ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനു മുമ്പായി ഗസ്സയിൽനിന്ന് ഹമാസിനെ തുടച്ചുനീക്കും; ഭീഷണിയുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി
text_fieldsതെൽ അവീവ്: ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനു മുമ്പായി ഗസ്സയിൽനിന്ന് ഹമാസിനെ ഇല്ലാതാക്കാൻ സൈന്യം സജ്ജമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. റഫയിൽ ഹമാസ് കമാൻഡർമാരുടെ സാന്നിധ്യം തുടരുന്നതിനെചൊല്ലി മുൻ ഇസ്രായേൽ ആർമി കേണലും നെസെറ്റ് സ്ഥാനാർഥിയുമായ ഒഫെർ വിന്റർ സൈന്യത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടതിനു പിന്നാലെയാണ് കാറ്റ്സിന്‍റെ ഭീഷണി.
ഹമാസിന്റെ റഫ ബ്രിഗേഡ് കമാൻഡർ എന്ന് ഇസ്രായേൽ സൈന്യം വിശേഷിപ്പിച്ച നായേൽ അബു ഉബെയ്ദ് കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടതിനു പിന്നാലെയായിരുന്നു വിന്ററിന്റെ പ്രതികരണം. തുരങ്കങ്ങളും വീടുകളും തകർക്കുന്നതിനൊപ്പം റഫയിലെയും ഗസ്സ മുനമ്പിലെ 70 ശതമാനം പ്രദേശത്തെയും താമസക്കാരെ ഇസ്രായേൽ സേന ഒഴിപ്പിച്ചിട്ടുണ്ടെന്ന് കാറ്റ്സ് പറഞ്ഞു. ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രതിരോധ സേനയും (ഐ.ഡി.എഫ്) ഷിൻ ബെത്തും ഓപറേഷൻ തുടരുകയാണ്. വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോഴും, ഹമാസിനെ നിരായുധീകരിക്കാനുള്ള സൈനിക നടപടികൾ ശക്തമായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അനുമതി ലഭിക്കുകയാണെങ്കിൽ ഹമാസിനെ ഉൻമൂലനം ചെയ്യാനും ദൗത്യം പൂർത്തിയാക്കാനും സൈന്യം തയാറാണെന്നും, അതിനുശേഷം ഇസ്രായേലിന് നിർദിഷ്ട കുടിയേറ്റ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സ വിട്ടുപോകുന്ന ഫലസ്തീനികളെ സ്വീകരിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന യു.എസിന്‍റെ പദ്ധതി വ്യാപിപ്പിക്കാൻ കഴിയുമെന്ന് കാറ്റ്സ് പറയുന്നു. കരയിലൂടെയും കടലിലൂടെയും ഫലസ്തീനികൾക്ക് ഗസ്സ വിട്ടുപോകാനുള്ള സൗകര്യമൊരുക്കാൻ ഇസ്രായേലിന് കഴിയും. ഫലസ്തീനികളെ സ്വീകരിക്കുന്ന രാജ്യങ്ങളെ കണ്ടെത്താൻ യുഎസ് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം,
ഫലസ്തീനികളെ ഗസ്സയിൽനിന്ന് ബലമായി പുറത്താക്കാനുള്ള പദ്ധതി നിലവിലുണ്ടെന്ന വാദം ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബി തള്ളിക്കളഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ 2023 ഒക്ടോബർ ഏഴു മുതൽ 73,795 ഫലസ്തീനികൾ കൊല്ലപ്പെടുകയും 174,798 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം മാത്രം 1,381 ഫലസ്തീനികൾ കൊല്ലപ്പെടുകയും 4,757 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരായുധീകരണ ചർച്ചകളുമായി മുന്നോട്ട് പോകാൻ തയeറാണെന്ന് ജൂലൈ അവസാനത്തോടെ ഹമാസ് വ്യക്തമാക്കിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിനെ സ്വാഗതം ചെയ്തിരുന്നു.
എന്നാൽ, ആഗസ്റ്റിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിർദേശത്തെ തള്ളിക്കളഞ്ഞു. ഹമാസിനെ പൂർണമായി നിരായുധീകരിച്ചില്ലെങ്കിൽ ഗസ്സയിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.


