ഇസ്രായേൽ-ഇറാൻ യുദ്ധം; ജയിച്ചതാര്?
text_fields12 ദിന ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ ആകത്തുക, ജൂൺ 24 ഞായർ പുലർച്ച മുതൽ ഉച്ചവരെ, അവസാന മണിക്കൂറുകളിൽ നടന്ന ത്രില്ലർ സമാനമായ സംഭവങ്ങളിലുണ്ട്. പ്രധാനമായും മൂന്നു ഘടകങ്ങളാണ് ഈ യുദ്ധത്തിന്റെ ബാക്കിപത്രം. എല്ലാ യുദ്ധത്തിനൊടുവിലും എതിരാളിയെ നിലംപരിശാക്കി ഇസ്രായേൽ കൈവരിക്കുന്ന അധീശത്വം ഇവിടെ സംഭവിച്ചില്ല. ’73 ലെ യോംകിപ്പുർ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ തിരിച്ചടിയേറ്റ ഇസ്രായേൽ, ക്രമേണ ഈജിപ്തിനും സിറിയക്കുമെതിരെ തിരിച്ചുവന്നതിന് സമാനമായി ഇവിടെ തിരിച്ചുവന്നത് ഇറാനാണ്. എല്ലാ യു.എസ് പ്രസിഡന്റുമാരെയും തന്ത്രപൂർവം വളച്ചെടുക്കുന്ന സയണിസ്റ്റ് ഗൂഢശ്രമങ്ങൾ ഇത്തവണ പൂർണമായും വിജയിച്ചില്ലെന്ന് മാത്രമല്ല, ട്രംപിന്റെ പരസ്യശാസന ഏറ്റുവാങ്ങേണ്ടിയും വന്നു.
ജൂൺ 24 ഞായർ പുലർച്ച
ജൂൺ 24 ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച, ഇസ്രായേൽ-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്നത്. ഏതു യുദ്ധവും അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള മിനിറ്റുകൾ അതിനിർണായകമാണ്. ആ സമയത്താണ് ശത്രുക്കൾ എതിരാളികൾക്കുമേൽ മാനസിക മേൽക്കോയ്മ ഉറപ്പിക്കുന്നതിനായി ‘ആചാരവെടി’ നടത്തുന്നത്. അവസാന അടി അതിശക്തമാക്കാൻ ഇരുപക്ഷവും പരസ്പരം മത്സരിക്കും. അങ്ങനെയാണ് ഞായർ പുലർച്ച ഇസ്രായേൽ വ്യോമസേന നിരവധി ഇറാനിയൻ സൈനിക കേന്ദ്രങ്ങളിൽ പരക്കെ ആക്രമണം നടത്തി. വെടിനിർത്തൽ വരാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വലിയ തിരിച്ചടി ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു അത്.
ജൂൺ 24 ഞായർ ഏഴുമണിക്ക് തൊട്ടുമുമ്പ്
എന്നാൽ, ഇസ്രായേലിന്റെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് ഇറാൻ ആഞ്ഞടിച്ചു. 20 ലേറെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായേലിന്റെ തെക്കൻ മേഖല ലക്ഷ്യമാക്കി കുതിച്ചു. 12 ദിവസം നീണ്ട യുദ്ധത്തിനൊടുവിൽ ക്ഷയിക്കാൻ തുടങ്ങിയ ഇസ്രായേലി വ്യോമപ്രതിരോധ സംവിധാനത്തെ മറികടന്ന് പല മിസൈലുകളും വൻ നാശം വിതച്ചു. തെക്കൻ നഗരമായ ബീർഷീബയിൽ മിസൈൽ വീണ് നാലുപേർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു.
ജൂൺ 24 ഞായർ ഏഴുമണി
അധികം വൈകാതെ ട്രംപ് പ്രഖ്യാപിച്ച ഏഴുമണിയായി. അതിലോലമായ വെടിനിർത്തൽ ധാരണയിൽ സമാധാനം തിരികെ വരികയാണെന്ന് ലോകം പ്രതീക്ഷിച്ചു.
ജൂൺ 24 ഞായർ 10.30
സാധാരണ ഏതു സംഘർഷത്തിലും അതിന്റെ തുടക്ക-ഒടുക്ക നിയമം തീരുമാനിക്കുന്നത് ഇസ്രായേലാണ്. എന്നാൽ, ഈ അപ്രമാദിത്വത്തിന് നേർക്ക് ഇറാൻ വീണ്ടും നിറയൊഴിച്ചു. വെടിനിർത്തൽ സംഭവിച്ചുവെന്ന് ട്രംപ് പ്രഖ്യാപിച്ച സമയത്തിനും മൂന്നരമണിക്കൂർ കഴിഞ്ഞ്, രാവിലെ 10.30ന് ഇറാൻ വീണ്ടും ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചു; ഒരേഒരെണ്ണം. കളി നിയമങ്ങൾ തീരുമാനിക്കാൻ തങ്ങൾക്കും കഴിയുമെന്ന പ്രഖ്യാപനം.
ജൂൺ 24 ഞായർ 11.30. ഇസ്രായേൽ ഈഗോ, ട്രംപ് കോപം
ഇസ്രായേലിന്റെ ഈഗോയെ അത് മുറിവേൽപിച്ചു. ഒടുവിലത്തെ അടി അടിക്കാനുള്ള തങ്ങളുടെ അവകാശത്തിനുമേൽ ഇറാൻ കൈവെച്ചത് സഹിക്കാനാകില്ല. അതിശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്ന് ഇസ്രായേലി ഭരണകൂടം പ്രഖ്യാപിച്ചു. ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തലിന്റെ ഭാവി തുലാസിൽ ആടിയുലഞ്ഞു. അധികം വൈകാതെ ഇസ്രായേലി ജെറ്റുകൾ ഹാത്സെറിം എയർബേസിൽനിന്ന് തെഹ്റാൻ ലക്ഷ്യമാക്കി പറന്നുയർന്നു. പശ്ചിമേഷ്യ അനിശ്ചിതത്വത്തിന്റെ മധ്യാഹ്നത്തിൽ വിയർക്കുമ്പോൾ വാഷിങ്ടണിൽ സൂര്യൻ ഉദിച്ചുവരുന്നതേയുള്ളൂ. നെതർലൻഡ്സിലെ നാറ്റോ ഉച്ചകോടിയിലേക്ക് പോകാൻ ഒരുങ്ങുകയാണ് ട്രംപ്. വാഷിങ്ടൺ വിമാനത്താവളത്തിലേക്ക് പ്രസിഡന്റിനെ കൊണ്ടുപോകാൻ വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ മറീൻ വൺ ഹെലികോപ്റ്റർ സജ്ജമാണ്. ഓഫിസിൽനിന്ന് പുറത്തിറങ്ങി ഹെലികോപ്റ്ററിന് അടുത്തേക്ക് നീങ്ങവെ, കാത്തുനിന്ന മാധ്യമങ്ങൾക്ക് മുന്നിലേക്ക് ട്രംപ് നടന്നെത്തി. ക്ഷോഭത്താൽ തിളയ്ക്കുകയാണ് മുഖം. ഒരു യു.എസ് പ്രസിഡന്റും ഇസ്രായേലിനെതിരെ ഇന്നേവരെ ഉപയോഗിക്കാത്ത രൂക്ഷമായ ഭാഷയിൽ ട്രംപ് തകർത്താടി. ‘‘ഒരിടത്തും വീഴാത്ത ഒരു റോക്കറ്റിന്റെ പേരിൽ ഇസ്രായേൽ (ആക്രമണത്തിന്) പുറപ്പെട്ടിരിക്കുകയാണെന്ന് ഞാനിപ്പോൾ കേട്ടു. അതല്ല നമുക്ക് വേണ്ടത്. ഞാൻ നിങ്ങളോട് പറയാം. ഞാൻ നിങ്ങളോട് പറയുന്നു. ഞാൻ തൃപ്തനല്ല. അവർ അടങ്ങണം. വിഡ്ഢിത്തം.’’ പിന്നാലെ തീർത്തും മോശമായ അസഭ്യപ്രയോഗവും ട്രംപ് നടത്തി. ഇതിനുശേഷം ട്രൂത്ത് സോഷ്യലിൽ കൂടുതൽ കനത്ത ഭീഷണിയാണ് ഇസ്രായേലിനെതിരെ ട്രംപ് ഉയർത്തിയത്: ‘‘ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ പോകുന്നില്ല. എല്ലാ വിമാനങ്ങളും ഇറാനിൽ സൗഹൃദ ‘വിമാനതരംഗം’ സൃഷ്ടിച്ചശേഷം തിരിച്ചുപോകും. ആർക്കും പരിക്കേൽക്കില്ല. വെടിനിർത്തൽ പ്രാബല്യത്തിലാണ്.’’. ട്രംപിന്റെ രോഷം ഇസ്രായേലി നേതൃത്വത്തിൽ ഭീതിവിതച്ചു.
ഏതാണ്ട് തെഹ്റാനിലേക്ക് അടുത്ത വിമാനങ്ങളിലേക്ക് ഉടൻ മടങ്ങിയെത്താൻ നിർദേശം പറന്നു. ആളൊഴിഞ്ഞ പ്രദേശത്തെ ഒരു റഡാർ കേന്ദ്രത്തിന് നേർക്ക് പ്രതീകാത്മക ആക്രമണം നടത്തിയശേഷം മെരുങ്ങിയ കുതിരകളെപ്പോലെ ഇസ്രായേലി യുദ്ധവിമാനങ്ങൾ തിരികെ പറന്നു. ഇസ്രായേലിന്റെ ചരിത്രത്തിലിതാദ്യമായാണ് ഒരു സൈനിക നടപടിക്കിടെ ഈ രീതിയിൽ വിമാനങ്ങൾ തിരികെ വിളിക്കപ്പെടുന്നത്. ഓപറേഷനൽ ബുദ്ധിമുട്ടുകളും മറ്റും കാരണം ദൗത്യങ്ങൾ മാറ്റിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും മറ്റൊരു രാജ്യത്തെ പ്രസിഡന്റിന്റെ ഭീഷണിക്ക് വഴങ്ങേണ്ടിവരുന്നത് ഇതാദ്യമായാണ്.
12 ദിന യുദ്ധത്തിനുശേഷം സംഘർഷത്തിലെ പ്രധാന കക്ഷികളുടെ നേട്ടങ്ങളും നഷ്ടങ്ങളും...
യു.എസ്
ആരാണ് യഥാർഥ ‘ബോസ്’ എന്ന് ലോകം ഒരിക്കൽകൂടി തിരിച്ചറിഞ്ഞുവെങ്കിലും ഇറാന്റെ ആണവശേഷിയെ നിശ്ശേഷം തുടച്ചുനീക്കിയെന്ന യു.എസിന്റെ അവകാശവാദത്തെ പെന്റഗൺതന്നെ സംശയിക്കുന്ന അപൂർവതയും കണ്ടു
ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ മിസൂറിയിലെ വൈറ്റ്മാൻ എയർഫോഴ്സിൽനിന്ന് ഏഴു ബി-2 സ്റ്റെൽത്ത് ബോംബറുകൾ 37 മണിക്കൂർ പറന്നെത്തിയ ഓപറേഷൻ സമീപകാല യുദ്ധചരിത്രത്തിലെ അതിസങ്കീർണ ഓപറേഷൻ മാത്രമായിരുന്നില്ല, യു.എസിന്റെ സൈനികശേഷിയുടെ വിളംബരം കൂടിയായിരുന്നു. ബോംബറുകൾക്ക് പുറമേ, നിരീക്ഷണ, അകമ്പടി വിമാനങ്ങളും ഫ്യൂവലിങ് ടാങ്കർ വിമാനങ്ങളും ഉൾപ്പെടെ 125 എയർക്രാഫ്റ്റുകളാണ് ദൗത്യത്തിൽ പങ്കാളികളായത്.
ഒരു ബി-2 ബോംബർ വിമാനം ഒരുമണിക്കൂർ പറക്കാൻ ഏതാണ്ട് 65,000 ഡോളറാണ് ചെലവ്. ഈ കണക്കിൽ ഒരു വിമാനത്തിന് മാത്രം 2.40 ദശലക്ഷം ഡോളർ ചെലവായിട്ടുണ്ടാകും. ഇങ്ങനെ ഏഴു ബോംബറുകൾ. മറ്റു ചെലവ് വേറെ. ഇത്രയും ഭീമമായ തുക ചെലവഴിച്ച് നടത്തിയ ഓപറേഷൻ വിജയമായോ എന്ന ചോദ്യമാണ് യു.എസിനുള്ളിൽനിന്ന് തന്നെ ഉയരുന്നത്.
ആണവശേഷിയെ നിശ്ശേഷം തുടച്ചുനീക്കിയെന്ന് ട്രംപും കൂട്ടാളികളും അവകാശപ്പെടുമ്പോൾ പെന്റഗണിൽതന്നെ അഭിപ്രായഭിന്നതയുണ്ട്. പ്രധാന മാധ്യമങ്ങളും ട്രംപിന്റെ അവകാവാദത്തെ സംശയിക്കുന്നു.
2015ലെ റഷ്യൻ ഇടപെടലിനെതുടർന്ന് സിറിയയിലേറ്റ തിരിച്ചടിക്കും അഫ്ഗാനിലെ പിന്മാറ്റത്തിനുമൊടുവിൽ മധ്യപൂർവേഷ്യയിൽ യു.എസിന്റെ പ്രതാപത്തിനുമേൽ വീണ നിഴൽപ്പാട് മാറ്റാൻ ഈ ഓപറേഷന് കഴിഞ്ഞുവെന്ന് കരുതുന്നവരുണ്ട്. ബശ്ശാറുൽ അസദിന്റെ പതനത്തോടെ സിറിയിൽ തിരിച്ചടിയേറ്റ റഷ്യ, ഇറാനുമായി സൈനിക സഹകരണ കരാർ ഉണ്ടായിട്ടും അവർ ഇസ്രായേലി-യു.എസ് ആക്രമണം നേരിടുമ്പോൾ നിസ്സംഗത പാലിച്ചു. ചൈനയുടെ സ്വാധീനശേഷി പരീക്ഷിക്കപ്പെട്ട നിർണായക ഘട്ടമായിരുന്നിട്ടുകൂടി അവരും ഒഴിഞ്ഞുനിന്നു. ആരാണ് യഥാർഥ ‘ബോസ്’ എന്ന് ലോകം ഒരിക്കൽകൂടി തിരിച്ചറിഞ്ഞു. ഇസ്രായേൽ ഭാഗമായ ഒരുയുദ്ധം പൂർണമായും അവരുടെ വ്യവസ്ഥകളിലല്ലാതെ അവസാനിപ്പിക്കാൻ കഴിഞ്ഞതും ഇതിനൊപ്പം വായിക്കണം.
ഇസ്രായേൽ
ഇറാന്റെ മേൽ അതിമാരക പ്രഹരമേൽപിച്ചുവെങ്കിലും തങ്ങളുടെ യുദ്ധ ചരിത്രത്തിൽ ആദ്യമായി സ്വന്തം മണ്ണിൽ നിലതെറ്റിപ്പോയ ദിവസങ്ങൾ കൂടിയാണ് ഇസ്രായേലിന്റെ ഇറാൻ യുദ്ധം
തങ്ങളുടെ ആജന്മശത്രുവിന് അതിമാരക പ്രഹരമേൽപ്പിക്കാൻ ഇസ്രയേലിന് കഴിഞ്ഞു. ആണവസംവിധാനങ്ങൾ, ബാലിസ്റ്റിക് മിസൈൽ പദ്ധതി തുടങ്ങിയവക്ക് പുറമേ, സൈനിക, ആണവ ശാസ്ത്രജ്ഞ നേതൃനിരയെ തുടച്ചുനീക്കാനായി. ഇറാനിലെ ആണവ ശാസ്ത്രജ്ഞർക്കെതിരെ വർഷങ്ങളെടുത്ത് മെല്ലെ നടപ്പാക്കിക്കൊണ്ടിരുന്ന ഉന്മൂലന പദ്ധതിയെ നിഷ്പ്രഭമാക്കുംവിധം ഏതാനും മണിക്കൂറുകൾകൊണ്ട് നിലവിൽ വലിയ പദവികളിലുള്ള പ്രധാനികളെയെല്ലാം ഇല്ലാതാക്കി. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തച്ചുടച്ചു. തെഹ്റാന് മേൽ വ്യോമമേധാവിത്തം പുലർത്താൻ ഇസ്രായേലിന് അതുവഴി സാധിച്ചു. ഇനി ഈ സംവിധാനങ്ങൾ പുനഃക്രമീകരിക്കാൻ ഇറാന് വർഷങ്ങളെടുക്കും.
ഇറാന് ഭരണകൂടത്തിന്റെ അത്യുന്നതതലങ്ങളിൽ മൊസാദ് വിരിച്ച ചാരവലയുടെ ഫലമായുണ്ടായ അവിശ്വാസവും അരക്ഷിതാവസ്ഥയും ദീർഘകാലം തുടരും. ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ 20 വർഷത്തിലേറെയായി പറഞ്ഞുകൊണ്ടിരുന്ന ആണവപദ്ധതിയെ പൂർണമായും അവസാനിപ്പിക്കാൻ കഴിഞ്ഞോ എന്ന ചോദ്യം ഇസ്രായേലിനെ അലട്ടാൻ തുടങ്ങിയിട്ടുണ്ട്. ആണവപദ്ധതിയെ ഏതാനും മാസം മാത്രം പുറകോട്ടടിക്കാനേ കഴിഞ്ഞിട്ടുള്ളൂവെങ്കിൽ ഇത്രയും കഷ്ടപ്പെട്ട് യുദ്ധം ചെയ്തതിന്റെ അർഥം എന്താണെന്ന് ഭാവിയിൽ വിശദീകരിക്കേണ്ടിവരും. നേരിയതോതിലെങ്കിലും ഇറാന്റെ ആണവശേഷി തുടരുകയാണെങ്കിൽ അധികം വൈകാതെതന്നെ എല്ലാം പഴയതുപോലെയാകും. ഇറാന്റെ ആണവപദ്ധതി തങ്ങൾക്ക് ഭീഷണിയാണെന്ന പതിവ് വായ്ത്താരി മാത്രം മതിയാകില്ല അപ്പോൾ.
സ്വന്തം മണ്ണിൽ നിലതെറ്റി
എല്ലായുദ്ധവും ശത്രുവിന്റെ ഭൂമിയിൽ നടത്തുക, വൻവിജയം നേടി അതിവേഗം യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഇസ്രായേലി സൈനിക സിദ്ധാന്തത്തിന്റെ പരാജയംകൂടി കണ്ട യുദ്ധമായിരുന്നു ഇത്. 1947-48 യുദ്ധത്തിനുശേഷം ഇസ്രായേൽ നടത്തിയ യുദ്ധങ്ങളെല്ലാം ഈ സിദ്ധാന്ത പ്രകാരമായിരുന്നു. ’67 ലെ യുദ്ധം ആറുദിവസം മാത്രമാണ് നീണ്ടുനിന്നത്. മണിക്കൂറുകൾ കൊണ്ട് യുദ്ധം ജോർഡൻ നിയന്ത്രിക്കുന്ന വെസ്റ്റ്ബാങ്കിലേക്കും ഈജിപ്തിന്റെ സീനായിയിലേക്കും കൊണ്ടുപോകാൻ ഇസ്രായേൽ സൈന്യത്തിനായി.
രണ്ടിടവും പിടിച്ചെടുക്കുകയും ചെയ്തു. ’73 യുദ്ധമാകട്ടെ, 19 ദിവസമായിരുന്നു. ഇരമ്പിയെത്തിയ ഈജിപ്ഷ്യൻ സൈന്യത്തിന്റെ പിന്നിലൂടെ സീനായിൽ സൂയസ് കനാലിന് സമീപത്തേക്കുവരെ എത്താൻ ഇസ്രായേലിന് കഴിഞ്ഞു. പിന്നെ സിറിയയുടെ ഗോലാൻ കുന്നുകളിലും. ഇസ്രായേലിനുള്ളിൽ അധികമൊന്നും ആക്രമണം നടത്താൻ ആദ്യദിനങ്ങൾക്ക് ശേഷം എതിരാളികൾക്കായില്ല. പിന്നീട് ഇറാഖ്, സിറിയ ആണവകേന്ദ്രങ്ങളിൽ നടത്തിയ ബോംബിങ് ആകട്ടെ യുദ്ധമായി വികസിച്ചില്ല. ലെബനാനിലെ ഹിസ്ബുല്ലയുമായുള്ള ഉരസലുകളിലാണ് ഇടക്ക് കാര്യമായ ക്ഷതം സംഭവിച്ചത്.
എന്നാൽ, ഇത്തവണ പക്ഷേ, നിലയാകെ മാറി. തെൽ അവീവ്, ഹൈഫ, ബീർഷീബ ഉൾപ്പെടെ വലിയ ജനവാസമേഖലകളിലെല്ലാം വൻ നാശമുണ്ടായി. ആദ്യകാല യുദ്ധങ്ങൾക്കുശേഷം കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളിൽ ഇസ്രായേൽ കൈവരിച്ച പുരോഗതിയുടെ പ്രതീകങ്ങളായ നഗരങ്ങളിൽ കനത്ത ആഘാതം സംഭവിച്ചു. 550 മിസൈലുകളും ആയിരത്തിലേറെ ഡ്രോണുകളുമാണ് ഇറാനിൽനിന്ന് തൊടുക്കപ്പെട്ടത്. ജനവാസ കേന്ദ്രങ്ങളിൽ 31 ആക്രമണങ്ങളുണ്ടായി. സുദൃഢമായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിട്ടും ആകെ 28 പേർ മരിച്ചു; 3000 ലേറെ പേർക്ക് പരിക്കേറ്റു. 23 പേരുടെ പരിക്ക് ഗുരുതരമാണ്.
ഇസ്രായേലിലെ പ്രമുഖ സ്വകാര്യ സാമൂഹ്യസുരക്ഷ പദ്ധതി സ്ഥാപനമായ ‘ഒഗെനി’ന്റെ കണക്ക് പ്രകാരം 40,000 വീടുകളും ഫ്ലാറ്റുകളും സ്ഥാപനങ്ങളും തകർന്നു. കുറഞ്ഞത് 12,000 പേർക്ക് പൂർണമായി വീടുകൾ നഷ്ടപ്പെട്ടു. 690 കുടുംബങ്ങൾക്ക് അടിയന്തര സഹായം അത്യാവശ്യമാണ്. തെക്കൻ മേഖലയിലെ പവർ സ്റ്റേഷൻ, ഹൈഫയിലെ ഓയിൽ റിഫൈനറി, മെഡിക്കൽ യൂനിവേഴ്സിറ്റി എന്നിവ തകർന്നു. 12 ദിവസവും രാജ്യത്തെ ജനജീവിതം പൂർണമായും സ്തംഭിച്ചു. പുതിയ തലമുറ മുമ്പെങ്ങും അനുഭവിക്കാത്ത അവസ്ഥയായിരുന്നു ഇത്. അതിവേഗം യുദ്ധം അവസാനിപ്പിക്കുന്നതിന് ഇസ്രായേലിനെ നിർബന്ധിതമാക്കിയതിന് കാരണവും ഈ നാശനഷ്ടങ്ങൾ തന്നെ.
ലക്ഷ്യങ്ങൾ മാറി
ഇറാനെതിരായ യുദ്ധം തുടങ്ങുന്നുവെന്ന ജൂൺ 13 ലെ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിൽ ഇറാനിൽ ഭരണമാറ്റത്തിനുള്ള ആഹ്വാനം കൂടിയുണ്ടായിരുന്നു. ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നെതന്യാഹു ഇങ്ങനെ പറഞ്ഞു: ‘‘ഞങ്ങളുടെ പോരാട്ടം നിങ്ങൾക്കെതിരെയല്ല. 46 വർഷമായി നിങ്ങളെ അടിച്ചമർത്തുന്ന മൃഗീയ സ്വേച്ഛാധിപത്യത്തിനെതിരെയാണ്. നിങ്ങളുടെ മോചനത്തിന്റെ ദിനം ആഗതമായിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അത് സംഭവിച്ചുകഴിഞ്ഞാൽ നമ്മുടെ അതിപ്രാചീനമായ ഇരുജനതകളുടെ മഹത്തായ സൗഹൃദം വീണ്ടും തളിർക്കും.’’. പക്ഷേ, നെതന്യാഹുവിന്റെ ഈ പദ്ധതി നടപ്പായില്ല. 12 ദിവസത്തെ യുദ്ധം കൊണ്ടുതന്നെ തന്റെ സ്വപ്നങ്ങൾ സഫലമാകില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായി; ഭരണമാറ്റം തങ്ങളുടെ അജണ്ടയിൽ ഇല്ലെന്ന് ട്രംപ് കൂടി വ്യക്തമാക്കിയതോടെ തൽക്കാലം നെതന്യാഹു അടങ്ങി.
ഇറാൻ
ആദ്യമണിക്കൂറുകളിലെ മിന്നൽപ്രഹരത്തിൽ പകച്ചെങ്കിലും ഭരണകൂടം ഉലഞ്ഞില്ല
ഇപ്പോൾ സംഭവിച്ചതുപോലെ ഒരു ആക്രമണം വർഷങ്ങളായി പ്രതീക്ഷിച്ചുകഴിയുകയായിരുന്നു ഇറാൻ. അങ്ങനെയൊരു സാഹചര്യത്തിൽ പരിചയും ചുരികയുമായി പലരാജ്യങ്ങളിലായി ഒരുക്കിനിർത്തിയിരുന്ന നിഴൽസംഘങ്ങളുടെ പതനമാണ് ഇറാനെ ഏറ്റവും ദുർബലമാക്കിയത്. ഹിസ്ബുല്ലയെ ഇസ്രായേൽ നിരായുധമാക്കിയെങ്കിൽ ഇറാഖ് കേന്ദ്രീകരിച്ചിരുന്ന സായുധസംഘങ്ങളുടെ നിഷ്ക്രിയത്വം ആശ്ചര്യജനകമായിരുന്നു.
സിറിയയിൽ ബശ്ശാറുൽ അസദിന്റെ വീഴ്ചകൂടി സംഭവിച്ചതോടെ സുരക്ഷിതത്വത്തിന്റെ മേലങ്കി ഇറാനിൽനിന്ന് നീങ്ങി. ഈ സാഹചര്യം മുതലെടുക്കുകയെന്ന അനായാസ ദൗത്യം മതിയാകുമെന്നാണ് ഇസ്രായേൽ കരുതിയത്. ആദ്യമണിക്കൂറുകളിലെ മിന്നൽപ്രഹരത്തിൽ പകച്ചെങ്കിലും ഭരണകൂടം ഉലഞ്ഞില്ല. അതിവേഗം അവർ എല്ലാം ക്രമപ്പെടുത്തി. വേഗമേറിയ യുദ്ധത്തിന് താൽപര്യപ്പെട്ട ഇസ്രായേലിനെ ദീർഘമായ യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയെന്ന തന്ത്രമാണ് ഇറാൻ പയറ്റിയത്. ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം പതിയെ ദുർബലമാകുന്നത് മുതലെടുക്കാനായിരുന്നു ഈ നീക്കം. യുദ്ധവിരാമത്തിനുള്ള ട്രംപിന്റെ ആഹ്വാനത്തിന്റെ മറവിൽ പിൻവാങ്ങാൻ ഇസ്രായേലിനെ നിർബന്ധിതമാക്കിയതും ഈ തന്ത്രമായിരുന്നു.
ഇസ്രായേലിന്റെ പുകഴ്പെറ്റ മിസൈൽ പ്രതിരോധത്തെ അനായാസം മറികടക്കാൻ പലതവണ ഇറാനായി. യു.എസ് രംഗത്തിറങ്ങി നടത്തിയ ആണവകേന്ദ്ര ആക്രമണം പാളിയെന്ന സൂചന വരുന്നതും ഇറാന് ആശ്വാസമാണ്. നിലനിൽപിനെതന്നെ ബാധിക്കുമെന്നതരത്തിൽ തുടങ്ങിയ യുദ്ധത്തെ മറികടക്കാൻ കഴിഞ്ഞുവെന്നത് ഇറാന് വിജയം തന്നെയാണ്. ഇറാനെന്ന ഭീഷണി തുടരുകയാണെന്ന ഭീതി ഇസ്രായേലിനെ ഇനിയും അലട്ടുകയും ചെയ്യും.