Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ശത്രുക്കളുടെ നീക്കം...

‘ശത്രുക്കളുടെ നീക്കം ജാഗ്രതയോടെ നിരീക്ഷിക്കണം’; കരയുദ്ധത്തിന് സജ്ജരാകാൻ നിർദേശം നൽകി ഇറാൻ സൈനിക മേധാവി

text_fields
bookmark_border
US Iran War
cancel

തെഹ്റാൻ: കരയുദ്ധത്തിന് സജ്ജരാകാൻ സൈന്യത്തിന് നിർദേശം നൽകി ഇറാൻ സൈനിക മേധാവി അമീർ ഹതാമി. പശ്ചിമേഷ്യയിൽ അമേരിക്ക വൻ സൈനിക സന്നാഹങ്ങളൊരുക്കുന്നതിനിടെയാണ് സൈനിക മേധാവിയുടെ നിർദേശം.

ശത്രുക്കളുടെ നീക്കങ്ങൾ ജാഗ്രതയോടും കൃത്യതയോടും നിരീക്ഷിക്കണം. ഏത് തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാൻ സദാ സന്നദ്ധമായിരിക്കണമെന്നും സൈനിക മേധാവി പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാൻ യുദ്ധത്തിൽ ലക്ഷ്യത്തിനരികിലെത്തിയെന്നും ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, മറുവശത്ത് ഗൾഫ് മേഖലയിൽ യു.എസ് വൻതോതിൽ സൈനിക വിന്യാസം നടത്തുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. ഇറാനിൽ ആഴ്ചകൾ നീളുന്ന കരയുദ്ധത്തിന് യു.എസ് സൈന്യത്തിന് പെന്‍റഗൺ അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

‘ശത്രുക്കൾ കരയാക്രമണം നടത്താൻ ശ്രമിച്ചാൽ ഒരൊറ്റ ശത്രു സൈന്യത്തെയും വെറുതെവിടരുത്’ -ഹതാമിയെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് സൈനിക കമാൻഡർമാർക്കൊപ്പം ഒരു മുറിയിൽ ഇരുന്ന് ഹതാമി, സൈനിക നേതാക്കളുമായി വിഡിയോ കോളിൽ ഏർപ്പെട്ടിരിക്കുന്ന വിഡിയോയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഇറാനെ തകർത്ത് തരിപ്പണമാക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്കിടയിലും ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണം കടുപ്പിച്ചു.

യുദ്ധത്തിൽ അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും ട്രംപ് പറഞ്ഞിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങൾ ജോലി പൂർത്തിയാക്കാൻ പോകുന്നു. അതിവേഗം അത് പൂർത്തിയാക്കും. ഞങ്ങൾ ലക്ഷ്യത്തോട് വളരെ അടുത്തെത്തി. മിഡിൽ ഈസ്റ്റിലെ ഞങ്ങളുടെ സഖ്യകക്ഷികളായ ഇസ്രായേൽ, സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ എന്നിവരോട് ഞാൻ നന്ദി പറയുന്നു. അവർ മികച്ചവരാണ്. അവരെ ഒരു വിധത്തിലും പരിക്കേൽപ്പിക്കാനോ പരാജയപ്പെടുത്താനോ ഞങ്ങൾ അനുവദിക്കില്ല. കഴിഞ്ഞ നാല് ആഴ്ചകളായി, നമ്മുടെ സൈന്യം യുദ്ധക്കളത്തിൽ വേഗതയേറിയതും നിർണായകവും അതിശക്തവുമായ വിജയങ്ങൾ നേടിയിട്ടുണ്ട്’ -

‘എപ്പോഴും നയതന്ത്രത്തിനായിരുന്നു എന്റെ മുൻഗണന. എന്നാൽ, ഇറാൻ ഭരണകൂടം ആണവായുധത്തിനുള്ള ശ്രമം തുടർന്നു. ഒരു കരാറിനുള്ള എല്ലാ ശ്രമങ്ങളും നിരസിച്ചു. അവരുടെ കൈവശം ആരും വിശ്വസിക്കാത്ത ചില ആയുധങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ അവ ഇല്ലാതാക്കി. ആരും തടയാൻ ധൈര്യപ്പെടാത്ത വിധത്തിൽ ഞങ്ങൾ അവയെല്ലാം തകർത്തു. ഞങ്ങളുടെ ലക്ഷ്യങ്ങൾ വളരെ ലളിതവും വ്യക്തവുമാണ്. അമേരിക്കയെ ഭീഷണിപ്പെടുത്താനോ അവരുടെ അതിർത്തികൾക്ക് പുറത്ത് ശക്തി തെളിയിക്കാനോ ഉള്ള ഭരണകൂടങ്ങളുടെ കഴിവ് ഞങ്ങൾ വ്യവസ്ഥാപിതമായി ഇല്ലാതാക്കുകയാണ്. ഇറാന്റെ നാവികസേനയെ ഇല്ലാതാക്കി. അത് ഇപ്പോൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. അവരുടെ വ്യോമസേനയെയും മിസൈൽ പദ്ധതിയെയും പ്രതിരോധ വ്യാവസായിക അടിത്തറയെയും നശിപ്പിച്ചു. വ്യോമസേന ഇല്ലാതായി. മിസൈലുകൾ ഏതാണ്ട് ഉപയോഗശൂന്യമായി’ -ട്രംപ് പറഞ്ഞു.

Show Full Article
TAGS:US Attack on Iran Israel Iran War Donald Trump 
News Summary - Iran army chief tells commanders to prepare for any attack, state media reports
Next Story