Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാൾ മിന്നൽപ്രളയം:...

നേപ്പാൾ മിന്നൽപ്രളയം: ഉറ്റവർക്കായി കണ്ണുംനട്ട് 35 രാജ്യങ്ങൾ

text_fields
bookmark_border
നേപ്പാൾ മിന്നൽപ്രളയം: ഉറ്റവർക്കായി കണ്ണുംനട്ട് 35 രാജ്യങ്ങൾ
cancel

കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഉണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായവരിൽ 35 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ. ഇതുവരെ 469 പേർ മരിച്ചതായാണ് നേപ്പാൾ അറിയിച്ച ഔദ്യോഗിക കണക്ക്. 1,500-ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഈ കണക്കുകളിൽ എല്ലാം മാറ്റം വന്നേക്കാമെന്നും നേപ്പാൾ അധികൃതർ അറിയിച്ചു.

1,468 പേരെ കാണാതായതായാണ് ഇതുവരെ വിവരം ലഭിച്ചത്. നേപ്പാളിലെ ദുരന്തനിവാരണ ഏജൻസി വ്യാഴാഴ്ച അറിയിച്ചതനുസരിച്ച് കുറഞ്ഞത് 517 വിദേശികൾ ഇതിൽ ഉൾപ്പെടും. 910 ആളുകളെക്കുറിച്ച് വിവരമില്ല. വിദേശികളുടെ പൗരത്വം സംബന്ധിച്ച വിശദാംശങ്ങൾ ഏജൻസി നൽകിയിട്ടില്ല.

ടിബറ്റുമായി അതിർത്തി പങ്കിടുന്ന മറുവശത്ത് 260 വിദേശികൾ ഉൾപ്പെടെ 558 പേരെ കാണാതായതായി ചൈന അറിയിച്ചു.

വ്യാഴാഴ്ച നേപ്പാൾ ടൂറിസം ബോർഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾ ഉൾപ്പെടെ കാണാതായ യാത്രക്കാരുടെ ആകെ എണ്ണം 667 ആണ്. കാണാതായവരുടെ ഇതുവരെ ലഭ്യമായ കണക്ക്.

നേപ്പാൾ

വ്യാഴാഴ്ച പുറത്തുവിട്ട നേപ്പാൾ ടൂറിസം ബോർഡിന്റെ പുതിയ കണക്കുകൾ പ്രകാരം കാണാതായ 667 പേരിൽ 127 നേപ്പാളി സന്ദർശകരും ഉൾപ്പെടും. പ്രാദേശികവാസികളായ എത്ര നേപ്പാളികളെ കാണാതായിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.

ചൈന

നൂറോളം ചൈനീസ് പൗരന്മാരെ കാണാതായെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എന്നാൽ 24 ചൈനക്കാരെ കാണാതായെന്നാണ് നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്ക്. ടിബറ്റിൽ ചൈനീസ് ഭാഗത്ത് 260 വിദേശികൾ ഉൾപ്പെടെ കാണാതായ 558 പേർക്ക് പുറമേയാണിത്.

ഇന്ത്യ

വ്യാഴാഴ്ചത്തെ നേപ്പാൾ ടൂറിസം ബോർഡിന്റെ പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള 178 പേരെ കാണാതായിട്ടുണ്ട്. 87 പേരെ രക്ഷപ്പെടുത്തി.

യു.എസ്

90 യു.എസ് പൗരന്മാരെ കാണാതായതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. യു.എസ് പൗരന്മാരാരും മരിച്ചതായി വിവരമില്ല. അതേസമയം വ്യാഴാഴ്ച രാവിലെ നേപ്പാൾ ടൂറിസം ബോർഡ് കാണാതായ അമേരിക്കക്കാരുടെ എണ്ണം 65 ആയാണ് രേഖപ്പെടുത്തിയത്.

ഉക്രെയ്ൻ

മിന്നൽപ്രളയത്തിന് ശേഷം 56 പൗരന്മാരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് ഉക്രെയ്ൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മലേഷ്യ

50-ലധികം മലേഷ്യക്കാരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു. നേപ്പാൾ ടൂറിസം ബോർഡ് ഈ എണ്ണം 51 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലിയ

39 ഓസ്ട്രേലിയൻ പൗരന്മാരെ കാണാതായതായി വിദേശകാര്യ മന്ത്രി പെന്നി വോങ് അറിയിച്ചു.

ബ്രിട്ടൺ

ബ്രിട്ടണിൽ നിന്നുള്ള 33 പേരെ കാണാതായെന്നാണ് നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്ക്.

കാനഡ

കാണാതായവരിൽ 25 കനേഡിയൻ പൗരന്മാരുണ്ടെന്നാണ് ടൂറിസം ബോർഡ് വ്യാഴാഴ്ച അറിയിച്ചത്.

ദക്ഷിണ കൊറിയ

രസുവ ജില്ലയിൽ ഒമ്പത് ജലവൈദ്യുത പദ്ധതി തൊഴിലാളികളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. നാല് ദക്ഷിണ കൊറിയക്കാരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ ടൂറിസം ബോർഡ് വ്യാഴാഴ്ച വ്യക്തമാക്കി.

സിംഗപ്പൂർ

സിംഗപ്പൂരിൽ നിന്നുള്ള ഒമ്പത് പേരെ കാണാതായി.

ജർമ്മനി

നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കനുസരിച്ച് എട്ട് ജർമ്മൻ പൗരന്മാരെ കാണാതായിട്ടുണ്ട്.

റഷ്യ

എട്ട് റഷ്യക്കാരെ കാണാതായിട്ടുണ്ടെന്നും രണ്ട് പേരെ രക്ഷപ്പെടുത്തിയെന്നും നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു.

മറ്റ് രാജ്യക്കാർ

ദക്ഷിണാഫ്രിക്ക - 6, ലാത്വിയ - 6, ജപ്പാൻ - 5, ന്യൂസിലാൻഡ് - 5, ഫ്രാൻസ് - 4, സ്പെയിൻ - 4, ബെൽജിയം - 3, ഹംഗറി - 3, പോർച്ചുഗൽ - 3, നെതർലാൻഡ്‌സ് - 2, ഇറ്റലി - 3, അയർലൻഡ് - 2, ഖസാക്കിസ്ഥാൻ - 2, ബലാറസ് - 1, ഫിൻലാൻഡ് - 1, ഇസ്രായേൽ - 1, ലിത്വാനിയ - 1, ഫിലിപ്പീൻസ് - 1, സെർബിയ - 1, സ്വീഡൻ - 1.

അതിർത്തിയുടെ ചൈനീസ് ഭാഗത്തുനിന്ന് വ്യാഴാഴ്ച ചൈന പുറത്തുവിട്ട കാണാതായവരുടെ കണക്കിൽ 260 വിദേശികൾ ഉൾപ്പെടുന്നുണ്ടെങ്കിലും ഇവരുടെ ദേശീയത സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിട്ടില്ല. ദേശീയത സ്ഥിരീകരിക്കാത്ത എട്ട് പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ ടൂറിസം ബോർഡ് വ്യാഴാഴ്ച അറിയിച്ചു

Show Full Article
TAGS:nepal landslides Tibet tourists flash flood 
News Summary - List Of 35 Countries Whose Citizens Are Missing After Nepal Floods
Next Story