വാർത്താ വഴിയിൽ പാതിമുറിച്ച തണ്ണിമത്തൻ
text_fieldsജീവകോശങ്ങളിൽ പലായനത്തിന്റെ ഭൂപടം രേഖപ്പെടുത്തിയ ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം കൂടിയായിരുന്നു തിരുവനന്തപുരത്ത് മൂന്നുദിവസം നടന്ന അന്തർദേശീയ മാധ്യമോത്സവം
ടാഗോർ ഹാളിലേക്കുള്ള പ്രവേശന കവാടത്തോടു ചേർന്ന് ഗസ്സയിൽ കൊല്ലപ്പെട്ട 300ഓളം മാധ്യമപ്രവർത്തകരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള കൂറ്റൻ ബോർഡ്. അതു പിന്നിട്ട് ഉള്ളിലേക്ക് കടന്നാൽ സദസ്സിലെ സൈഡ് ബാനറിന്റെ ഒത്ത നടുവിലായി ഫലസ്തീൻ പ്രതിരോധത്തിന്റെ അടയാളമായ പാതിമുറിച്ച തണ്ണിമത്തൻ. ചുറ്റും കൂട്ടംചേർന്നവരുടെ കഴുത്തിലണിഞ്ഞ ഡെലിഗേറ്റ് ടാഗുകളിൽ ഫലസ്തീൻ പതാക, ഒപ്പം അനുഭവങ്ങൾ വെന്ത വാക്കുകളിൽ സ്വന്തം മണ്ണിന്റെ നോവും വേവും പകർന്നും ചേർത്തുപിടിച്ചവർക്ക് ഉള്ളംനിറഞ്ഞ് നന്ദിപറഞ്ഞും ഫലസ്തീൻ അംബാസഡർ അബ്ദുല്ല അബൂ ഷാവേശും. ജനാധിപത്യത്തെയും ആവിഷ്കാരങ്ങളെയും വിലങ്ങണിയിക്കുന്ന അധികാരനീക്കങ്ങൾക്കെതിരെയുള്ള വിചാരണ മാത്രമായിരുന്നില്ല, ജീവകോശങ്ങളിൽ പലായനത്തിന്റെ ഭൂപടം രേഖപ്പെടുത്തിയ ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം കൂടിയായിരുന്നു തിരുവനന്തപുരത്ത് മൂന്നുദിവസം നടന്ന അന്തർദേശീയ മാധ്യമോത്സവം.
കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിലാണ് മാധ്യമ ഉച്ചകോടിക്ക് അരങ്ങൊരുങ്ങിയത്. ഫലസ്തീൻ പതാകയുടെ മാതൃകയിൽ മൂന്ന് നിറങ്ങളിലൊരുക്കിയ പട്ടങ്ങളും ബലൂണുകളും ഇരകളായ ജനതയുടെ വിമോചന സ്വപ്നങ്ങളോളം ഉയരത്തിൽ പറത്തിയായിരുന്നു മാധ്യമോത്സവത്തിന്റെ തുടക്കം. ഫലസ്തീൻ അംബാസഡർക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ധനമന്ത്രി കെ.എൻ. ബാലഗോപാലും ഒത്തുചേർന്ന് അതിജീവന പ്രതീക്ഷകൾ വാനോളം ചിറകുനൽകിയതും വേറിട്ട കാഴ്ചയായി. അധികാരകേന്ദ്രങ്ങൾക്കു നേരെ വിയോജിപ്പുകൾ ഉറക്കെ വിളിച്ചുപറയാനുള്ള ആർജവവും ചൂടുള്ള ചിന്തകളുമാണ് മാധ്യമോത്സവം പങ്കുവെച്ചത്. മാധ്യമങ്ങൾക്ക് ഇങ്ങനെ ഒരിടവും ഇടപെടലും സാധ്യമാണെന്ന് സ്ഥാപിച്ചത് മീഡിയ അക്കാദമിയുടെ ചരിത്രത്തിലെ തിളങ്ങുന്ന അടയാളപ്പെടുത്തലാകും.
കരൺ ഥാപ്പർ, രാജ്ദീപ് സർദേശായി എന്നിവർക്ക് പുറമേ ആഫ്രിക്കയിലെ ബുർകിനഫാസോയിൽ പട്ടാള അട്ടിമറികളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്ന മറിയം ഔഡ്രാഗോ, ഛത്തിസ്ഗഢിലെ ബസ്തർ ആദിവാസി മേഖലയിലെ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പുഷ്പ റോക്ഡെ, ആൾട്ട് ന്യൂസ് സ്ഥാപകനായ മുഹമ്മദ് സുബൈർ എന്നിങ്ങനെ പ്രൗഢവും സമൃദ്ധവുമായിരുന്നു അതിഥിനിര.
‘ദ ഹിന്ദു’ ദിനപത്രത്തിലെ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജനുമായി കരൺ ഥാപ്പർ നടത്തിയ സംവാദമായിരുന്നു ശ്രദ്ധേയം. അഭിമുഖത്തിനിടെ ചോദ്യങ്ങളിൽ പ്രകോപിതനായി നരേന്ദ്രമോദി ഇറങ്ങിപ്പോയ സംഭവത്തിന്റെ വിശദാംശങ്ങൾ വിവരിച്ച കരൺ ഥാപ്പർ തന്റെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചു..
ഫലസ്തീന് ജനതയുടെ സന്ദേശം
ഫലസ്തീൻ അംബാസഡർ അബ്ദുല്ല അബു ഷാവേശുമുള്ള സംവാദവും മാധ്യമോത്സവത്തിലെ വേറിട്ട അധ്യായമായി. ഇസ്രായേൽ അധിനിവേശത്തിനെതിരായ പ്രതിരോധം ഫലസ്തീന് ജനതയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന സന്ദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. തന്റെ കുടുംബത്തില്മാത്രം നൂറിലേറെ പേര് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ‘നിങ്ങളുടെ കുടുംബത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ’ എന്നല്ല ‘എത്രപേര്‍ കൊല്ലപ്പെട്ടു’ എന്നാണ് ഫലസ്തീനികളോട് ചോദിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞത് അനുതാപത്തോടെയാണ് സദസ്സ് കേട്ടത്. യാസര്‍ അറഫാത്തിന്റെ സന്ദര്‍ശനത്തെക്കുറിച്ചും കേരളത്തിലെ ഫലസ്തീന് അനുകൂല റാലികളെക്കുറിച്ചും നന്ദിയോടെ സ്മരിച്ച് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകൻ വെങ്കിടേഷ് രാമകൃഷ്ണനായിരുന്നു മോഡറേറ്റർ.
സ്ത്രീ ശാക്തീകരണത്തിന്റെ പാഠങ്ങൾ
മറിയം ഔഡ്രാഗോയുമായുള്ള സംവാദം സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ പാഠങ്ങൾ പകരുന്നതായിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ധൈര്യത്തിന്റെ ശബ്ദങ്ങളാണെന്ന് മറിയം വ്യക്തമാക്കി. ബുർകിനഫാസോയിലെ പ്രതികൂല സാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി വര്‍ഷങ്ങളായി അനുഭവിക്കുന്ന ഭീഷണികളും വെല്ലുവിളികളുമായിരുന്നു അവരുടെ സംസാരത്തിൽ നിറയെ.
പല മലയാളം
മലയാള ഭാഷയിൽ മാധ്യമങ്ങൾ വരുത്തിയ മാറ്റത്തെ കുറിച്ച പാനൽ ചർച്ച സരസമായിരുന്നു. ജാതി-മത ഭേദമില്ലാതെ എല്ലാവർക്കും പൊതുവായി ഉപയോഗിക്കാൻ കഴിയുന്ന ഭാഷ കൊണ്ടുവന്നു എന്നതാണ് മാധ്യമഭാഷയുടെ പ്രത്യേകതയെന്നായിരുന്നു മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബിന്റെ പക്ഷം. പത്രഭാഷ വെച്ച് ജാതിയോ മതമോ തിരിച്ചറിയാനാകില്ലെന്നതായിരുന്നു ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
മലയാളികൾ പ്രാദേശിക മലയാളവും ഭാഷദേഭങ്ങളും കേട്ടു തുടങ്ങിയതും കേരളത്തിൽ എത്ര മലയാളമുണ്ടെന്ന് മനസ്സിലാക്കിയതും പരശുറാം എക്സ്പ്രസ് ആരംഭിച്ച ശേഷമാണെന്ന നിരീക്ഷണവും ജേക്കബ് തോമസ് മുന്നോട്ടുവെച്ചു. രാവിലെ തിരുവനന്തപുരത്തുനിന്ന് കയറിയാൽ കൊല്ലം കഴിയുമ്പോൾ മറ്റൊരു മലയാളം കേൾക്കാം. അതുകഴിഞ്ഞ് തിരുവല്ലയിലെത്തുമ്പോൾ മറ്റൊരു മലയാളം, കോട്ടയത്തെത്തുമ്പോൾ വേറൊന്ന്. തൃശൂരിൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ മറ്റൊന്ന്. തിരൂരും കോഴിക്കോടും കണ്ണൂരും കാസർകോടുമെല്ലാം എത്തുമ്പോൾ കേൾവീശൈലികൾ മാറിക്കൊണ്ടിരുന്നു. ഇതോടെയാണ് ഭാഷക്ക് ഏകീകരണം വേണമെന്ന ചർച്ചകൾ സജീവമായതെന്നും ഈ സാഹചര്യത്തിലാണ് പത്രഭാഷ മുൻനിരയിലേക്കെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.പി. ചന്ദ്രശേഖറും കെ.സി. നാരായണനുമായിരുന്നു സഹ പാനലിസ്റ്റുകൾ. പി.കെ. രാജശേഖരൻ മോഡറേറ്ററും.
സല്യൂട്ട് ഗസ്സ
മാധ്യമോത്സവത്തിന്റെ ഭാഗമായി സല്യൂട്ട് ഗസ്സ എന്ന പേരിലൊരുക്കിയ ഫോട്ടോ എക്സിബിഷൻ അക്ഷരാർഥത്തിൽ ഗസ്സയിലെ മനുഷ്യര്‍ നേരിടുന്ന ക്രൂരതയുടെയും ജീവിതയാഥാര്‍ഥ്യങ്ങളുടെയും നേര്‍സാക്ഷ്യമായി. അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. മിസൈല്‍ ആക്രമണത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെയും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെയും ചിത്രങ്ങള്‍ ഗസ്സയില്‍ നടക്കുന്ന മനുഷ്യവിരുദ്ധത തുറന്നുകാട്ടുന്നതായി.
ഇസ്രായേൽ ആക്രമണത്തിൽ മരിച്ച കുഞ്ഞിന്റെ പൊതിഞ്ഞുകെട്ടിയ മൃതദേഹം കെട്ടിപ്പിടിച്ചിരിക്കുന്ന വനിതയുടെ ചിത്രം, മിസൈല്‍ ആക്രമണത്തില്‍ കൈകൾ നഷ്ടപ്പെട്ട ഒമ്പതുകാരന്റെ ചിത്രം എന്നിവ മാനവികതക്കുനേർക്കുള്ള ചോദ്യങ്ങളായി. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട 300ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ചാണ് മീഡിയ അക്കാദമി പ്രദര്‍ശനം സംഘടിപ്പിച്ചത്. ഫലസ്തീൻ ഐക്യദാർഢ്യ സദസ്സുമായി തുടങ്ങിയ മാധ്യമോത്സവം മാനവീയം വീഥിയിൽ ഗസ്സ സംഗമത്തോടെ സമാപിച്ചു. കേരളത്തിനകത്തും പുറത്തും നിന്നായി ആയിരത്തിലധികം മാധ്യമ പ്രവർത്തകരും മാധ്യമ വിദ്യാർഥികളുമാണ് മൂന്നുദിവസത്തെ സംഗമത്തിൽ പങ്കെടുത്തത്.


