റഷ്യയിലെ ഹോസ്റ്റലിൽ നിന്ന് പാൽ വാങ്ങാനിറങ്ങിയ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി, 19 ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തി
text_fieldsമോസ്കോ: റഷ്യയിലെ ഉഫാ നഗരത്തിൽ 19 ദിവസം മുമ്പ് പാൽ വാങ്ങാനിറങ്ങിയ 22 കാരനായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒരു ഡാമിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ അജിത് സിങ് ചൗധരിയെയാണ് മൂന്നാഴ്ച മുമ്പ് കാണാതായത്. റഷ്യയിലെ ബാഷ്‍കിർ സ്റ്റേറ്റ് മെഡിക്കൽ യൂനിഴേ്സിറ്റിയിലെ വിദ്യാർഥിയായിരുന്നു. 2023ലാണ് അജിത് എം.ബി.ബി.എസ് പഠനത്തിനായി റഷ്യയിലെത്തിയത്. ഈ വർഷം ഒക്ടോബർ 19നാണ് അജിതിന്റെ കാണാതായത്. പാൽ വാങ്ങാനെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയതായിരുന്നു അജിത്. എന്നാൽ കുറച്ചു സമയംകഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ദിവസങ്ങൾ കഴിഞ്ഞ് വൈറ്റ് റിവറിനടുത്തുള്ള ഡാമിൽ നിന്നാണ് മൃതദേഹം കിട്ടിയത്. സംഭവത്തിൽ റഷ്യയിലെ ഇന്ത്യൻ എംബസിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. അജിതിന്റെ മരണത്തെ കുറിച്ച് എംബസി കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
അജിതിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും ഷൂസും 19 ദിവസം മുമ്പ് നദീ തീരത്ത് അഴിച്ചുവെച്ച നിലയിൽ കണ്ടെത്തിയിരുന്നതായി മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അൽവാർ പറയുന്നു. അജിത് ചൗധരിയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
''കുടുംബം വളരെ കഷ്ടപ്പെട്ടാണ് അജിതിനെ റഷ്യയിൽ എം.ബി.ബി.എസ് പഠനത്തിന് അയച്ചത്. എന്നാൽ മകന്റെ മരണവിവരമറിഞ്ഞതിന്റെ ഞെട്ടലിനാണ് ഇപ്പോൾ ആ കുടുംബം. അൽവാറിന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നു. മകനെ കാണാനില്ലെന്ന വിവരമറിഞ്ഞ് പ്രാർഥനയോടെ കഴിയുകയായിരുന്നു കുടുംബം-''ജിതേന്ദ്ര സിങ് എക്സിൽ കുറിച്ചു. സുഹൃത്തുക്കളാണ് അജിതിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. വിദ്യാർഥിയുടെ മരണത്തെ കുറിച്ച് റഷ്യൻ യൂനിവേഴ്സിറ്റിയും പ്രതികരിച്ചിട്ടില്ല.
വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായി എല്ലാ സഹായവും ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.'സംശയാസ്പദമായ സാഹചര്യത്തിൽ മെഡിക്കൽ വിദ്യാർഥിയുടെ മരണം സംഭവിച്ചു. അത് വളരെ ഗൗരവത്തോടെ അന്വേഷിക്കണം. അതിനായി കുടുംബം ഒരു ഓഫിസുകളിലും അലഞ്ഞുനടക്കേണ്ട സ്ഥിതിയുണ്ടാകരുത്'-എസ്.ജയ്ശങ്കർ അറിയിച്ചു.


