ഫലസ്തീൻ ചിത്രം അവാർഡ് നേടിയതിന് പിന്നാലെ ഭീഷണിയുമായി ഇസ്രായേൽ സാംസ്കാരിക മന്ത്രി
text_fields‘ദി സീ’ എന്ന ഫലസ്തീൻ ചിത്രം ഇസ്രായേൽ ചലച്ചിത്ര അവാർഡ് നേടിയതിന് പിന്നാലെ ഫണ്ടിങ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇസ്രായേൽ സാംസ്കാരിക മന്ത്രി. ഓസ്കർ പുരസ്കാരങ്ങൾക്ക് തുല്യമായി ഇസ്രായേൽ സംഘടിപ്പിക്കുന്ന ‘ഒഫീർ അവാർഡ്സിലാണ്’ മികച്ച സിനിമക്കുള്ള പുരസ്കാരം ഫലസ്തീൻ ചിത്രമായ ‘ദി സീ’ക്ക് പ്രഖ്യാപിച്ചത്. പശ്ചിമേഷ്യയിലെ ഒരു ഫലസ്തീൻ ബാലൻ കടൽ കാണാൻ വേണ്ടി ആദ്യമായി തെൽ അവീവിലേക്ക് യാത്ര ചെയ്യുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. മികച്ച ചിത്രം എന്ന നേട്ടത്തോടൊപ്പം അടുത്ത വർഷത്തെ ഓസ്കർ പുരസ്കാരങ്ങളിൽ ഇസ്രായേലിനെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
എന്നാൽ പുരസ്കാരം പ്രഖ്യാപിച്ചതും വൻ വിവാദങ്ങളാണ് ഉയർന്നുവന്നത്. ഇസ്രായേൽ പൗരന്മാരെ സംബന്ധിച്ചിടത്തോളം ലജ്ജിപ്പിക്കുന്ന ചടങ്ങാണ് ഒഫീർ അവാർഡ്സെന്നും ഇത് ഇസ്രായേലിന്റെ മുഖത്തേറ്റ അടിയാണെന്നും ഇസ്രായേൽ സാംസ്കാരിക മന്ത്രി മിക്കി സോഹർ എക്സിൽ കുറിച്ചു. ഇസ്രയേൽ സൈനികരുടെ മുഖത്ത് തുപ്പുന്ന ചടങ്ങിലേക്ക് ജനങ്ങളുടെ പണം നൽകില്ലെന്നും മന്ത്രി ഭീഷണിപ്പെടുത്തി. എന്നാൽ ഇത്തരത്തിൽ ഫണ്ടിങ് റദ്ദാക്കാൻ മന്ത്രിക്ക് അധികാരമുണ്ടോയെന്ന കാര്യം വ്യക്തമല്ല.
ചിത്രത്തിലെ നായകനായ 13 വയസ്സുകാരൻ മുഹമ്മദ് ഗസാവിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഒഫീർ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനാണ് ഗസാവി. ടെൽ അവീവിലേക്ക് വിനോദയാത്ര ചെയ്യുന്ന 12 വയസ്സുകാരനായ ഖാലിദ് എന്ന കഥാപാത്രത്തെയാണ് ഗസാവി അവതരിപ്പിച്ചത്. യാത്രാമധ്യേ ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്.) ചെക്ക്പോസ്റ്റിൽ വെച്ച് ഇസ്രായേലിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഖാലിദ് രഹസ്യമായി ഇസ്രായേലിലേക്ക് കടക്കുന്നതും, അവനെ കണ്ടെത്താൻ അവന്റെ അച്ഛൻ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഓരോ കുട്ടിക്കും സമാധാനപരമായി ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്ന് നിർമാതാവ് ബാഹെർ അഗ്‍ബാരിയ പറഞ്ഞു. അതേസമയം ഇസ്രായേലി ചലച്ചിത്ര പ്രവർത്തകർക്കുള്ള ഈ അവാർഡ് തെരഞ്ഞെടുപ്പിൽ ഇസ്രായേൽ സർക്കാരിന്റെ സിനിമക്കും സംസ്കാരത്തിനും നേരെയുള്ള ആക്രമണങ്ങൾക്കെതിരെയും, ഇസ്രായേലി സിനിമയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾക്കെതിരെയും ഉള്ള ശക്തമായ പ്രതികരണമാണെന്ന് ഇസ്രായേലി അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ചെയർ അസ്സാഫ് അമിർ പ്രതികരിച്ചു.
ഫലസ്തീൻ ജനതക്കെതിരെയുള്ള വംശഹത്യയിൽ പ്രതിഷേധിച്ച് ഇസ്രായേലി ചലച്ചിത്ര സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചുള്ള പ്രതിജ്ഞയിൽ നൂറുകണക്കിന് അഭിനേതാക്കളും സംവിധായകരും മറ്റ് ചലച്ചിത്ര വിദഗ്ധരും ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.