ബംഗ്ലാദേശ് ‘ജെൻസീ’ നേതാവിന് നേരെ ലണ്ടനിൽ ആക്രമണം; അവാമി ലീഗിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് എൻസിപി
text_fieldsനാഹിദ് ഇസ്‌ലാം
ലണ്ടൻ : ബംഗ്ലാദേശിലെ മുൻ ഭരണകക്ഷിയായ അവാമി ലീഗിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷനൽ സിറ്റിസൺ പാർട്ടി (എൻസിപി). പാർട്ടി കൺവീനറും പ്രതിപക്ഷ ചീഫ് വിപ്പുമായ നാഹിദ് ഇസ്‌ലാമിന് നേരെ ലണ്ടനിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് എൻസിപി ഈ ആവശ്യം ഉന്നയിച്ചത്. ബംഗ്ലാദേശ് ‘ജെൻസീ’ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് നാഹിദ്.
നവംബർ 16ന് കിഴക്കൻ ലണ്ടനിലെ റോംഫോർഡിൽ നാഹിദ് ഇസ്‌ലാമിന് നൽകിയ സ്വീകരണ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. പരിപാടിക്കെതിരെ പ്രതിഷേധിച്ചെത്തിയവർ പങ്കെടുത്തവരെ ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ അവാമി ലീഗിന്റെയും അതിന്റെ അനുബന്ധ സംഘടനയായ ജൂബോ ലീഗിന്റെയും പ്രവർത്തകരാണെന്നാണ് എൻസിപിയുടെ ആരോപണം. സംഭവത്തിൽ ബ്രിട്ടീഷ് അധികൃതർ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് നാഹിദ് ഇസ്‌ലാം ആവശ്യപ്പെട്ടു. സംഭവത്തിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയവും പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് അധികൃതരോട് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
ബംഗ്ലാദേശിൽ നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്ന അവാമി ലീഗിനെതിരെ കൂടുതൽ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് ഇപ്പോൾ എൻസിപി. ലണ്ടനിലെ ആക്രമണം ഈ ആവശ്യം വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.



