ഗസ്സയിൽ അഭയ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണത്തിൽ 45 മരണം; ഭക്ഷണത്തിനും മരുന്നിനുമുള്ള ഉപരോധം എട്ടാമത്തെ ആഴ്ചയിലേക്ക്
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ സിവിലിയൻ അഭയ കേന്ദ്രങ്ങൾക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 45 പേരെങ്കിലും കൊല്ലപ്പെട്ടതായും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അവശേഷിക്കുന്ന വീടുകൾക്കും ടെന്റ് ഷെൽട്ടറുകൾക്കും നേരെയുള്ള വ്യോമാക്രമണങ്ങൾ തുടരുകയാണ്.
രാത്രിയിലും പുലർച്ചെയുമുണ്ടായ ആക്രമണങ്ങളിൽ മരണസംഖ്യയും ഏറുന്നു. മധ്യ ഗസ്സയിലെ നുസൈറത്തിനടുത്തുള്ള ഒരു ടെന്റിൽ മൂന്ന് കുട്ടികളും ഗസ്സ നഗരത്തിലെ ഒരു വീട്ടിൽ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഗസ്സയിലെ ‘ഭക്ഷ്യ-സഹായ ഡിപ്പോകളിൽ’ ബോംബിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള തന്റെ ‘വളരെ വ്യക്തമായ നിലപാടിനെ’ യു. എസ് റിപ്പബ്ലിക്കൻ പാർട്ടി നിയമസഭാംഗങ്ങൾ പിന്തുണക്കുന്നുവെന്ന് ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. ഗസ്സയിലേക്കുള്ള ഭക്ഷണം, മരുന്ന്, സഹായം എന്നിവക്കുള്ള ഉപരോധം എട്ട് ആഴ്ചയായി ഇസ്രായേൽ തുടരുകയാണ്. യുദ്ധത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധി എന്ന് ഇതിനെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിക്കുന്നു.
18മാസം മുമ്പ് ആരംഭിച്ച ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ കുറഞ്ഞത് 51,305 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും 117,096 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സ ഗവൺമെന്റ് മീഡിയ ഓഫിസ് മരണസംഖ്യ 61,700ൽ കൂടുതലാണെന്ന് റിപ്പോർട്ട് ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിനു പേർ മരിച്ചതായി കണക്കാക്കുന്നു.
അടുത്തിടെയുണ്ടായ ആക്രമണത്തിൽ പ്രാദേശിക പത്രപ്രവർത്തകൻ സയീദ് അബു ഹസ്സനൈനും കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ കുറഞ്ഞത് 232 മാധ്യമ പ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടു.
ഗസ്സ മുനമ്പ് വർധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുന്നുവെന്ന് മധ്യ ഗസ്സയിലെ ദെയ്ർ അൽ ബലായിൽ നിന്നുള്ള അൽ ജസീറയുടെ താരിഖ് അബു അസൂം റിപ്പോർട്ട് ചെയ്തു. ഉപകരണങ്ങളിൽ ഭൂരിഭാഗവും കേടുവന്നതോ നശിച്ചതോ ആയതിനാൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഇരകളിലേക്ക് എത്തിച്ചേരാൻ രക്ഷാപ്രവർത്തകർ ഏറെ പാടുപെടുന്നുവെന്നും അദ്ദേഹം വിവരിച്ചു.