വാളെടുക്കാനൊരുങ്ങി ലോകം, ഒടുവിൽ നെതന്യാഹു വഴങ്ങി; ഗസ്സക്ക് സഹായവുമായി കൂടുതൽ രാജ്യങ്ങൾ
text_fieldsഗസ്സ സിറ്റി: യു.എന്നും ലോക സംഘടനകളും കൂട്ടായി രംഗത്തുവരുകയും കടുത്ത നടപടി വേണമെന്ന് ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ മറ്റു വഴികളടഞ്ഞ് ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിന് സമ്മതിച്ച് നെതന്യാഹു. കൊടിയ പട്ടിണി മൂലം മരിച്ചുവീഴുന്ന പിഞ്ചു മക്കളുടെ ചിത്രങ്ങളും വിഡിയോകളും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. സാധാരണക്കാരെ സംരക്ഷിക്കൽ ബാധ്യതയാണെന്നിരിക്കെ മാർച്ച്- മേയ് മാസങ്ങളിൽ എല്ലാ അതിർത്തികളും കൊട്ടിയടച്ചാണ് ഇസ്രായേൽ മാനുഷിക സഹായങ്ങൾ മുടക്കിയത്.
യുദ്ധക്കുറ്റമായ പട്ടിണിക്കിടലിന് ഹമാസിനുമേൽ സമ്മർദം എന്ന പേരിട്ടപ്പോൾ തുടക്കത്തിൽ ലോകം മൗനം ദീക്ഷിച്ചു. എന്നാൽ, എല്ലാ സീമകളും ലംഘിച്ച് ഗസ്സ സമാനതകളില്ലാത്ത പട്ടിണി ദുരന്തഭൂമിയായി മാറിയതോടെ പ്രതിഷേധം ശക്തമായി. അതോടെ, അതുവരെയും ഭക്ഷണ വിതരണം നടത്തിയ യു.എൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടി അമേരിക്കൻ ഏജൻസിയുടെ നാല് കേന്ദ്രങ്ങൾ വഴി മാത്രമാക്കിയായി അടുത്ത ക്രൂരത.
ഇവിടെയെത്തുന്നവരായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ അടുത്ത ഇരകൾ. ഭക്ഷണത്തിനായി വരിനിന്ന നൂറുകണക്കിന് പേരാണ് ഇങ്ങനെ കൊല്ലപ്പെട്ടത്. ഇനിയും പട്ടിണിക്കിടൽ തുടരുന്നത് അന്താരാഷ്ട്ര ഇടപെടലിനിടയാക്കുമെന്നുകണ്ട് ഒടുവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വഴങ്ങുകയായിരുന്നു. അതിർത്തി വഴി ഞായറാഴ്ച കൂടുതൽ ട്രക്കുകൾ എത്തിയത് ഗസ്സക്ക് ആശ്വാസമായി. യു.എ.ഇ, ജോർഡൻ, ഈജിപ്ത് രാജ്യങ്ങൾ സഹായമെത്തിക്കുന്നുണ്ട്. യു.എ.ഇ മാത്രം 25 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിക്കും.
ഈജിപ്തിൽനിന്ന് ഗസ്സയിലേക്ക് താൽക്കാലിക കുടിവെള്ള പൈപ്പ് ലൈൻ തുറക്കാൻ ഇസ്രായേൽ അംഗീകരിച്ചിട്ടുണ്ട്. തെക്കൻ ഗസ്സയിൽ ഏറ്റവും കൂടുതൽ ഫലസ്തീനികൾ തിങ്ങിക്കഴിയുന്ന മുവാസിയിലേക്കാണ് പൈപ്പ് എത്തുക. വരുംദിവസം നിർമാണം തുടങ്ങി ആഴ്ചകൾക്കുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നാണ് സൂചന. ഏകദേശം ആറു ലക്ഷം ഫലസ്തീനികളാണ് മുവാസിയിലുള്ളത്. ഗസ്സയിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ വൈദ്യുതി പുനഃസ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്.
അതിനിടെ, ഭക്ഷണത്തിനായി വരിനിന്ന 11 പേരടക്കം 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 88 പേരാണ്. 374 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗസ്സയിൽ അഭയാർഥി കുടുംബം കഴിഞ്ഞ തമ്പിൽ ബോംബിട്ട് ഒമ്പതുപേരെ ഇസ്രായേൽ കൊലപ്പെടുത്തി. സലാഹുദ്ദീൻ റോഡിൽ സഹായ ട്രക്കിനായി കാത്തുനിന്നവർക്കു നേരെ നടത്തിയ വെടിവെപ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. 54 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ, ഗസ്സയിൽ സ്ഥിരീകരിച്ച മരണസംഖ്യ 59,821 ആയി.
ഗസ്സയിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. അതേ സമയം, ഗസ്സക്ക് സഹായവുമായി പുറപ്പെട്ട ‘ഹൻദല’ എന്ന ബോട്ട് ഇസ്രായേൽ തടഞ്ഞു. ഈജിപ്ത് തീരത്തുനിന്ന് 50 കിലോമീറ്റർ അകലെയാണ് തടഞ്ഞത്.