‘യേശുവിനെ കണ്ടുമുട്ടാൻ’ പട്ടിണിക്കിട്ടു; 191പേരെ കൊലപ്പെടുത്തിയ കെനിയൻ പാസ്റ്റർക്ക് 200വർഷം തടവ്
text_fieldsപോൾ മക്കെൻസി
നെയ്റോബി: 190 കുട്ടികളെയും ഒരു മുതിർന്നയാളെയും പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ സ്വയം മതപ്രഭാഷകനെന്ന് അവകാശപ്പെടുന്ന കെനിയൻ കൾട്ട് നേതാവ് പോൾ മക്കെൻസിക്ക് 200 വർഷം തടവ് ശിക്ഷ വിധിച്ചു.
2023 മുതൽ തീരദേശ വിനോദസഞ്ചാര കേന്ദ്രമായ മലിന്ദിക്ക് സമീപമുള്ള ഇയാളുടെ ആസ്ഥാനത്തുനിന്ന് നൂറുകണക്കിന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 'ഷക്കഹോള വന കൂട്ടക്കൊല' എന്ന പേരിലാണ് ഈ സംഭവം അറിയപ്പെടുന്നത്.
സ്വയം പ്രഖ്യാപിത പാസ്റ്ററായ പോൾ മക്കെൻസി, 'യേശുവിനെ കണ്ടുമുട്ടാൻ' എന്ന പേരിൽ അനുയായികളോട് പട്ടിണി കിടന്ന് മരിക്കാൻ പ്രേരിപ്പിച്ചെന്നായിരുന്നു ആരോപണം.
2021 ജനുവരി മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 190 കുട്ടികളെയും ഒരു മുതിർന്നയാളെയും കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ മാസമാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ മക്കെൻസിക്കൊപ്പം മറ്റ് 28 പേരെയും പ്രതിചേർത്തിരുന്നു.
വെള്ളിയാഴ്ച കോടതി ഇയാൾക്ക് കൊലപാതക കുറ്റത്തിന് 100 വർഷവും പട്ടിണി മരണവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് 100 വർഷവും ഉൾപ്പെടെ 200 വർഷം തടവുശിക്ഷ വിധിച്ചു.
മറ്റ് കേസുകളിലായി നരഹത്യ, ഭീകരവാദം തുടങ്ങിയ കുറ്റങ്ങളും പോൾ മക്കെൻസി നേരിടുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ ഇയാൾ നിഷേധിച്ചു.
രണ്ട് പേരക്കുട്ടികളെ നഷ്ടപ്പെട്ട 62കാരനായ അധ്യാപകൻ ഫ്രാൻസിസ് വാൻജെ, സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പോൾ മക്കെൻസിക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു.
കെനിയൻ നിയമത്തിൽ വധശിക്ഷയ്ക്ക് വ്യവസ്ഥയുണ്ടെങ്കിലും 1987ന് ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഏകദേശം 120 സാക്ഷികളാണ് കോടതിയിൽ മൊഴി നൽകിയത്.
സാക്ഷികളുടെ മൊഴി പ്രകാരം, ഔപചാരിക വിദ്യാഭ്യാസത്തെ 'സാത്താനികം' എന്ന് വിശേഷിപ്പിച്ചിരുന്ന സംഘം ആധുനിക വൈദ്യശാസ്ത്രത്തെയും ആശുപത്രികളെയും പിശാചിന്റെ ഉപകരണങ്ങളായാണ് കണ്ടിരുന്നത്. അനുയായികൾ പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നും സംഘം നിർദേശിച്ചിരുന്നതായി സാക്ഷികൾ കോടതിയെ അറിയിച്ചു.
2023 ഏപ്രിലിലാണ് മനുഷ്യാവകാശ സംഘടനയുടെ മുന്നറിയിപ്പിനെത്തുടർന്ന് പോൾ മക്കെൻസിയെ അറസ്റ്റ് ചെയ്തത്. കെനിയയുടെ തീരദേശ മേഖലയിലെ ഷക്കഹോള വനത്തിലുള്ള 325 ഹെക്ടർ (800 ഏക്കർ) വിസ്തൃതിയുള്ള റാഞ്ചിൽനിന്ന് ഏതാനും അനുയായികളെ അന്ന് രക്ഷപ്പെടുത്തിയിരുന്നു.
മതസംഘടനകളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ഈ സംഭവം ശക്തമാക്കിയിട്ടുണ്ട്. മക്കെൻസിയെ നേരത്തെയും രണ്ടുതവണ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നുവെന്ന വിവരം പുറത്തുവന്നതോടെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നത്.


