സമുദ്രജീവികളെ സംരക്ഷിക്കാനുള്ള ‘ഹൈ സീസ്’ ഉടമ്പടി ഉടൻ പ്രാബല്യത്തിൽ വരും
text_fieldsഅന്താരാഷ്ട്ര സമുദ്രങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള ആദ്യ ഉടമ്പടി അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. അറുപതാമത്തെ രാജ്യമായ മൊറോക്കോ ഉടമ്പടി അംഗീകരിച്ചതോടെയാണിത് പ്രാബല്യത്തിൽ വരുന്നത്. രണ്ട് പതിറ്റാണ്ടുകളോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഉടമ്പടി രൂപംകൊണ്ടത്. കാലാവസ്ഥാ വ്യതിയാനം, അമിത മത്സ്യബന്ധനം, ആഴക്കടലിലെ ഖനനം തുടങ്ങിയ ഭീഷണികളെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ആദ്യ ഉടമ്പടിയാണിത്.
ലോക സമുദ്രങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും 10 ദശലക്ഷത്തോളം വിവിധ ജീവിവർഗങ്ങളും ഈ ഉടമ്പടിയുടെ പരിധിയിൽ വരും. ഇവയിൽ പലതിനെയും ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. ‘സമുദ്രത്തിനും മാനവരാശിക്കും ഒരു ജീവരേഖ’ എന്നാണ് ഉടമ്പടി അംഗീകരിച്ച സർക്കാരുകളെ അഭിനന്ദിച്ചുകൊണ്ട് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.
കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്നുള്ള രക്ഷയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉടമ്പടി പ്രകാരം ആനുകൂല്യങ്ങൾ തുല്യമായി പങ്കിടാനും സമുദ്രത്തിൽ സംരക്ഷിത പ്രദേശങ്ങൾ സൃഷ്ടിക്കാനും ശാസ്ത്ര-ശേഷി വർദ്ധനവ് മെച്ചപ്പെടുത്താനുമുള്ള നിയമങ്ങൾ സ്ഥാപിക്കുന്നുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു. ഉടമ്പടിയിൽ ചേരാത്ത സർക്കാരുകൾ വൈകാതെ പങ്കുചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഉടമ്പടി പൂർണമായി അംഗീകരിച്ച 60 രാജ്യങ്ങൾക്ക് പുറമേ 122 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉടമ്പടി ഒപ്പുവെച്ച് അംഗീകരിക്കാനുള്ള തങ്ങളുടെ താൽപ്പര്യം അറിയിച്ചിട്ടുണ്ട്.
ഉടമ്പടിയുടെ ‘യഥാർഥ പരീക്ഷണം’ അത് നടപ്പാക്കുന്നതിലാണെന്ന് കരീബിയൻ റീജിയണൽ കോർഡിനേറ്റർ ലെനേക റോഡൻ പറഞ്ഞു. നമ്മുടെ സമൂഹങ്ങൾ ഇതിനോടകം കാലാവസ്ഥാ വ്യതിയാനത്തിന്റെയും സമുദ്രത്തിന്റെ തകർച്ചയുടെയും പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നുണ്ട്. കൂടാതെ ഭക്ഷണം, ഉപജീവനമാർഗങ്ങൾ, സാംസ്കാരിക സ്വത്വം എന്നിവക്കായി ആരോഗ്യകരമായ സമുദ്ര ആവാസ വ്യവസ്ഥയെയാണ് നമ്മൾ ആശ്രയിക്കുന്നതെന്നും റോഡൻ പ്രസ്താവിച്ചു.
ഉടമ്പടിക്ക് സ്വന്തമായി ഒരു ശിക്ഷാ നിയമനിർമ്മാണ സമിതിയില്ല. പകരം, ഓരോ രാജ്യവും അവരുടെ കപ്പലുകളെയും കമ്പനികളെയും നിയന്ത്രിക്കാൻ ബാധ്യസ്ഥരാണ്. ഉദാഹരണത്തിന് ജർമ്മൻ പതാകയുള്ള കപ്പൽ നിയമങ്ങൾ ലംഘിച്ചാൽ അതിനെതിരെ നടപടിയെടുക്കേണ്ടത് ജർമനിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് സാർവത്രിക അംഗീകാരം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അറിയിച്ചു.
ഉടമ്പടിയെ പരിസ്ഥിതി പ്രവർത്തകർ ‘അതിമഹത്തായ വിജയം’ എന്ന് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (ഐ.യു.സി.എൻ) വിലയിരുത്തൽ പ്രകാരം സമുദ്രജീവി വർഗ്ഗങ്ങളിൽ ഏകദേശം 10 ശതമാനവും വംശനാശഭീഷണിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഉടമ്പടി പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ഓരോ രാജ്യങ്ങൾ സംരക്ഷിക്കേണ്ട പ്രദേശങ്ങൾ നിർദ്ദേശിക്കുകയും അവ ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ വോട്ടിനിട്ട് അംഗീകരിക്കുകയും ചെയ്യും. വലിയ ആവാസവ്യവസ്ഥയായ സമുദ്രം എല്ലാ ജീവികളുടെയും നിലനിൽപ്പിന് നിർണായകമാണ്.
എന്താണ് ഹൈ സീസ്?
ഒരു രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലക്ക് പുറത്തുള്ള അന്താരാഷ്ട്ര സമുദ്രങ്ങളെയാണ് ഹൈ സീസ് ഉടമ്പടിയിൽ ഉൾക്കൊള്ളിച്ചത്. ഇത് സമുദ്രത്തിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഭൂമിയുടെ ഉപരിതലത്തിന്റെ പകുതിയോളവും വരും.
‘ദി ഏരിയ’എന്നറിയപ്പെടുന്ന ദേശീയ അധികാരപരിധിക്ക് പരിധിക്ക് പുറത്തുള്ള കടൽത്തീരവും അടിത്തട്ടുകളും ഇതിൽ ഉൾപ്പെടും. ഭൂമിയുടെ കടൽത്തീരത്തിന്റെ പകുതിയിലധികം ഇതിൽ വരും.