ജൂൺ 16: ഇസ്രായേലിന്‍റെ കണക്കുകൂട്ടൽ തെറ്റിയ ദിനം; ഇറാൻ പ്രസിഡന്‍റിനെ ലക്ഷ്യമിടാൻ ആശ്രയിച്ചത് അംഗരക്ഷകരുടെ മൊബൈൽ?
text_fieldsഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ
ജൂണിലെ വിനാശകരമായ യുദ്ധത്തിനിടെ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനെ ഉന്നമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം പരാജയപ്പെട്ടത് ഇറാന്റെ കെട്ടിട നിർമാണ വൈദഗ്ധ്യത്തിനുമുന്നിൽ. പ്രസിഡന്‍റും ഭരണ നേതൃത്വത്തിലെ ഉന്നതരും അതീവ രഹസ്യമായി യോഗം ചേരുന്നതിനിടെയാണ് ഇസ്രായേലി യുദ്ധ വിമാനങ്ങൾ വട്ടമിട്ട് പറന്ന് ബോംബുകൾ വർഷിച്ചത്. ആറു ബോംബുകൾ ഇട്ടെങ്കിലും ആ മുറിയിലെ ഒരാൾക്ക് പോലും ജീവൻ നഷ്ടമായില്ല.
ആക്രമണം വിജയകരമായിരുന്നുവെന്ന പ്രാഥമിക വിലയിരുത്തലിലാണ് ഇസ്രായേലി ജെറ്റുകൾ മടങ്ങിയത്. പിന്നീടാണ് ലക്ഷ്യം പാളിയെന്ന് വെളിപ്പെട്ടത്. ഇറാൻ ദേശീയ ടി.വി ചാനലിന്‍റെ ഓഫിസിന് നേരെ ആക്രമണമുണ്ടായ ജൂൺ 16ന് തന്നെയാണ് യുദ്ധത്തിന്‍റെ ഗതി തന്നെ മാറ്റിമറിക്കുമായിരുന്ന ഈ നീക്കവും നടന്നത്.
കരുതലോടെ പ്ലാൻ ചെയ്ത യോഗം
ഇറാൻ ഭരണകൂടം അതീവ രഹസ്യമായാണ് പരമോന്നത നാഷനൽ സെക്യൂരിറ്റി കൗൺസിലിന്‍റെ അടിയന്തിര യോഗം നിശ്ചയിച്ചത്. പ്രസിഡന്‍റ് ഉൾപ്പെടെ പങ്കെടുക്കുന്നവർക്കും അത്യുന്നതരായ ഏതാനും മിലിറ്ററി കമാൻഡർമാർക്കും മാത്രമാണ് കൂടിക്കാഴ്ചയുടെ സ്ഥലവും സമയവും അറിയുമായിരുന്നുള്ളൂ. യുദ്ധത്തിന്‍റെ നാലാം നാളായിരുന്നു അത്. സൈനിക, ഭരണനേതൃത്വത്തിലെ മുകൾത്തട്ടിനെ ഏതാണ്ട് മൊത്തമായി ഇസ്രയേൽ തുടച്ചുനീക്കിയതിനെ തുടർന്ന് വലിയ കരുതലോടെയാണ് യോഗം പ്ലാൻ ചെയ്തത്.
തെഹ്റാനിന്‍റെ പടിഞ്ഞാറൻ മേഖലയിലെ മലഞ്ചെരിവിൽ 100 അടി ഭൂമിക്ക് താഴെ നിർമിച്ച ബങ്കറിലായിരുന്നു യോഗം. പ്രസിഡന്‍റ് പെസഷ്‍കിയാന് പുറമേ, പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഗാലിബാഫ്, ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മുഹ്സിനി, ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ, മിലിറ്ററി കമാൻഡ് മേധാവി തുടങ്ങിയവരാണ് യോഗത്തിനെത്തിയത്. എല്ലാവരും പ്രത്യേകം കാറുകളിലാണ് വന്നത്. ചിലരൊക്കെ മുൻഗാമികളുടെ മരണത്തെ തുടർന്ന് ഏതാനും മണിക്കൂറുകൾ മുമ്പുമാത്രം നിയമിതരായവരാണ്.
മിനിറ്റുകൾക്കുള്ളിൽ ഇസ്രായേലി ജെറ്റുകൾ പറന്നെത്തി
ആരുടെ കൈയിലും മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല. മൊബൈലുകൾ മുഴുവൻ ഇസ്രായേൽ നിരീക്ഷിക്കുന്നുവെന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. പക്ഷേ, യോഗം തുടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇസ്രായേലി ജെറ്റുകൾ തെഹ്റാനിലേക്ക് പറന്നെത്തി. ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനം മുഴുവനായി യുദ്ധത്തിന്‍റെ ആദ്യമണിക്കൂറുകളിൽ നിർവീര്യമാക്കിയതിനാൽ ഇസ്രായേലി ജെറ്റുകൾക്ക് ഇറാന്‍റെ ആകാശത്തിന് മേൽ പരിപൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ഘട്ടമായിരുന്നു അത്. ആറ് കൂറ്റൻ ബോംബുകളാണ് ഇസ്രായേലി ജെറ്റുകൾ ബങ്കറിന് മുകളിൽ നിക്ഷേപിച്ചത്. അതിഭീകരമായ ശബ്ദത്തോടെ ബോംബുകൾ പൊട്ടിത്തെറിച്ചു. എൻട്രൻസ്, എക്സിറ്റ് വാതിലുകളും ആക്രമിക്കപ്പെട്ടു.
മാരകമായ ബോംബിങ് ആയിരുന്നെങ്കിലും ബങ്കറിന്‍റെ മേൽപ്പാളിയെ തകർക്കാൻ കഴിഞ്ഞില്ല. പക്ഷേ, വാതിലുകളുടെ ഭാഗത്ത് വൻ നാശമുണ്ടായി. അതുവഴി മുറിക്കുള്ളിലേക്ക് കോൺക്രീറ്റ് അവശിഷ്ടങ്ങളും പൊടിയും പുകയും വ്യാപിച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. മൊത്തം ഇരുട്ടായി. തകർന്നുവീണ കോൺക്രീറ്റ് കൂനകൾക്കിടയിലൂടെ പ്രസിഡന്‍റ് പെസഷ്‍കിയാന് നേരിയ വിടവ് കണ്ടെത്താനായി. വെളിച്ചത്തിന്‍റെ ചെറിയൊരു കീറും ജീവശ്വാസവും അതുവഴി കടന്നുവന്നു. കൈകൾ കൊണ്ട് കോൺക്രീറ്റ് മാലിന്യങ്ങൾ വകഞ്ഞുമാറ്റി പ്രസിഡന്‍റ് മുന്നോട്ടുനീങ്ങി. മുറിയിലുണ്ടായിരുന്നവരെല്ലാം ഈ ദൗത്യത്തിലേർപ്പെട്ടു. ഇതിനിടെ പ്രസിഡന്‍റിന് കാലിന് നേരിയ പരിക്കേറ്റു.
‘‘ഒരേയൊരു സുഷിരമാണ് അവിടെയുണ്ടായിരുന്നത്. അതുവഴി വായു വരുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾക്ക് ശ്വാസം മുട്ടാതിരുന്നത്’’- അടുത്തിടെ മുതിർന്ന പുരോഹിതൻമാരോട് സംസാരിക്കവെ പെസഷ്‍കിയാൻ പറഞ്ഞു. രാജ്യത്തിന്‍റെ പരമോന്നത നേതൃത്വത്തെ ഇല്ലാതാക്കാൻ ഇസ്രായേലിന് ആ ദിവസം കഴിഞ്ഞിരുന്നെങ്കിൽ ജനങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെടുകയും രാജ്യത്ത് അരാജകത്വം ഉണ്ടാകുകയും ചെയ്തേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗ വിവരം ചോർന്നതെങ്ങനെ?
ഇസ്രയേലിന്‍റെ ആക്രമണം പരാജയപ്പെട്ടെങ്കിലും ഇത്രയും രഹസ്യമായി തീരുമാനിച്ച യോഗത്തിന്‍റെ വിവരം എങ്ങനെ ചോർന്നുവെന്നത് ഇറാനെ അലട്ടിയിരുന്നു. അതിനുള്ള തീവ്രമായ അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ന്യൂയോർക് ടൈംസ് പ്രസിദ്ധീകരിച്ച വിശദമായ ലേഖനത്തിൽ അതിനുള്ള ഉത്തരമുണ്ട്. യഥാർഥത്തിൽ ഇറാൻ ആണവശാസ്ത്രജ്ഞരും സൈനിക, ഭരണ മേധാവികളും മുൻകരുതലെന്ന നിലയിൽ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഡിവൈസുകളോ അടുത്തിടെയായി ഉപയോഗിക്കാറില്ലായിരുന്നു. അതെല്ലാം ഇസ്രായേൽ ചോർത്തുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, ആ കരുതലിനെ തോൽപ്പിച്ചത് ഇവരുടെയൊക്കെ അംഗരക്ഷകരായിരുന്നു.
മിക്കവർക്കും വിപുലമായ സുരക്ഷാസംവിധാനവും അംഗരക്ഷകരും ഉണ്ടായിരുന്നു. ഈ അംഗരക്ഷകരിൽ പലരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന് മാത്രമല്ല, സോഷ്യൽ മീഡിയയിലും സജീവവുമായിരുന്നു. ഈ പഴുതുവഴിയാണ് മൊസാദ് പല പ്രമുഖരിലേക്കും അനായാസം കടന്നെത്തിയത്. നേരെത്ത സൂചിപ്പിച്ച യോഗത്തിന്‍റെ സമയവും സ്ഥലവും ഇസ്രായേൽ മനസിലാക്കിയതും അംഗരക്ഷകരുടെ ഫോണുകൾ വഴിയാണ്. ബങ്കറിലേക്കുണ്ടായ ബോംബിങിൽ പുറത്ത് കാവൽ നിന്ന അംഗരക്ഷകരിൽ ചിലർ കൊല്ലപ്പെട്ടതും അങ്ങനെയാണ്.