കുഞ്ഞുങ്ങളുടെ ഭക്ഷണവും നിഷേധിച്ച് ഇസ്രായേൽ; ഹൻഡല ഫ്രീഡം േഫ്ലാട്ടില്ലയും തടഞ്ഞു -വിഡിയോ
text_fieldsഗസ്സ: വിശപ്പടക്കാനാവാതെ മരിച്ചുവീഴുന്ന ഗസ്സയിലെ കുരുന്നുകൾക്ക് പോഷകാഹാര ഭക്ഷണങ്ങൾ ഉൾപ്പെടെ വസ്തുക്കളുമായി പുറപ്പെട്ട ബോട്ടിനു നേരെയും അതിക്രമവുമായി ഇസ്രായേൽ സൈന്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 19 സാമൂഹ്യപ്രവർത്തകരെയും സഹാല വസ്തുക്കളും ആയി പുറപ്പെട്ട ഫ്രീഡം േഫ്ലാട്ടില്ല കോയലിയഷൻ (എഫ്.എഫ്.സി) നേതൃത്വത്തിലുള്ള ഹൻഡല ഫ്രീഡം േഫ്ലാട്ടില്ലയെയാണ് ഇസ്രായേൽ സൈന്യം തടഞ്ഞ് കസ്റ്റഡിയിലെടുത്തത്.
ഗസ്സയിലേക്കുള്ള മാർഗമധ്യേ ബോട്ടിൽ അതിക്രമിച്ചു കടന്ന സൈന്യം, ആക്ടിവിസ്റ്റുകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അഷ്ദോദ് തുറമുഖത്തേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ട്. ഇറ്റലിയുടെ ഭാഗമായി സിസിലിയിൽ നിന്നാണ് ഈ മാസാദ്യം ഭക്ഷ്യ വസ്തുക്കളും മരുന്നും കളിപ്പാട്ടവും, ബേബി ഫോർമുലയും ഉൾപ്പെടെ സാധനങ്ങളുമായി ഹൻഡല ഫ്രീഡം േഫ്ലാട്ടില ഗസ്സ ലക്ഷ്യം വെച്ച് നീങ്ങിയത്.
19 സാമൂഹ്യപ്രവർത്തകർക്കു പുറമെ, അൽജസീറയുടെ രണ്ടു മാധ്യമ പ്രവർത്തകരും സംഘത്തിലുണ്ടായിരുന്നു.
ഈപ്ഷ്യൻ തീരത്തു നിന്നും 50 കിലോമീറ്ററും, പടിഞ്ഞാറൻ ഗസ്സക്ക് 100 കിലോമീറ്ററും അകലെ അന്താരാഷ്ട്ര സമുദ്ര പരിധിയിൽ വെച്ചായിരുന്നു ഇസ്രായേൽ സൈന്യം ബോട്ട് വളഞ്ഞ് അതിക്രമിച്ചുകടന്നത്.
ആയുധധാരികളായ നിരവധി സൈനികർ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും കപ്പലിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ബന്ദികളാക്കിയതായും എഫ്.എഫ്.സി പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഗസ്സ തീരത്തെ സമുദ്രമേഖലയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് നാവികസേന ബോട്ട് തടഞ്ഞതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബോട്ടിനെ ഇസ്രായേൽ തീരത്തേക്ക് മാറ്റുകയാണെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും മന്ത്രാലയം പറഞ്ഞു. ആസ്‌ട്രേലിയ, ഫ്രാൻസ്, യു.കെ, യു.എസ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 19 ആക്ടിവിസ്റ്റുകളാണ് സംഘത്തിലുള്ളത്.
ജൂൺ ആദ്യ വാരത്തിൽ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗിന്റെ നേതൃത്വത്തിലുള്ള 12 പേർ സഞ്ചരിച്ച ഫ്രീഡം േഫ്ലാട്ടില്ലയുടെ മാഡ്‍ലീൻ കപ്പലും ഇസ്രായേൽ സേന തടഞ്ഞ്, അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങൾക്കു ശേഷമായിരുന്നു സംഘാംഗങ്ങളെ മോചിപ്പിച്ചത്.
അതിനിടെ ഭക്ഷണവും നിഷേധിച്ച് മാസങ്ങളായി തുടരുന്ന ഉപരോധത്തിൽ നേരിയ ഇളവു നൽകാൻ ഇസ്രായേൽ തയ്യാറായി. വിമാനമാർഗം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാനും, ചുരുക്കം കേന്ദ്രങ്ങളിൽ ഭക്ഷ്യ വിതരണത്തിന് ‘യുനർവ’യെ അനുവദിക്കാനും തീരുമാനിച്ചതായി ഇസ്രായേൽ അറിയിച്ചു. അതേസമയം, ഇത് അപര്യാപ്തമാണെന്നും കരമാർഗം വിപുലമായ സഹായം ഗസ്സയിൽ എത്തിക്കുകയാണ് വേണ്ടതെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.