ഇറാൻ വിഷയം ചർച്ച ചെയ്യാൻ നെതന്യാഹു യു.എസിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്തും
text_fieldsതെൽ അവീവ്: ഇറാൻ വിഷയം ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസിലേക്ക് യാത്രതിരിക്കുന്നു. ബുധനാഴ്ച രാവിലെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇക്കാര്യം ചർച്ച ചെയ്യും. ഇറാനുമായുള്ള ചർച്ചകളിൽ ബാലിസ്റ്റിക് മിസൈലുകളുടെ നിയന്ത്രണം ഉറപ്പാക്കണമെന്നും ഇറാൻ അച്ചുതണ്ടിന് ലഭിക്കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
യു.എസ്-ഇറാൻ ആദ്യഘട്ട ചർച്ച ഒമാനിൽ പൂർത്തിയായതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ സന്ദർശനം. ചൊവ്വാഴ്ചയായിരിക്കും അദ്ദേഹം യാത്രതിരിക്കുക. തുടർന്ന് ബുധനാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തി വ്യാഴാഴ്ച മടങ്ങുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വരും ദിവസങ്ങളിൽ ഇറാനുമായി യു.എസ് രണ്ടാംഘട്ട സമാധാന ചർച്ചകൾ നടത്താനിരിക്കെയാണ് ഇസ്രായേൽ നീക്കം.
ഒമാനിലെ മസ്കത്തിൽ വെള്ളിയാഴ്ച നടന്ന അമേരിക്ക-ഇറാൻ ആണവ ചർച്ചക്ക് പിന്നാലെ ഇറാനുമേൽ സമ്മർദമേറ്റി അമേരിക്ക രംഗ. ഇറാന്റെ ഊർജ മേഖല ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങൾ അമേരിക്ക പ്രഖ്യാപിച്ചു.
ഇറാന്റെ എണ്ണക്കടത്തിന് സഹായിക്കുന്ന 14 കപ്പലുകൾ, 15 വ്യാപാരസ്ഥാപനങ്ങൾ, രണ്ട് ബിസിനസ് മേധാവികൾ എന്നിവർക്കെതിരെയാണ് ഉപരോധ നടപടികൾ പ്രഖ്യാപിച്ചത്. കൂടാതെ, ഇറാനിൽനിന്ന് ഉൽപന്നങ്ങളോ സേവനങ്ങളോ വാങ്ങുന്ന രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ 25 ശതമാനം വരെ അധിക ഇറക്കുമതി നികുതി (സെക്കൻഡറി താരിഫ്) ഏർപ്പെടുത്താൻ അധികാരം നൽകുന്ന ഉത്തരവിലും പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. ഇറാന്റെ പ്രധാന വരുമാനമാർഗമായ എണ്ണ-പെട്രോകെമിക്കൽ വ്യാപാരം പൂർണമായും തടയുക എന്ന സമ്മർദനയത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.


