10 മണിക്കൂർ വെടിനിർത്തലിനിടയിലും ഗസ്സയിൽ 70 പേരെ കൊന്നുതള്ളി ഇസ്രായേൽ ക്രൂരത
text_fieldsഗസ്സ: മാനുഷിക സഹായത്തിനായി മൂന്നിടങ്ങളിൽ ദിവസം 10 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതിനിടയിലും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. തിങ്കളാഴ്ച മാത്രം 70 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒമ്പതുപേർ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കാത്തുനിന്നവരാണ്.
ഗസ്സ സിറ്റി, ദൈർ അൽബലഹ്, മുവാസി എന്നിവിടങ്ങളിലാണ് രാവിലെ 10 മുതൽ രാത്രി എട്ട് വരെ ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. സഹായ സാധനങ്ങൾ എത്തിക്കുന്നതിനായി റഫ അതിർത്തി തുറക്കുകയും ചെയ്തു. എന്നാൽ, ഇതിനിടയിലും ആക്രമണത്തിന് കുറവൊന്നുമില്ല. മധ്യ ഗസ്സയിലെ അൽഅവ്ദ ആശുപത്രിയിൽ ഏഴുപേരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കൊണ്ടുവന്നത്.
ഇവർ ഇസ്രായേലും യു.എസും ചേർന്ന് നടത്തുന്ന ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സഹായ വിതരണ കേന്ദ്രത്തിനരികിൽവെച്ചാണ് കൊല്ലപ്പെട്ടതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മുവാസിയിൽ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ ഗർഭിണിയടക്കം 11 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനുസിൽ സ്ത്രീകളും കുട്ടികളുമടക്കം 11 പേർ കൊല്ലപ്പെട്ടതായി അൽനാസർ ആശുപത്രി അധികൃതർ അറിയിച്ചു.