടറുടെ മുറിയിലേക്ക് വിളിച്ചത്. അവിടെ ഇരുന്ന് 10 സെക്കൻഡിനകം പ്രശാന്ത് കടുത്ത വേദന കൊണ്ട് പുളഞ്ഞു. നഴ്സ് സഹായത്തിനായി ഉറക്കെ വിളിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനുള്ള സമയം കടന്നുപോയിരുന്നു. ഹൃദയാഘാതം സംഭവിച്ചാണ് പ്രശാന്ത് മരിച്ചത്. ഭാര്യയും 10,14, മൂന്ന് വയസ് പ്രായമുള്ള മൂന്നുമക്കളുമുണ്ട് പ്രശാന്തിന്.


