യു.എസ് സാമ്പത്തിക യുദ്ധം തുടർന്നാൽ ഹുർമുസ് അടഞ്ഞുകിടക്കുമെന്ന് ഇറാൻ
text_fieldsവാഷിങ്ടൺ: യു.എസും ഇസ്രായേലുമായുള്ള സംഘർഷം നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും യു.എസ് സാമ്പത്തിക യുദ്ധം തുടർന്നാൽ ഹുർമുസ് അടഞ്ഞുതന്നെ കിടക്കുമെന്നും ഇറാൻ. ഹുർമുസ് തുറക്കാൻ ഇറാൻ മുന്നോട്ടുവെച്ച നിർദേശം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയെന്ന വാർത്തകൾക്ക് പിറകെയാണ് ഇറാൻ പ്രതികരണം. ‘‘ഞങ്ങളുടെ നിബന്ധനകൾ വ്യക്തമാക്കിയതാണ്, ഇവ പാലിക്കപ്പെടുക മാത്രമാണ് ഹുർമുസ് തുറക്കാനുള്ള മാർഗം’’ -ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് യു.എൻ പൊതുസഭയിലാണ് ഇറാൻ സമാധാന നിർദേശം അവതരിപ്പിച്ചത്. മധ്യസ്ഥരായ ഖത്തർ പ്രതിനിധികൾ വഴിയാണ് നിർദേശം അമേരിക്കക്ക് കൈമാറിയത്. എന്നാൽ, ഇത് തള്ളുകയാണെന്നും ഗതികെട്ട് ഇറാൻ പ്രശ്നപരിഹാരത്തിന് തുനിഞ്ഞിറങ്ങുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. പരസ്യമായി ട്രംപ് പറഞ്ഞത് തള്ളുന്നുവെന്നാണെങ്കിലും ഔദ്യോഗികമായി യു.എസ് ഇത് അറിയിച്ചിട്ടില്ല. മധ്യസ്ഥർ എന്തു നൽകുന്നതും സ്വീകരിക്കുമെന്നും അതുപ്രകാരം തീരുമാനമെടുക്കുമെന്നും അറാഗ്ചി പറഞ്ഞു. ഹുർമുസ് പ്രതിസന്ധിക്കു പിന്നാലെ ഇറാൻ തുറമുഖങ്ങൾക്കുമേൽ യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും പോകുന്ന ഹുർമുസ് വഴി ഭാഗികമായി മാത്രമാണ് നിലവിൽ ചരക്കുകപ്പലുകൾ സഞ്ചരിക്കുന്നത്. ഇവക്കു നേരെ ആക്രമണവും പതിവാണ്. അതേസമയം, ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചക്കില്ലെന്ന് അറാഗ്ചി പറഞ്ഞു.
ഗസ്സയിൽ ഇനി യു.എന്നിന് പങ്കില്ലെന്ന് സമാധാന ബോർഡ്
ഗസ്സ സിറ്റി: ഗസ്സയിൽ ദശലക്ഷങ്ങൾക്ക് ആശ്വാസം പകരുന്ന യു.എന്നിന് ഇനി പുനർനിർമാണത്തിലടക്കം ഒരു പങ്കുമില്ലെന്ന് ട്രംപ് ചുമതലപ്പെടുത്തിയ സമാധാന സമിതി. യു.എസിന്റെയും ഇസ്രായേലിന്റെയും ദീർഘകാല ആവശ്യവും സമ്മർദവും പരസ്യമാക്കിയാണ് സമിതിയുടെ പ്രഖ്യാപനം. ഗസ്സയിലെ ജനസംഖ്യയുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയുന്ന പങ്കാളികളെ മാത്രമേ ഇതിന്റെ ഭാഗമാക്കൂ എന്നും യു.എൻ അഭയാർഥി ഏജൻസി ആ നിലവാരം പാലിക്കുന്നില്ലെന്നുമാണ് പ്രഖ്യാപനം. ഗസ്സയിൽ മാത്രം നിലവിൽ യു.എൻ ഏജൻസിക്കുകീഴിൽ ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, ശുചീകരണം, കുടിവെള്ളം തുടങ്ങിയ മേഖലകളിലായി 11,000 ജീവനക്കാരുണ്ട്. ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവക്ക് പുറമെ അയൽരാജ്യങ്ങളായ ജോർഡൻ, സിറിയ, ലബനാൻ എന്നിവിടങ്ങളിലും ഏജൻസിയുടെ സാന്നിധ്യമുണ്ട്. ഗസ്സ പുനർനിർമാണത്തിന് ശതകോടികളുടെ പദ്ധതി ബുധനാഴ്ച പുറത്തുവിട്ടിരുന്നു.
കാസ്പിയൻ കടലിൽ ബദൽ റൂട്ട് തേടി ഇറാൻ
തെഹ്റാൻ: ഹുർമുസ് വഴി ചരക്കുകടത്ത് യു.എസ് നേരിട്ട് മുടക്കുന്നത് തുടരുമ്പോൾ വടക്ക് റഷ്യൻ അതിർത്തിയിലെ കാസ്പിയൻ കടൽ വഴി ചരക്കുകടത്തിന്റെ സാധ്യത തേടി ഇറാൻ. ഇറാൻ, റഷ്യ, അസർബൈജാൻ, കസാഖ്സ്താൻ, തുർക്മെനിസ്താൻ എന്നീ രാജ്യങ്ങൾ ചുറ്റുമുള്ള കാസ്പിയൻ കടൽ ഇറാന്റെ പ്രധാന പ്രതീക്ഷയാണ്. കസാഖ്സ്താൻ, ചൈന, തുർക്മെനിസ്താൻ രാജ്യങ്ങളിലേക്ക് ഇതുവഴി ചരക്ക് കൊണ്ടുപോകാം. റഷ്യയിലെ വോൾഗ നദി വഴി ഇറാൻ കപ്പലുകൾക്ക് കാസ്പിയനിൽ കടക്കാനാകും. അമീറാബാദ്, നൗശഹർ, അൻസാലി തുറമുഖങ്ങൾ ഉപയോഗപ്പെടുത്തി കാസ്പിയൻ കൂടുതൽ പ്രയോജനപ്പെടുത്താനാകുമോയെന്നാണ് ഇറാൻ നോക്കുന്നത്.
എന്നാൽ, സമീപ പതിറ്റാണ്ടുകളിൽ അതിവേഗമാണ് കാസ്പിയൻ വറ്റുന്നത്. 1990കൾക്കു ശേഷം മാത്രം രണ്ടു മീറ്ററാണ് ഇവിടെ ജലം താഴ്ന്നത്. നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്ക് അത് എട്ടു മീറ്ററോ അതിലേറെയോ കുറയുമെന്നാണ് ആശങ്ക. പ്രതിവർഷം 20 സെന്റീമീറ്ററെങ്കിലും ഇവിടെ ജലനിരപ്പ് താഴുകയാണ്.


