സമാധാന ശ്രമങ്ങൾക്കിടെ ലബനാനിൽ വീണ്ടും ഇസ്രായേൽ കുരുതി; രണ്ടുപേർ കൊല്ലപ്പെട്ടു
text_fieldsബൈറൂത്ത്: സമാധാന ശ്രമങ്ങൾക്കിടെ തെക്കൻ ലബനാനിൽ രണ്ടുപേരെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. നബാതി അൽഫൗഖയിൽ അൽദയർ പരിസരത്ത് റോഡ് വൃത്തിയാക്കാനെത്തിയ ആൾക്കൂട്ടത്തിന് നേരെ ഇസ്രായേൽ സൈനികർ വെടിയുതിർക്കുകയായിരുന്നു. ബുൾഡോസറിന് സമീപം നിന്നവരാണ് കൊല്ലപ്പെട്ടതെന്ന് ലബനാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി എൻ.എൻ.എ റിപ്പോർട്ട് ചെയ്തു.
മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇസ്രായേൽ വീണ്ടും ജീവനെടുത്തത്. ഞായറാഴ്ച മുതൽ ഇസ്രായേൽ സേനയും ഹിസ്ബുല്ലയും തമ്മിൽ പരസ്പരം ഏറ്റുമുട്ടൽ ഉപേക്ഷിച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ ആരംഭിച്ച ലബനാൻ യുദ്ധത്തിൽ ആദ്യമായാണ് ഇത്രയും നാൾ മേഖല ശാന്തമായത്.
തെക്കൻ ലബനനിൽ ഇസ്രായേലി വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലബനാൻ സിവിൽ ഡിഫൻസും സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിനിടെ ലബനാനിൽ ഇസ്രായേൽ നടത്തിയ വെടിവയ്പ്പിൽ ഉണ്ടായ ആദ്യത്തെ മരണമാണിത്. കൊലപാതക റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
കഴിഞ്ഞയാഴ്ച അമേരിക്കയുമായി ഒപ്പുവച്ച ഇടക്കാല കരാറിന്റെ ഭാഗമായി ലബനാനിൽ വെടിനിർത്തണമെന്ന് ഇറാൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ സ്വിറ്റ്‌സർലൻഡിൽ പാകിസ്താനും ഖത്തറും മധ്യസ്ഥത വഹിച്ച യുഎസ്-ഇറാൻ ചർച്ചയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, ലബനാനിലെ സമാധാനം കൈവരിക്കാൻ ‘സംഘർഷരഹിത സെൽ’ ഉണ്ടാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
മാർച്ച് രണ്ടിന് തുടങ്ങിയ ഇസ്രായേൽ ആക്രമണങ്ങളിൽ 773 സ്ത്രീകൾ, കുട്ടികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ 4,100 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലി ആക്രമണത്തിൽ ഏകദേശം 1.2 ദശലക്ഷം ആളുകൾക്ക് വീട് നഷ്ടമായി. ഹിസ്ബുല്ലയുടെ തിരിച്ചടിയിൽ കുറഞ്ഞത് 32 ഇസ്രായേലി സൈനികരും നാല് പൗരൻമാരും കൊല്ലപ്പെട്ടു.


