ദിവസവും 10 മണിക്കൂര്‍ താൽക്കാലിക വെടിനിർത്തലുമായി ഇസ്രായേൽ; ഇളവ് ഗസ്സ സിറ്റി, ദെയ്ർ അൽബലഹ്, മുവാസി എന്നിവിടങ്ങളിൽ, പട്ടിണി മരണം 128 ആയി
text_fieldsവടക്കൻ ഗസ്സ മുനമ്പിലെ ബെയ്ത് ലാഹിയയിൽ നിന്ന് സഹായ സാമഗ്രികൾ കൊണ്ടുപോകുന്ന ഫലസ്തീനികൾ
ഗസ്സ സിറ്റി: നിരപരാധികളായ ലക്ഷങ്ങളെ പട്ടിണിക്കിട്ടും കൂട്ടക്കൊല നടത്തിയും കൊടുംക്രൂരത തുടരുന്ന ഇസ്രായേലിനെതിരെ ആഗോള സമ്മർദം ശക്തമായതോടെ ഗസ്സയിൽ കൂടുതൽ പേർ തിങ്ങിക്കഴിയുന്ന മൂന്നിടങ്ങളിൽ ദിവസവും ആക്രമണത്തിന് 10 മണിക്കൂർ താൽക്കാലിക ഇടവേള പ്രഖ്യാപിച്ച് ഇസ്രായേൽ.
ഗസ്സയിൽ 90,000 കുട്ടികളും സ്ത്രീകളും പട്ടിണി മൂലം മരണമുനമ്പിലാണെന്നും അടിയന്തര ചികിത്സ വേണമെന്നും യു.എന്നിനു കീഴിലെ ലോക ഭക്ഷ്യ പ്രോഗ്രാം മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേലിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തിയാർജിക്കുന്നതിനിടെയാണ് ഗസ്സ സിറ്റി, ദെയ്ർ അൽബലഹ്, മുവാസി എന്നിവിടങ്ങളിൽ ദിവസവും രാവിലെ 10 മുതൽ രാത്രി എട്ടുവരെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ഭക്ഷണ വിതരണത്തിനായി റഫ അതിർത്തിയും തുറന്നിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതൽ സഹായ ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചുതുടങ്ങി.
ഗസ്സയിൽ ഞായറാഴ്ച ആറുപേർകൂടി പട്ടിണി മൂലം മരിച്ചു. ഇതോടെ, ദിവസങ്ങൾക്കിടെ പട്ടിണി മരണം 128 ആയി. ഞായറാഴ്ച രാവിലെ 10 വയസ്സുകാരി നൂർ അബൂസിലയാണ് ഏറ്റവുമൊടുവിൽ മരിച്ചത്.
രണ്ടര മാസം എല്ലാ അതിർത്തികളും അടച്ച് ഗസ്സയെ പട്ടിണിയിൽ മുക്കിയ ഇസ്രായേൽ അടുത്തിടെ ദിവസവും 70 ട്രക്കുകൾ വീതം കടത്തിവിടുന്നുണ്ട്. 500 ട്രക്കുകൾ ആവശ്യമായിടത്താണ് ചെറിയ അളവിൽ മാത്രം ട്രക്കുകൾ കടത്തിവിടുന്നത്.
വർഷങ്ങളായി ഭക്ഷ്യവിതരണം നടത്തിവന്ന യു.എൻ ഏജൻസിയെ പൂർണമായി പുറത്താക്കി പകരം അമേരിക്കൻ ഏജൻസിയായ ജി.എച്ച്.എഫിനെ ഏൽപിച്ചതും ക്രൂരതയായി. 40ഓളം ഭക്ഷ്യ വിതരണ കേന്ദ്രങ്ങളുണ്ടായിരുന്നതാണ് നാലെണ്ണം മാത്രമാക്കിയത്. ഇവിടങ്ങളിൽ കാവൽനിന്ന ഇസ്രായേൽ സൈനികർ നൂറുകണക്കിന് പേരെയാണ് ഭക്ഷണം കാത്തുനിൽക്കുന്നതിനിടെ അറുകൊല നടത്തിയത്.
വെടിനിർത്തൽ ചർച്ച ഇസ്രായേലും യു.എസും അവസാനിപ്പിച്ചതിന് പിറകെയാണ് താൽക്കാലിക വെടിനിർത്തൽ. യു.എൻ മേൽനോട്ടത്തിൽ ഭക്ഷ്യ- മരുന്ന് വിതരണത്തിന് മാനുഷിക ഇടനാഴികൾ സ്ഥാപിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. രാത്രിയിൽ വ്യോമമാർഗം ഗോതമ്പുപൊടി, പഞ്ചസാര, ടിന്നിലടച്ച മറ്റു ഭക്ഷണങ്ങൾ എന്നിവ വിതരണം ചെയ്തതിന്റെ ദൃശ്യങ്ങളും ഇസ്രായേൽ പുറത്തുവിട്ടു.