Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകെ.എഫ്.സി സ്ഥാപകൻ കേണൽ...

കെ.എഫ്.സി സ്ഥാപകൻ കേണൽ സാൻഡേഴ്സിന്റെ വീടും ചരിത്രപ്രസിദ്ധമായ റെസ്റ്റോറന്റും ലേലത്തിൽ

text_fields
bookmark_border
കെ.എഫ്.സി സ്ഥാപകൻ കേണൽ സാൻഡേഴ്സിന്റെ വീടും ചരിത്രപ്രസിദ്ധമായ റെസ്റ്റോറന്റും ലേലത്തിൽ
cancel

ഷെൽബിവിൽ: കെ.എഫ്.സി സ്ഥാപകൻ കേണൽ ഹാർലൻഡ് സാൻഡേഴ്സിന്റെ വീടും റെസ്റ്റോറന്റും പരസ്യ ലേലത്തിൽ. അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രഷർ കുക്കർ, കറുത്ത ബോ ടൈ, മറ്റ് സ്വകാര്യ ശേഖരങ്ങൾ എന്നിവയും ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാൻഡേഴ്സ് തന്റെ റെസ്റ്റോറന്റ് ബിസിനസിന്റെ ആദ്യ ആസ്ഥാനമാക്കി മാറ്റിയ ഷെൽബിവില്ലിലെ വസ്തുവകകളാണ് ഇപ്പോൾ ലേലത്തിന് വെച്ചിരിക്കുന്നത്. 1950കളുടെ അവസാനത്തിലാണ് അദ്ദേഹം ഇവിടെ ബിസിനസ് ആരംഭിച്ചത്. വീടും 'ക്ലോഡിയ സാൻഡേഴ്സ് ഡിന്നർ ഹൗസ്' എന്ന റെസ്റ്റോറന്റും അടങ്ങുന്ന ഈ പ്രോപ്പർട്ടി 1974ൽ ടോമ്മി, ചെറി സെറ്റിൽ ദമ്പതികൾക്ക് വിറ്റിരുന്നു. അന്നുമുതൽ ഇന്നുവരെ ഈ റെസ്റ്റോറന്റ് നടത്തിവരുന്നത് ഇവരാണ്..

"കേണൽ സാൻഡേഴ്സ് ഒറിജിനൽ സെലിബ്രിറ്റി ഷെഫ് ആയിരുന്നു," എന്ന് ലേല നടപടികൾക്ക് നേതൃത്വം നൽകുന്ന 'ദി മെനിഷ് ഗ്രൂപ്പിന്റെ' ബിൽ മെനിഷ് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്ന് വലിയ പ്രതികരണമാണ് ലേല നടപടിക്ക് ലഭിക്കുന്നത്.

ഓൺലൈൻ വഴിയുള്ള പ്രീ-ബിഡിങ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനിക്കും. തുടർന്ന് സാൻഡേഴ്സിന്റെ സ്മാരകവസ്തുക്കളുടെ തത്സമയ ലേലം നടക്കും. 'ബ്ലാക്ക്‌വുഡ് ഹോൾ' എന്ന് സാൻഡേഴ്സ് പേരിട്ടിരുന്ന 5,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള അദ്ദേഹത്തിന്റെ പഴയ വീടും റെസ്റ്റോറന്റും സ്വന്തമാക്കാനുള്ള സീൽവെച്ച ടെൻഡർ അപേക്ഷകൾ വെള്ളിയാഴ്ച വരെ സ്വീകരിക്കും.

സാൻഡേഴ്സിന്റെ വ്യക്തിഗത വാച്ചുകൾ, ആദ്യകാല ക്യാഷ് രജിസ്റ്റർ, കട്ട്ലറി സെറ്റ്, മകൾ നിർമ്മിച്ച അദ്ദേഹത്തിന്റെ പ്രതിമ, പഴയ വസതിയിലെ കമേഴ്സ്യൽ ഗ്യാസ് റേഞ്ച് തുടങ്ങി ഒട്ടേറെ ചരിത്രപ്രധാനമായ വസ്തുക്കളാണ് ലേലത്തിലുള്ളത്.

1964ൽ സാൻഡേഴ്സ് കെ.എഫ്.സി ഒരു നിക്ഷേപക സംഘത്തിന് വിറ്റെങ്കിലും, തുടർവർഷങ്ങളിലും കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി അദ്ദേഹം തുടർന്നു. കേണൽ എന്ന കഥാപാത്രത്തെ രൂപീകരിച്ച സാൻഡേഴ്സ് ഒരു മാർക്കറ്റിംഗ് ജീനിയസാണെന്നും മെനിഷ് വിശേഷിപ്പിച്ചു. കെ.എഫ്.സി കെട്ടിപ്പടുക്കുന്നതിന് മുൻപ് അദ്ദേഹം ഇതുപോലെയായിരുന്നില്ല വസ്ത്രം ധരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേണലിന്റെ വേഷവിധാനങ്ങൾ, ബോ ടൈ, കണ്ണട, താടി എന്നിവയെല്ലാം അദ്ദേഹം പിന്നീട് ബോധപൂർവ്വം സ്വീകരിച്ച സ്റ്റൈലാണെന്നും മെനിഷ് വ്യക്തമാക്കി.

കെ.എഫ്.സിയുടെ 11 ഔഷധക്കൂട്ടുകളുടെ രഹസ്യക്കൂട്ടുമായി സാമ്യമുള്ള കൈയെഴുത്തുപ്രതിയും ലേലത്തിലുണ്ട്. എന്നാൽ ഇത് കെ.എഫ്.സിയുടെ രഹസ്യക്കൂട്ടല്ലെന്നും ഒരു സ്റ്റഫിംഗ് റെസിപ്പി മാത്രമാണെന്നും പിന്നീട് കമ്പനി വ്യക്തമാക്കിയിരുന്നു. സാൻഡേഴ്സിന്റെ പ്രശസ്തമായ കറുത്ത ബോ ടൈക്ക് തിങ്കളാഴ്ച വരെയുള്ള കണക്കുപ്രകാരം ഓൺലൈൻ ബിഡ് 2,000 യു.എസ്. ഡോളറിനു മുകളിലാണ്.

Show Full Article
TAGS:KFC colonel auction Foods 
News Summary - കെ.എഫ്.സി സ്ഥാപകൻ കേണൽ സാൻഡേഴ്സിന്റെ വീടും ചരിത്രപ്രസിദ്ധമായ റെസ്റ്റോറന്റും ലേലത്തിൽ
Next Story